അലി അഹ്‌സാന്റെ വധശിക്ഷ ബംഗ്ലാദേശ് സുപ്രീം കോടതി ശരിവെച്ചു

Posted on: June 17, 2015 6:00 am | Last updated: June 16, 2015 at 11:42 pm

pic1216 (1)ധാക്ക: യുദ്ധക്കുറ്റങ്ങളുടെ പേരിലുള്ള ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ വധശിക്ഷ ബംഗ്ലാദേശ് സുപ്രീം കോടതി ശരിവെച്ചു. ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറിയും അല്‍ബദ്ര്‍ തീവ്രവാദി സംഘടനയുടെ മുന്‍ കമാന്‍ഡറുമായിരുന്ന 67കാരനായ അലി അഹ്‌സാന്‍ മുഹമ്മദ് മുജാഹിദിന്റെ വധശിക്ഷയാണ് ചീഫ് ജസ്റ്റീസ് സുരേന്ദ്ര കുമാര്‍ സിന്‍ഹ ഉള്‍പ്പെടുന്ന നാലംഗ സുപ്രീം കോടതി ബഞ്ച് ശരിവെച്ചത്. ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണലാണ് ഇദ്ദേഹത്തിന് നേരത്തെ വധശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതിഭാഗം കോടതിയെ സമീപിച്ചെങ്കിലും തള്ളിക്കളയുകയായിരുന്നു. കോടതി വിധിയില്‍ പ്രകോപിതരായി, ജമാഅത്തെ ഇസ്‌ലാമി ഇന്ന് രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ നാളെ രാവിലെ വരെ ബന്ദിനാഹ്വാനം ചെയ്തതായി ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ പ്രതികരിച്ചു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യപ്പോരാട്ട കാലത്താണ് നിരവധി യുദ്ധക്കുറ്റങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ പങ്കാളികളായിരുന്നത്. ബംഗ്ലാദേശിലെ മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, അക്കാദമിക് രംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസുകളില്‍ മുജാഹിദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2013 ജൂലൈ 17നാണ് അന്താരാഷ്ട്ര കോടതി ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 11ന് ഇദ്ദേഹം ഹരജി നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. കൂട്ടക്കൊലപാതകം നടത്തുന്നതില്‍ അല്‍ബദ്ര്‍ തീവ്രവാദികള്‍ക്ക് പ്രചോദനം നല്‍കാന്‍ ജമാഅത്തെ ഇസ്‌ലാമി നേതാവ് മുജാഹിദ് രംഗത്തുണ്ടായിരുന്നുതായി കോടതി പറഞ്ഞു. ഇനി കോടതി വിധിക്കെതിരെ 15 ദിവസത്തിനുള്ളില്‍ ഇദ്ദേഹത്തിന് അപ്പീല്‍ നല്‍കാം. ഹരജി നല്‍കാന്‍ തീരുമാനിച്ചതായി ഇദ്ദേഹത്തിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.