അല്ലാഹു മാപ്പ് ചെയ്യണമെങ്കില്‍…

  Posted on: June 17, 2015 7:24 pm | Last updated: June 18, 2015 at 4:33 pm

  ramadan prayerഒരിക്കല്‍ നബി (സ) തങ്ങള്‍ മകള്‍ ഫാത്വിമ ബീവി(റ)യുടെ വീട്ടില്‍ പോയപ്പോള്‍ രണ്ട് പേരമക്കളും കരയുന്നു. മകളോട് കാരണമന്വേഷിച്ചു. മടിച്ചു കൊണ്ടാെണങ്കിലും മകള്‍ പ്രതിവചിച്ചു : ‘വിശന്നിട്ടാണ്’. കേള്‍ക്കേണ്ട താമസം അന്ത്യപ്രവാചകന്‍ ഇറങ്ങി നടന്നു. ഒരു കാരക്ക തോട്ടത്തിന് സമീപമെത്തി. അവിടെ ഗ്രമീണനായ ഒരു അറബിയെ കണ്ടു. അവിടുന്ന് ചോദിച്ചു: ‘എനിക്കിവിടെ അല്‍പ്പം ജോലി തരാമോ.’ ‘ഇതിന്റെ ഉടമസ്ഥന്‍ ഞാനല്ല; മറ്റൊരാളാണ്. നിര്‍ബന്ധമെങ്കില്‍ ജോലി ചെയ്യാം.’ ഒരു ഈന്തപ്പനക്ക് വെള്ളമൊഴിച്ചു കൊടുത്താല്‍ രണ്ട് ചുള ഈത്തപ്പഴം തരാം. നബി(സ) തങ്ങള്‍ അതിന് തയ്യാറായി. തൊട്ടടുത്ത കിണറില്‍ നിന്ന് വെള്ളം കോരിക്കൊണ്ടു വന്ന് ഓരോ മരത്തിനും വെള്ളമൊഴിച്ചു. അഞ്ചാമത്തെ തവണ വെള്ളം കോരാനൊരുങ്ങിയപ്പോള്‍ കയറും പാത്രവും കിണറ്റില്‍ വീണ് പോയി. ഒരു രക്ഷയുമില്ല. ദൂരെ നിന്ന് ആ അഅ്‌റാബി ചോദിച്ചു.
  ‘എന്ത് പറ്റി?’
  പാത്രം കിണറ്റില്‍ വീണ് പോയി. അയാള്‍ ഓടിവന്നു. ശകാരിച്ചു കൊണ്ട് തിരുനബി (സ)യുടെ മുഖത്തേക്ക് ആഞ്ഞുവലിച്ച് ഒരൊറ്റ അടി. വേദനയും സങ്കടവുമെല്ലാം മനസ്സിലൊതുക്കിയ പ്രവാചകര്‍ (സ), പക്ഷേ ഒന്നും പ്രതികരിച്ചില്ല. പ്രതിഫലമായി കിട്ടിയ ഏതാനും ഈത്തപ്പഴങ്ങളുമായി ഫാത്വിമ ബീവിയുടെ വീട്ടില്‍ ചെന്നു. മകള്‍ക്ക് കൊടുത്തു.
  ‘തഖല്ലഖൂ ബി അഖ്‌ലാക്കില്ലാഹ്’ നിങ്ങള്‍ അല്ലാഹുവിന്റെ സ്വഭാവം ഉള്ളവരാകൂ എന്ന് പറയുക മാത്രമല്ല പെരുമാറ്റത്തിലൂടെ ലോകത്തിന് പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍(സ).
  അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് ചെയ്യണമെന്ന് നിങ്ങള്‍ കൊതിക്കുന്നവോ, എങ്കില്‍ മറ്റുള്ളവര്‍ക്ക് മാപ്പ് ചെയ്യൂ. (ഖുര്‍ആന്‍) വിശുദ്ധ റമസാനിലെ മഗ്ഫിറത്തിന്റെ, പാപമോചനത്തിന്റെ രാപകലുകളിലായിരുന്നു കഴിഞ്ഞ ദിവസം വരെ വിശ്വാസികള്‍. 240 മണിക്കൂര്‍ ഈ പ്രത്യേക ആനുകൂല്യം നീണ്ടു നിന്നു. കാലങ്ങളോളമായി നാം ചെയ്ത് കൂട്ടിവെച്ച ചെറുതും വലുതുമായ തെറ്റുകുറ്റങ്ങള്‍ പൊറുപ്പിക്കാനുള്ള സുവര്‍ണാവസരമായി ലോക രക്ഷിതാവ് കനിഞ്ഞേകിയ പ്രത്യേക ദിനരാത്രങ്ങളിയിരുന്നു അവ.
  ഇനിയുള്ളത് നരകമോചനത്തിന്റെ ദിനങ്ങള്‍. മനസ്സുരുകി പ്രാര്‍ഥിക്കുക നാം. നരക മോചനത്തിന് വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെ തൊട്ട് നിരാശരാകരുത്. (ഖുര്‍ആന്‍ 39: 53) എത്ര കുറ്റങ്ങള്‍ ചെയ്തവര്‍ക്കും റബ്ബിന്റെ മാപ്പ് ലഭിച്ചതിന് ചരിത്രവും പ്രമാണങ്ങളും സാക്ഷിയാണ്. തെറ്റുകള്‍ ചെയ്ത ശേഷം മനഃപരിവര്‍ത്തനം വരികയും അല്ലാഹുവിനോട് മാപ്പ് ചോദിക്കുകയും പ്രവാചകര്‍ (സ) അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് പൊറുക്കാന്‍ ശിപാര്‍ശ ചെയ്യുകയും ചെയ്താല്‍ എല്ലാം പൊറുക്കപ്പെടും എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. (നിസാഅ് 64) ഖേദപൂര്‍വം തെറ്റുകളില്‍ നിന്ന് പിന്‍മാറി പൂര്‍ണ കുറ്റബോധത്തോടെ ഇനി ഒരിക്കലും തെറ്റിലേക്ക് മടങ്ങില്ല എന്ന ദൃഢപ്രതിജഞയോടെയായിരിക്കണം നാം പാപമോചനത്തിനായി, നരകമോചനത്തിനായി പ്രാര്‍ഥിക്കേണ്ടത്. അതോടൊപ്പം സൃഷ്ടികളോട് പൊറുക്കാനും പൊറുപ്പിക്കാനുമുള്ള സന്‍മനസ്സ് കൂടി വേണം. എങ്കിലേ പശ്ചാത്താപ പ്രാര്‍ഥനയുടെ നിബന്ധനകള്‍ പൂര്‍ണമാകൂ.
  പാപമോചനത്തിനായുള്ള പ്രാര്‍ഥന (തൗബ) പതിവാക്കുന്നവര്‍ക്ക് പരലോകത്ത് മാത്രമല്ല ഐഹിക ലോകത്തും നിരവധി നേട്ടങ്ങളുണ്ടെന്ന് പരിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും നമ്മെ ഉണര്‍ത്തുന്നുണ്ട്. റബ്ബിന്റെ കാരുണ്യം നമുക്ക് ലഭ്യമാകണമെങ്കില്‍ നാം മറ്റുള്ളവരോടും കരുണ കാണിക്കുക, വിട്ടുവീഴ്ച ചെയ്യുക. നബി(സ) പറഞ്ഞു നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ; എങ്കില്‍ ആകാശത്തിന്റെ അധിപനായ അല്ലാഹു നിങ്ങള്‍ക്കും കരുണ ചെയ്യും (ഹദീസ്) വിശുദ്ധ റമസാന്‍ കഴിയുമ്പോള്‍, പൂര്‍ണ മുക്തരാകാന്‍ നമുക്ക് കഴിയണം- കലുഷിതമായ പ്രശ്‌നങ്ങള്‍ പരിഹൃതമാകണം. അതില്‍ റബ്ബിന്റെ കാരുണ്യം നമ്മിലേക്ക് ഒഴുകിയെത്തണം. ഇലാഹീ ചിന്തയും കരുണയും ദയാവാത്സല്യങ്ങളും സ്‌നേഹാദരങ്ങളും ഉള്ള ഒരു സൃഷ്ടിക്കായി നാം യത്‌നിക്കുക- പ്രാര്‍ഥിക്കുക. പ്രവാചകരുടെ പ്രാര്‍ഥനകളില്‍ കാണാം. അല്ലാഹുവേ എനിക്ക് തഖ്‌വ നല്‍കണേ. എന്റെ ഹൃദയത്തെ സംസ്‌കരിക്കണേ. നീയാണല്ലോ ഏറ്റവും നന്നായി സംസ്‌കരിക്കാന്‍ കഴിയുന്നവന്‍, നീയാണല്ലൊ ഹൃദയത്തിന്റെ ഉടമസ്ഥനും സഹായിയും. (ഹദീസ്) നോമ്പ് നിര്‍ബന്ധമാക്കിയതിന്റെ പരമോന്നത ലക്ഷ്യം ഈ ആത്മ സംസ്‌കരണമാണെന്ന് ഖുര്‍ആന്‍ (അല്‍ബഖറ: 183ല്‍) വ്യക്തമാക്കുന്നുണ്ട്.