റമസാനെ വരവേല്‍ക്കാന്‍ കാര്‍ട്ടൂണ്‍ സ്റ്റിക്കറുമായി ഫെയ്‌സ്ബുക്ക്

Posted on: June 16, 2015 7:32 pm | Last updated: June 16, 2015 at 7:32 pm
SHARE

cartoonഅബുദാബി: നാടെങ്ങും വിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ കാര്‍ട്ടൂണ്‍ സ്റ്റിക്കറുകളുമായി ഫെയ്‌സ്ബുക്കും രംഗത്ത്. സ്വദേശി അനിമേറ്റഡ് ടെലിവിഷന്‍ പരമ്പരയായ ഫ്രീജിലെ കഥാപാത്രങ്ങളെ ഉള്‍കൊള്ളിച്ചാണ് ഫെയ്‌സ്ബുക്ക് സ്റ്റിക്കറുകള്‍ക്ക് രൂപംനല്‍കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ ആപ്പില്‍ നിന്നു ഈ കാര്‍ട്ടൂണ്‍ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഫെയ്‌സ്ബുക്ക് അധികൃതര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. യു എ ഇയിലാണ് ഇത്തരം ഒന്നിന് ഫെയ്‌സ്ബുക്ക് രൂപംനല്‍കിയിരിക്കുന്നത്. ഫെയ്‌സബുക്ക് മെസെഞ്ചര്‍ ഉപഭോക്താക്കള്‍ക്ക് ഇവ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക ആന്‍ഡ് പാക്കിസ്ഥാനിനായുള്ള ഫെയ്‌സ്ബുക്ക് തലവന്‍ ജൊനാഥന്‍ ലബിന്‍ വ്യക്തമാക്കി.
റമസാനില്‍ ഇത്തരം ഒരു കാര്‍ട്ടൂണ്‍ സ്റ്റിക്കറിന് രൂപംനല്‍കാന്‍ സാധിച്ചത് കൂടുതല്‍ ആളുകള്‍ ഇവ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രീജുമായി സഹകരിച്ചാണ് ഫെയസ്ബുക്ക് ഇത്തരം ഒരു ഉദ്യമത്തിന് ശ്രമിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗം കൂടിയാണ് കാര്‍ട്ടൂണ്‍ സ്റ്റിക്കറിന്റെ രൂപകല്‍പന. റമസാന്‍ കാലത്ത് ആളുകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നതും പരിഗണിച്ചാണിത്. ദുബൈയില്‍ ജീവിക്കുന്ന പ്രായമുള്ള നാല് സ്ത്രീകളാണ് ഫ്രീജ് എന്ന 3 ഡി കാര്‍ട്ടൂണ്‍ പരമ്പരയിലെ താരങ്ങള്‍. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള ടി വി പരമ്പരകളില്‍ ഒന്നുകൂടിയാണിത്. ഫെയ്‌സ്ബുക്കിന്റെ നീക്കം ഫ്രീജിലെ കഥാപാത്രങ്ങള്‍് കൂടുതല്‍ ജനങ്ങളിലേക്ക് എത്താന്‍ ഇടയാക്കുമെന്ന് ശില്‍പിയും നിര്‍മാതാവുമായ മുഹമ്മദ് സഈദ് ഹാരിബ് പ്രതീക്ഷ പ്രകടിപ്പിച്ചു.