മാഗി ലോകത്ത് എല്ലായിടത്തും സുരക്ഷിതമെന്ന് നെസ്‌ലെ

Posted on: June 16, 2015 6:45 pm | Last updated: June 16, 2015 at 6:45 pm

MAAGGYദുബൈ: മാഗി നൂഡില്‍സ് ലോകത്ത് എല്ലായിടത്തും സുരക്ഷിതമാണെന്ന് നെസ്‌ലെ മധ്യപൗരസ്ത്യദേശ ചെയര്‍മാന്‍ വൈവ്‌സ് മംഗാര്‍ട്ട് പറഞ്ഞു. നെസ്‌ലെയുടെ സാമൂഹിക പ്രതിബദ്ധത പരിപാടിയെക്കുറിച്ച് വാര്‍ത്താലേഖകരോട് വിശദീകരിക്കുന്നതിനിടയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മാഗി നൂഡില്‍സ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് ജനങ്ങള്‍ക്കിടയിലെ ആശയക്കുഴപ്പം ഒഴിവാക്കാനും ഭരണകൂടത്തിന്റെ മാര്‍ഗ നിര്‍ദേശം പാലിക്കാനുമാണ്. മാഗി നൂഡില്‍സ് ഇന്ത്യയിലും ഗുണമേന്മയുള്ളതാണ്. അവിടെ നിരോധം പിന്‍വലിക്കാന്‍ ശ്രമം നടത്തിവരുന്നു. അതേസമയം മാഗി എത്തുന്നത് മലേഷ്യയില്‍ നിന്നാണ്. ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ പ്രത്യേക ഫാക്ടറി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു. യു എ ഇയില്‍ ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജബല്‍ അലി ഫാക്ടറിയിലേക്ക് യൂറോപ്പില്‍ നിന്നാണ് അസംസ്‌കൃത വസ്തുക്കള്‍ എത്തുന്നത്. നെസ്‌ലെയുടെ ഉത്പന്നങ്ങളില്‍ 2017 ഓടെ പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് 10 ശതമാനം കുറക്കും. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പോഷകാഹാരങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും. മധ്യപൗരസ്ത്യ മേഖലയില്‍ 20 ഓളം സാമൂഹിക പ്രതിബദ്ധതാ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
2009 മുതല്‍ 2014 വരെ നെസ്‌ലെയുടെ ഉത്പാദനം 62 ശതമാനം വര്‍ധിച്ചു. എന്നാല്‍ മാലിന്യ നിര്‍മാര്‍ജനം 71 ശതമാനം കുറക്കാന്‍ കഴിഞ്ഞു. കുട്ടികളില്‍ പോഷകാഹാരക്കുറവിന്റെ പ്രശ്‌നം പരിഹരിക്കാന്‍ മേഖലയില്‍ 16,000ത്തോളം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി മാത്രമായി 2015 അവസാനത്തോടെ പ്രത്യേകമായ ഉല്‍പന്നങ്ങള്‍ ഇറക്കും, അദ്ദേഹം പറഞ്ഞു.