ഉമര്‍ അല്‍ബശീര്‍ സുഡാനില്‍ തിരിച്ചെത്തി

Posted on: June 17, 2015 5:40 am | Last updated: June 16, 2015 at 11:40 pm

ഖാര്‍തൂം: സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ബശീര്‍ രാജ്യത്ത് തിരിച്ചെത്തി. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തില്‍ ബശീറിന്റെ യാത്ര തടയാന്‍ ദക്ഷിണാഫ്രിക്കന്‍ ജഡ്ജി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെ മറികടന്നാണ് ഉമര്‍ അല്‍ബശീര്‍ സുഡാനിലേക്ക് മടങ്ങിയത്. ബശീറിനെ വരവേല്‍ക്കാന്‍ വന്‍ജനാവലിയാണ് സുഡാനിലെ ഖാര്‍ത്തൂം വിമാനത്താവളത്തില്‍ ഒരുമിച്ച് കൂടിയിരുന്നത്. അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ വന്‍ റാലിയോടെ തുറന്ന കാറില്‍ അദ്ദേഹത്തെ ആനയിച്ചു.
പ്രസിഡന്റിനെ ജോഹന്നസ് ബര്‍ഗിലെ ആഫ്രിക്കന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് തടയാനുള്ള ഈ നാടകം നിര്‍മിച്ചത് സുഡാനിന്റെ ശത്രുക്കളാണെന്നത് തങ്ങള്‍ക്കറിയാമെന്നും ഇതില്‍ കാര്യമായൊന്നുമില്ലെന്നും വെറും മാധ്യമ സൃഷ്ടി മാത്രമാണെന്നും സുഡാന്‍ വിദേശ കാര്യ മന്ത്രി ഇബ്‌റാഹീം ഗാന്ധൂര്‍ ഖാര്‍ത്തൂമില്‍ പ്രസംഗിക്കുന്നതിനിടെ പറഞ്ഞു. തങ്ങള്‍ ഒരു പരമാധികാര രാഷ്ട്രമാണെന്നും പ്രസിഡന്റിനെ തിരഞ്ഞെടുത്തത് സുഡാനിലെ ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ സി സിയുടെ അറസ്റ്റ് വാറന്റിനെ അര്‍ത്ഥരഹിതമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഉമര്‍ അല്‍ബശീര്‍ പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തെ ഐ സി സിയിലേക്ക് അയക്കാമെന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതി കണക്കുകൂട്ടിയിരുന്നത്.