പരേതന്റെ തിരിച്ചുവരവുകള്‍

Posted on: June 16, 2015 6:01 am | Last updated: June 15, 2015 at 11:01 pm
idukki roopatha
ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍

പരേതന്റെ എത്രാമത്തെ തിരിച്ചുവരവാണിതെന്ന് തിട്ടമില്ല. പക്ഷേ, ഓരോ തിരിച്ചുവരവിലും വിദ്വേഷം വളര്‍ത്തുക എന്ന ദൗത്യം ആവര്‍ത്തിക്കുന്നുണ്ടെന്നതില്‍ തര്‍ക്കം വേണ്ട. സംഘ് പരിവാര സംഘടനകളാല്‍ കൂട്ടിയിണക്കപ്പെട്ട ‘ലൗ ജിഹാദ്’ എന്ന പ്രയോഗം ഇക്കുറി പുനരവതരിക്കുന്നത് ഇടുക്കി രൂപതാ ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നാവിലൂടെയാണ്. ക്രിസ്തു- ഹിന്ദു മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വശത്താക്കി, മതം മാറ്റുകയോ ദ്രോഹിച്ച് ഇല്ലാതാക്കുകയോ ചെയ്യുന്നതിന് മുസ്‌ലിംകള്‍ സംഘടിതമായ ശ്രമം തുടങ്ങിയിരിക്കുന്നുവെന്നും അതിന് ‘ലൗ ജിഹാദ്’ എന്നാണ് പേരെന്നും ആദ്യം ആരോപിച്ചത് ഹിന്ദു ജനജാഗ്രുതി സമിതിയാണ്. ‘ഡോക്ടര്‍ ജിഹാദ്’ പോലെ സമാനമായ കൂട്ടിയിണക്കലുകള്‍ക്ക് സമിതി പിന്നീടും ശ്രമിച്ചെങ്കിലും അത് ‘ലൗ’വിന്റെ കാര്യത്തിലെപ്പോലെ വിജയം കണ്ടില്ല.
‘ലൗ ജിഹാദെ’ന്ന കിംവദന്തിക്ക് കാറ്റുപിടിപ്പിച്ചത് കര്‍ണാടകത്തില്‍ നിന്നായിരുന്നു. കര്‍ണാടകത്തിന്റെ തീരമേഖലയില്‍ നിന്ന് കുറഞ്ഞ കാലത്തിനിടെ ആയിരക്കണക്കിന് ഹിന്ദു പെണ്‍കുട്ടികളെ കാണാതായെന്നും ഇവരൊക്കെ, ‘ലൗ ജിഹാദി’ന് ഇരകളായെന്നുമായിരുന്നു ആക്ഷേപം. ഇതങ്ങനെ വളര്‍ത്തിവലുതാക്കിക്കൊണ്ടുവരുന്നതിനിടെയാണ് കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയെ കോട്ടയം സ്വദേശിയായ ചെറുപ്പക്കാരന്‍ വിവാഹം കഴിച്ചുകൊണ്ടുവരുന്നത്. കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുവന്ന പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്കകം മതം മാറ്റിയെന്നും ഇത് ‘ലൗ ജിഹാദാ’ണെന്നും ആരോപണമായി. പെണ്‍കുട്ടിയും ചെറുപ്പക്കാരനും നേരില്‍ വന്ന് കാര്യങ്ങള്‍ വിശദീകരിച്ചതോടെ അവിടുത്തെ തര്‍ക്കം തീര്‍ന്നുവെങ്കിലും കേരളത്തില്‍ ‘ലൗ ജിഹാദ്’ വ്യാപകമായി നടക്കുന്നുവെന്ന ആക്ഷേപവുമായി സംഘ് പരിവാര്‍ രംഗത്തുവന്നു. ഇവര്‍ കൊടുത്ത വിവരങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങിയ ചില മാധ്യമങ്ങള്‍ ആക്ഷേപത്തിന് ആധികാരികത നല്‍കി. വാര്‍ത്തകള്‍ പ്രവഹിച്ചതോടെ ജില്ലാ പോലീസ് സൂപ്രണ്ടുമാരില്‍ നിന്നൊക്കെ വിവരം തേടി നീതിന്യായ പീഠവും രംഗത്തുവന്നു.
ആ കാലത്ത്, സംഘ് പരിവാരത്തിന്റെ ആക്ഷേപങ്ങള്‍ക്ക് ആധികാരികത നല്‍കാന്‍ കൈകോര്‍ത്തുനിന്നിരുന്നു കത്തോലിക്കാ സഭയും ശ്രീനാരായണ ധര്‍മപരിപാലന യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. സമ്പത്തും ആഢ്യത്വവുമുള്ള ഹൈന്ദവ കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് ‘ജിഹാദി’ന് ഇരകളാക്കുന്നത് എന്നാണ് അന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ‘ജിഹാദി’ന് ഇരകളാക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നതിന് കുലമഹിമയും സമ്പത്തും യോഗ്യതയായി വേണമായിരുന്നുവെന്നാണ് വെള്ളാപ്പള്ളിയുടെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാന്‍. കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ മുഖമാസിക പുറത്തിറങ്ങിയത് ‘ജിഹാദി’ന് ഇരയായവരുടെ കണക്കുമായാണ്. നാലായിരത്തില്‍പ്പരം പെണ്‍കുട്ടികളെ കേരളത്തില്‍ കാണാതായെന്നും ഇതൊക്കെ ‘ലൗ ജിഹാദാ’ണെന്നും മാസിക പറഞ്ഞു. ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ കണക്ക് ജില്ല തിരിച്ച് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. സമ്പത്തുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് ഇരകളാക്കിയതെന്ന് കെ സി ബി സിയുടെ മുഖമാസിക പ്രത്യേകം രേഖപ്പെടുത്തിയിരുന്നുവെന്നാണ് ഓര്‍മ. എന്തായാലും ‘ലൗ ജിഹാദ്’ എന്ന സംഘ് പരിവാര്‍ ആക്ഷേപത്തിന് സാധുത നല്‍കും വിധത്തിലാണ് രണ്ട് കൂട്ടരും സംസാരിച്ചത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് സൂപ്രണ്ടുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോപിക്കപ്പെടുന്നത് പോലൊരു സംഗതി കേരളത്തില്‍ നടക്കുന്നതായി അറിയില്ലെന്നും അതേക്കുറിച്ചുള്ള പരാതികള്‍ ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. പെണ്‍കുട്ടികളെ/സ്ത്രീകളെ കാണാതായതില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അതില്‍ സ്വീകരിച്ച നടപടികള്‍, കണ്ടെത്തുകയോ/തിരിച്ചെത്തുകയോ ചെയ്ത ആളുകളുടെ എണ്ണം തുടങ്ങിയ കണക്കുകളും പോലീസ് സമര്‍പ്പിച്ചു. ഇത് പരിശോധിച്ച കോടതി ‘ലൗ ജിഹാദെ’ന്ന ആക്ഷേപത്തെ തള്ളിക്കളഞ്ഞു. കര്‍ണാടകത്തിലും ഏതാണ്ട് സമാനമായ നടപടികള്‍ ഇക്കാലത്തുണ്ടായി. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലെത്തി ജീവിതം തുടങ്ങിയ യുവതിയും യുവാവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വടക്കേ ഇന്ത്യയില്‍, പ്രത്യേകിച്ച് ഉത്തര്‍ പ്രദേശില്‍, ഈ ആരോപണം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. ആരോപണത്തിന് തെളിവായി ഉന്നയിക്കപ്പെട്ട സംഭവങ്ങള്‍ വസ്തുതയുമായി ബന്ധമില്ലാത്തതാണെന്ന് പിന്നീട് കണ്ടെത്തി. അക്കാലത്ത് ഉത്തര്‍ പ്രദേശ് നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി വലിയ പരാജയം നേരിടുക കൂടി ചെയ്തതോടെ, പ്രചാരണവേഗം, സംഘ് പരിവാര്‍ തന്നെ കുറച്ചു.
ജാതി, മത ഭേദം കണക്കിലെടുക്കാതെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും രാജ്യത്ത് പുതുമയല്ല. അതില്‍ നിലനില്‍ക്കുന്നതും ഭിന്നിച്ച് പോകുന്നതുമൊക്കെയുണ്ടാകും. വിവാഹം കഴിക്കുന്നതിനായി മതം മാറുന്നതും അപൂര്‍വമായ സംഗതിയല്ല. അങ്ങനെ വിവാഹം കഴിച്ചവര്‍ പിന്നീട് പിരിയുന്നതും കണ്ടുപഴകിയ കാര്യമാണ്. ഈ അനുഭവങ്ങളൊക്കെ മുന്നിലുണ്ടെങ്കിലും ജാതി, മത ഭേദം കണക്കിലെടുക്കാതെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും അതിനായി മതം മാറുന്നതുമൊക്കെ തുടരുന്നുണ്ട്. ഇതിനെയൊക്കെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു കൊട്ടിഘോഷിച്ച പ്രചാരണത്തിലൂടെ സംഘ് പരിവാരം ലക്ഷ്യമിട്ടത്. തങ്ങളെയാകെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷമുണ്ടാകുമ്പോള്‍ അതിനെതിരെ ഭൂരിപക്ഷം സംഘടിക്കാതിരിക്കില്ലല്ലോ! ധ്രുവീകരണത്തിനായി സംഘ് പരിവാരം മുന്നോട്ടുവെച്ച പല ഉപാധികളിലൊന്ന്.
അതിനെ സാധൂകരിക്കാന്‍ ക്രിസ്തീയ സഭയും വെള്ളാപ്പള്ളി നടേശനും രംഗത്തുവന്നപ്പോള്‍ ഭൂരിപക്ഷ സമുദായാംഗങ്ങളുടെ ഏകീകരണമെന്ന ലക്ഷ്യത്തിനൊപ്പം ന്യൂനപക്ഷത്തൊരു വിള്ളലുണ്ടാക്കുക എന്ന പാര്‍ശ്വലാഭം കൂടി സംഘ് പരിവാരത്തിന് ലഭിച്ചു. ഇപ്പോള്‍ ഇടുക്കി രൂപതാ ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ ‘ലൗ ജിഹാദി’നെക്കുറിച്ചും ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ ലാക്കാക്കി ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും എസ് എന്‍ ഡി പിക്കാരും നടത്തുന്ന ഗൂഢ പദ്ധതിയെക്കുറിച്ചും സംസാരിക്കുമ്പോഴും സഭ നടത്തുന്ന മതപരിവര്‍ത്തനങ്ങളെക്കുറിച്ചും അതിന് വിദേശത്തുനിന്ന് ധനസഹായം ലഭിക്കുന്നതിനെക്കുറിച്ചും വെള്ളാപ്പള്ളി മറുപടി പറയുമ്പോഴും ലാഭം സംഘ് പരിവാരത്തിനാണ്. കൈ നനയാതെ മീന്‍ പിടിക്കാനുള്ള അവസരം അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്നു ‘ആരാധ്യരായ’ ‘തിരുമേനി’മാര്‍. പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മാത്യു ആനിക്കുഴിക്കാട്ടില്‍ പിന്നീട് പ്രസ്താവന ഇറക്കിയെങ്കിലും തിരിച്ചെടുക്കാനാകാത്ത വാക്ക് സൃഷ്ടിച്ച ആഘാതം നിലനില്‍ക്കുക തന്നെ ചെയ്യും.
സംഘ് പരിവാരം ഉന്നയിക്കുന്ന, പോലീസും കോടതിയും തള്ളിക്കളഞ്ഞ ‘ജിഹാദ്’ കേരള സമൂഹത്തില്‍ ഇപ്പോഴും തുടരുന്നുണ്ടെന്ന് വാദിക്കാന്‍ ആനിക്കുഴിക്കാട്ടിലിന്റെ വാക്കുകള്‍ സഹായിക്കും. എസ് എന്‍ ഡി പിക്കും മറ്റ് പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്കുമെതിരെ ബിഷപ്പ് സംസാരിച്ചത് ക്രൈസ്തവ സമൂഹത്തില്‍ ജാതി വിവേചനം നിലനില്‍ക്കുന്നുവെന്ന് ആക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍ പരിവര്‍ത്തനത്തിന് തയ്യാറാകുന്ന ജനവിഭാഗങ്ങളെ ഉദ്ദേശിച്ചാണെന്ന് വാദിക്കാന്‍ സംഘ് പരിവാരത്തിന് സാധിക്കും. ഘര്‍ വാപസിയെന്ന് വിശേഷിപ്പിക്കപ്പെട്ട പുനര്‍ പരിവര്‍ത്തനങ്ങളുടെ കാലത്താണ് ബിഷപ്പിന്റെ ആക്ഷേപങ്ങളെന്ന് ഓര്‍ക്കുക. ക്രൈസ്തവ സമുദായാംഗങ്ങളായ പെണ്‍കുട്ടികളെ ഓട്ടോറിക്ഷക്കാരും എസ് എന്‍ ഡി പിക്കാരും പ്രലോഭിപ്പിച്ച് വിവാഹം കഴിക്കുകയും സഭാ വിശ്വാസത്തില്‍ നിന്ന് വേര്‍പെടുത്തുകയും ചെയ്യുന്നുവെന്ന എന്ന ആക്ഷേപമുന്നയിക്കുകയല്ല, മറിച്ച് പരിവര്‍ത്തിത ക്രൈസ്തവരില്‍ പലരും പരിവര്‍ത്തനം കൊണ്ട് സാമൂഹിക അന്തസ്സില്‍ മാറ്റമുണ്ടായില്ലെന്ന് തിരിച്ചറിഞ്ഞ് അതൃപ്തരായി തിരികെപ്പോകുന്നതിലുള്ള അമര്‍ഷം പ്രകടിപ്പിക്കുകയായിരുന്നു ബിഷപ്പെന്ന വാദത്തിനാകും മേല്‍ക്കൈ ലഭിക്കുക.
സങ്കീര്‍ണവും സംഘര്‍ഷ ഭരിതവുമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തെ കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കി, ലാഭമെടുക്കാന്‍ യത്‌നിക്കുന്നവര്‍ക്ക് പുതിയ അവസരം തുറന്നുനല്‍കുക എന്നതാണ് യഥാര്‍ഥത്തില്‍ ഇവിടെ സംഭവിക്കുന്നത്. ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ മറുപടിയുടെയും ഫലം മറ്റൊന്നല്ല. ആരോപണം നിഷേധിക്കുകയും ആരോപണമുന്നയിച്ചയാളെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യുക എന്നത് വെള്ളാപ്പള്ളിയെ സംബന്ധിച്ച് പുതുമയല്ല. ഇവിടെ ക്രിസ്തീയ സഭകള്‍ മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിനെക്കുറിച്ചും അതിന് വിദേശത്തു നിന്ന് ലഭിക്കുന്ന ധനസഹായത്തെക്കുറിച്ചും വെള്ളാപ്പള്ളി പറഞ്ഞു. സംഘ് പരിവാര്‍ സംഘടനകള്‍ ദീര്‍ഘകാലമായി ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഈ സംഗതി.
മിഷനറി പ്രവര്‍ത്തനത്തിന് വിദേശത്തു നിന്ന് ധനമെത്തുന്നുവെന്നതില്‍ തര്‍ക്കമില്ല. മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മതപരിവര്‍ത്തനം നടക്കുന്നുവെന്നതും. പക്ഷേ, പണവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത്, മിഷനറിമാര്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നുവെന്ന സംഘ് പരിവാര്‍ ആരോപണം വസ്തുതാപരമല്ല. ജാതി വിവേചനം, സാമൂഹികമായ അസമത്വം, പൂത്തുലഞ്ഞ സ്വാതന്ത്ര്യത്തിന് എഴുപത് തികയാറാകുമ്പോഴും പനിക്ക് ചികിത്സിക്കാന്‍ പോലും സംവിധാനമില്ലാത്ത സാഹചര്യം എന്നിങ്ങനെ പല കാരണങ്ങളാല്‍ പ്രതിസന്ധി നേരിടുന്ന ജനങ്ങള്‍, കൈത്താങ്ങാകുന്ന വിഭാഗത്തിനൊപ്പം നില്‍ക്കുന്നുണ്ടാകും. അതിനെ മതം വളര്‍ത്താനുള്ള ഉപാധിയായി മിഷണറിമാര്‍ കാണുന്നുമുണ്ടാകും. അതിനെ നിര്‍ബന്ധിത പരിവര്‍ത്തനമായി കാണാനാകില്ല. പണവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പരിവര്‍ത്തിപ്പിക്കുന്നതായും കരുതാനാകില്ല.
മതപരിവര്‍ത്തനം വ്യാപകമായി നടത്തുന്നുവെന്നും അതിന് വിദേശത്തുനിന്ന് വലിയ തോതില്‍ പണം കിട്ടുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുമ്പോള്‍ സംഘ് പരിവാറിന്റെ ആരോപണം ഏറ്റെടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. പല കാരണങ്ങളാല്‍ വെള്ളാപ്പള്ളിയെ ഇപ്പോഴും വിശ്വസിക്കുന്ന അനുയായികളുടെ മനസ്സില്‍ ഇതാണ് വസ്തുത എന്ന തോന്നല്‍ സൃഷ്ടിക്കുകയും. സംഘ് പരിവാരമിട്ട വിത്ത് പലേടത്തായി മുളക്കുന്നുവെന്ന് തന്നെ മനസ്സിലാക്കണം. ഒന്നില്‍ തന്നെ പലമുളകളുണ്ടാകുന്നുവെന്നും. ന്യൂനപക്ഷങ്ങളെ സംശയത്തിന്റെയോ വെറുപ്പിന്റെയോ നിഴലില്‍ നിര്‍ത്താനും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുമൊക്കെ ഉതകും വിധത്തില്‍. ജാതി വിവേചനത്തിന്റെ ക്രൂരതകള്‍ നല്ലതുപോലെ അറിഞ്ഞതുകൊണ്ടും ദീര്‍ഘദൃഷ്ടിയുള്ളവര്‍ നേതൃനിരയിലുണ്ടായിരുന്നതുകൊണ്ടും ഭേദചിന്തകളെ മാറ്റിനിര്‍ത്താന്‍ സാധിച്ച വിഭാഗങ്ങളെപ്പോലും വിഷലിപ്തമാക്കാന്‍ സാധിക്കും വിധത്തിലും.