Connect with us

International

അഭയാര്‍ഥി ബോട്ട് തിരിച്ചു വിടാന്‍ കൈക്കൂലി: നിഷേധിക്കാതെ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി

Published

|

Last Updated

മെല്‍ബണ്‍: അഭയാര്‍ഥി ബോട്ടുകള്‍ ഇന്തോനേഷ്യയിലേക്ക് തിരിച്ചു വിടാന്‍ ആസ്‌ത്രേലിയന്‍ നാവികസേനാ അധികൃതര്‍ ബോട്ട് ജീവനക്കാര്‍ക്ക് കൈക്കൂലി നല്‍കിയത് നിഷേധിക്കാതെ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്. ആസ്‌ത്രേലിയയില്‍ അമിതമായി അഭയാര്‍ഥി ബോട്ടുകള്‍ അടുക്കുന്നത് തടയാന്‍ വിവിധങ്ങളായ വഴികള്‍ തങ്ങള്‍ ആവിഷ്‌കരിക്കാറുണ്ടെന്ന് അബോട്ട് സമ്മതിച്ചു. എന്നാല്‍ കൈക്കൂലി ആരോപണം ശരിവെക്കാനോ തള്ളിക്കളയാനോ അദ്ദേഹം തയ്യാറായില്ല. അതേസമയം, കൈക്കൂലി നല്‍കിയെന്ന ആരോപണം ആസ്‌ത്രേലിയന്‍ കുടിയേറ്റ വിഭാഗവും വിദേശകാര്യ മന്ത്രാലയവും നിഷേധിച്ചു. ഈ ആരോപണം ഗൗരവപൂര്‍വം കാണുമെന്നും ശക്തമായ നടപടികള്‍ കൈകൊള്ളുമെന്നും ഇന്തോനേഷ്യന്‍ വിദേശകാര്യ വിഭാഗം വ്യക്തമാക്കി.
മനുഷ്യക്കടത്ത് നടത്തിയതിന്റെ പേരില്‍ ഒരു അഭയാര്‍ഥി ബോട്ടിന്റെ ക്യാപ്റ്റനെയും ജീവനക്കാരെയും ഇന്തോനേഷ്യയിലെ കിഴക്കന്‍ നുസാ ടെന്‍ഗാരാ പ്രവിശ്യയില്‍ നിന്ന് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തതായി ഇന്തോനേഷ്യന്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ ചോദ്യം ചെയ്തതപ്പോഴാണ് കൈക്കൂലി വിവരം പുറത്തായത്. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുമായി വരുന്ന ബോട്ടാണ് വടക്ക് കിഴക്കന്‍ ആസ്‌ത്രേലിയയിലെ റോട്ട് ദ്വീപില്‍ അടുപ്പിക്കാന്‍ ശ്രമിച്ചത്. ഇവരെ ഇന്തോനേഷ്യയിലേക്ക് തിരിച്ചു വിടാന്‍ ആസ്‌ത്രേലിയന്‍ അധികൃത 5000 ഡോളര്‍ തന്നുവെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. “പണം ഞാന്‍ നേരിട്ട് കണ്ടതാണ്. ഇതാദ്യമായാണ് അഭയാര്‍ഥി ബോട്ടുകള്‍ തിരിച്ചു വിടാന്‍ ആസ്‌ത്രേലിയ ഇത്തരത്തില്‍ പണം നല്‍കുന്ന”തെന്ന് ഇന്തോനേഷ്യന്‍ പ്രദേശിക പോലീസ് മേധാവി ഹിദായത് പറഞ്ഞു. യാത്രക്കാരില്‍ ചിലരും ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയതായി ആസ്‌ത്രേലിയന്‍ ബ്രോഡ്കാസറ്റിംഗ് കോര്‍പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂസിലാന്‍ഡ് റേഡിയോയും ഇത്തരത്തില്‍ വാര്‍ത്ത പുറത്ത് വിട്ടു.
ഇതുസംബന്ധിച്ച് ആരാഞ്ഞപ്പോഴാണ് അബോട്ട് ആരോപണം നിഷേധിക്കാന്‍ തയ്യാറാകാതിരുന്നത്. ആസ്‌ത്രേലിയന്‍ അധികൃതര്‍ ഇവരെ തിരിച്ചയക്കാന്‍ ശ്രമിക്കുന്നുവെന്നത് ശരിയാണ്. അതിന് അവര്‍ക്ക് അതിന്റേതായ വഴികള്‍ ഉണ്ടെന്ന് അബോട്ട് പറഞ്ഞു.
ആസ്‌ത്രേലിയ ഈയിടെ കൊണ്ടു വന്ന നിയമപ്രകാരം ബോട്ടില്‍ വരുന്ന കുടിയേറ്റക്കാരെയോ അഭയാര്‍ഥികളെയോ തീരത്തണയാന്‍ അനുവദിക്കില്ല. അവരെ കടലില്‍ വെച്ച് തിരിച്ചയക്കുകയോ അറസ്റ്റ് ചെയ്യുകയോ ആണ് ചെയ്യാറുള്ളത്. ഇങ്ങനെ അറസ്റ്റ് ചെയ്തവരെ നൗറു ജയിലിലേക്കോ പാപ്പുവ ന്യൂ ഗിനിയയിലെ ജയിലിലേക്കോ അയക്കുകയാണ് പതിവ്.
മനുഷ്യാവകാശ സംഘടനകളുടെയും യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെയും കടുത്ത വിമര്‍ശം വകവെക്കാതെയാണ് അബോട്ട് സര്‍ക്കാര്‍ കുടിയേറ്റവിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്നത്. ഈ നടപടികള്‍ വഴി ഈ രംഗത്ത് വന്‍ മാറ്റം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇതിന് ആസ്‌ത്രേലിയന്‍ ജനതയില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണയും ഉണ്ട്.
തീവ്രവവലതുപക്ഷ നടപടി തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. അതുപോലെ പണമിറക്കിയും അഭയാര്‍ഥി പ്രവാഹം തടയാനാണ് നീക്കമെന്നും ഇത് വ്യക്തമാക്കുന്നു.