വിമാനത്താവളങ്ങളില്‍ പോലീസിനെ നിയോഗിക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌

Posted on: June 16, 2015 5:14 am | Last updated: June 16, 2015 at 12:15 am

മലപ്പുറം: വിമാനത്താവളങ്ങളില്‍ സുരക്ഷക്കായി പോലീസിനെ നിയോഗിക്കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പിന്റെ പശ്ചാതലത്തിലാണിത്. കരിപ്പൂര്‍ വിമാനത്താവള ഡയറക്ടറും പോലീസിനെ വിമാനത്താവള സുരക്ഷക്ക് തുടര്‍ന്നും നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പോലീസ് ഉണ്ടായിരുന്നെങ്കില്‍ കരിപ്പൂരില്‍ വിമാനത്താവള ജീവനക്കാരും സി ഐ എസ് എഫ് ജവാന്മാരും തമ്മിലുണ്ടായ തര്‍ക്കത്തിലെ നാശനഷ്ടങ്ങള്‍ കുറയുമായിരുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും. ഇതിനായി ഡി ജി പി. ടി പി സെന്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
വിമാനത്താവളങ്ങളുടെ സുരക്ഷ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കേരളപോലീസ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് ജീവനക്കാരും സി ഐ എസ് എഫ് ജവാന്മാരും തമ്മിലുള്ള ശീതസമരം ഇതുകൊണ്ട് അവസാനിക്കില്ലെന്ന മുന്നറിയിപ്പും ഇന്റലിജന്‍സ് നല്‍കുന്നു.
സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കേന്ദ്രം ഗൗരവമായി കാണുന്നതായി എ ഡി ജി പി അറിയിച്ചു. എന്നാല്‍ സേനാമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ഇനിയും വൈകും. കരിപ്പൂരിലെ ആക്രമത്തെയും ജവാന്റെ മരണത്തെയും തുടര്‍ന്ന് സംസ്ഥാന പോലീസാണ് സുരക്ഷാ മേല്‍നോട്ടം വഹിക്കുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നിലവിലുണ്ടായിരുന്ന ക്യാമറകളില്‍ പലതും വ്യക്തമായി പ്രവര്‍ത്തിച്ചിരുന്നില്ല. പലതിന്റെയും ഓഡിയോ സംവിധാനം തകരാറിലായിരുന്നു. ഇതും സുരക്ഷാ വീഴ്ചയായി കണക്കാക്കുന്നു.