എ ടി എം കാര്‍ഡ് തട്ടിപ്പ്: അന്തര്‍ദേശീയ സംഘത്തിലെ കണ്ണി പിടിയില്‍

Posted on: June 16, 2015 5:50 am | Last updated: June 15, 2015 at 11:50 pm
SHARE

ആലപ്പുഴ: എ ടി എം കാര്‍ഡിലെ രഹസ്യകോഡ് ചോര്‍ത്തിയ ശേഷം വ്യാജ കാര്‍ഡ് നിര്‍മിച്ച് പണം അപഹരിക്കുന്ന അന്തര്‍ദേശീയ സംഘത്തിലെ കണ്ണി ആലപ്പുഴയില്‍ പിടിയിലായി. ചാലക്കുടി വാലകുളം കരിപ്പായി വീട്ടില്‍ ജിന്റോ ജോയ് (30) ആണ് പോലീസിന്റെ പിടിയിലായത്. പുന്നമടയിലെ സ്വകാര്യ റിസോര്‍ട്ടില്‍ 15 ദിവസം മുമ്പ് ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഫ്രണ്ട് ഓഫീസറുമായി ജോലിക്കെത്തിയ ജിന്റോ ദുബൈയിലുള്ള സുഹൃത്ത് കാഞ്ഞങ്ങാട് സ്വദേശി ഫഹദ് നല്‍കിയ ഉപകരണം ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടത്തിയത്. കഴിഞ്ഞ ദിവസം റിസോര്‍ട്ടില്‍ താമസിക്കാനെത്തിയ ഹൈദരാബാദ് ശഹരാബാദ് സ്വദേശി രഘുകുമാറിന്റെ പണം പിന്‍വലിക്കപ്പെട്ടതായി കണ്ടതിനെ തുടര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജിന്റോ കുടുങ്ങിയത്. ഡി വൈ എസ് പി കെ ലാല്‍ജിയുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് ജിന്റോയെ പിടികൂടിയത്. രഘുകുമാറിന്റെ എ ടി എം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നിര്‍മിച്ച് ഇയാള്‍ ഒരു ലക്ഷം രൂപയാണ് അപഹരിച്ചത്. അതിഥികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം റിസോര്‍ട്ടിലെ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്ന യുവാവ് അതിഥികള്‍ പണമിടപാട് നടത്താനായി നല്‍കുന്ന കാര്‍ഡിലെ വിവരങ്ങള്‍ പ്രത്യേക ഉപകരണത്തിലൂടെ ചോര്‍ത്തിയെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. ബില്‍ തുക അടക്കുന്നതിനായി എ ടി എം കാര്‍ഡ് റിസോര്‍ട്ടിലെ മെഷീനില്‍ ഉരസുന്നതിനൊപ്പം ഇയാളുടെ കൈവശമുള്ള വിദേശ നിര്‍മിത മെഷീനിലും കാര്‍ഡ് ഉരസിയാണ് വിവരശേഖരണം നടത്തിയിരുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ദുബൈയിലെ സുഹൃത്തിന് കൈമാറി അവിടെ നിന്ന് സുഹൃത്ത് കൊറിയറില്‍ അയച്ചു കൊടുക്കുന്ന ഡ്യപ്ലിക്കറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പണം പിന്‍വലിച്ചിരുന്നത്. ഒരു ലക്ഷം നേപ്പാളില്‍ പര്‍ച്ചേസിനും ഒരു ലക്ഷം പണമായിട്ടുമാണ് എടുത്തിട്ടുള്ളത്. ഇയാളില്‍നിന്നും 19 എ ടി എം കാര്‍ഡുകളും അഞ്ച് സിംകാര്‍ഡുകളും ഒരു മൊബൈല്‍ ഫോണും ഒരു ലാപ്പ് ടോപ്പും ഒരു കാര്‍ഡ് ഡിവൈസും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാഞ്ഞങ്ങാട് സ്വദേശി ഫഹദാണ് തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി. ഫഹദിനായി പോലീസ് വലവിരിച്ചു കഴിഞ്ഞു. ബേങ്കുകള്‍ എ ടി എം കാര്‍ഡിനൊപ്പം നല്‍കുന്ന പിന്‍നമ്പറുകള്‍ ഉപയോഗിക്കുന്നവരുടെ പണമാണ് എളുപ്പത്തില്‍ ഇത്തരത്തില്‍ അപഹരിക്കാന്‍ കഴിയുന്നത്. അതു ക്കൊണ്ടുതന്നെ ബേങ്ക് നല്‍കുന്ന ആദ്യ പിന്‍ നമ്പറുകള്‍ മാറ്റി ഉപഭോക്താക്കള്‍ പുതിയ പിന്‍നമ്പറുകള്‍ സ്വീകരിക്കണമെന്ന് പോലീസ് അറിയിച്ചു.