പള്ളിക്കല്‍ ബസാര്‍ മഹല്ല് തിരഞ്ഞെടുപ്പ് ഏകപക്ഷീയമെന്ന് ഭാരവാഹികള്‍

Posted on: June 13, 2015 5:08 am | Last updated: June 13, 2015 at 12:09 am

തേഞ്ഞിപ്പലം: പള്ളിക്കല്‍ ബസാര്‍ മഹല്ല് ജുമുഅത്ത് പള്ളിയില്‍ നാളെ വഖ്ഫ് ബോര്‍ഡ് പ്രഖ്യാപിച്ച ഇലക്ഷന്‍ തീര്‍ത്തും ഏകപക്ഷീയമാണെന്ന് മഹല്ല് ഭാരവാഹികള്‍. സമാധാനാന്തരീക്ഷത്തില്‍ നടന്നുവന്ന മഹല്ലില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പള്ളി പിടിച്ചടക്കാനുള്ള ശ്രമമാണ് ചേളാരി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും മഹല്ല് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
എ പി, ചേളാരി വിഭാഗം സുന്നികള്‍ തുല്യപ്രാതിനിധ്യത്തോടെയാണ് പള്ളിക്കല്‍ ബസാറില്‍ മഹല്ല് ഭരണം നടത്തിയിരുന്നത്. ഇരു ഭാഗത്ത് നിന്നും പത്ത് പ്രതിനിധികള്‍ വീതമടങ്ങിയതായിരുന്നു മഹല്ല് ഭരണസമിതി. ഈ നിലക്ക് മഹല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നതിനിടയില്‍ ചേളാരി വിഭാഗം മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതിനിടെ പ്രശ്‌നപരിഹാരത്തിനായി നിരവധി സമവായ ശ്രമങ്ങള്‍ നടന്നുവെങ്കിലും അവയൊന്നും അംഗീകരിക്കാന്‍ ചേളാരി വിഭാഗം തയ്യാറായില്ല. ഒടുവില്‍ പള്ളി അടച്ചുപൂട്ടിയ സാഹചര്യമുണ്ടായി. തുടര്‍ന്ന് ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും പള്ളി തുറക്കുകയും ചെയ്തുവെങ്കിലും ചേളാരി വിഭാഗം വീണ്ടും പ്രശനങ്ങള്‍ സൃഷ്ടിച്ചു.
മഹല്ല് മിനുട്‌സ് ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ കമ്മിറ്റിക്ക് പുറത്ത് നിന്നുള്ള ആളുകള്‍ക്ക് കൈമാറി വഖ്ഫ് ബോര്‍ഡില്‍ വ്യാജ പരാതി നല്‍കുകയെന്ന അടവാണ് ചേളാരി വിഭാഗം പിന്നീട് പുറത്തെടുത്തത്. പള്ളിയുടെ ആകെയുള്ള 13 വഖഫ് ഭൂമികളില്‍ 12 എണ്ണവും സുന്നികള്‍ നല്‍കിയതാണെന്നിരിക്കെ വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുന്നുവെന്ന വ്യാജപരാതിയുമായാണ് അവര്‍ വഖ്ഫ് ബോര്‍ഡിനെ സമീപിച്ചത്. തുടര്‍ന്ന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മഹല്ലില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ചേളാരി വിഭാഗം വഖഫ് ബോര്‍ഡിനെക്കൊണ്ട് ഉത്തരവിടീക്കുകയായിരുന്നു. തീര്‍ത്തും ഏകപക്ഷീയമായ രീതിയിലാണ് ഇലക്ഷന്‍ നടപടിക്രമങ്ങള്‍ നടന്നത്. ഇലക്ഷന്‍ നടന്നാല്‍ സുന്നികള്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പായതോടെ സുന്നികളില്‍ ഭൂരിഭാഗം പേരെയും ഒഴിവാക്കിയും മഹല്ല് ഭരണഘടനക്ക് വിരുദ്ധമായും വോട്ടര്‍പട്ടിക തയ്യാറാക്കുകയായിരുന്നു ആദ്യപടി.
അന്യ മഹല്ലുകളില്‍ നിന്നുള്ളവര്‍ക്കും മഹല്ലില്‍ നിന്ന് പുറത്താക്കിയ ജമാഅത്ത്, മുജാഹിദ്, തബ് ലീഗ് പ്രസ്ഥാനങ്ങള്‍ക്കും വോട്ടവകാശം നല്‍കി. ഇതിന് പുറമെ 19 സ്ത്രീകള്‍ക്കും വോട്ടവാശം നല്‍കിയിട്ടുണ്ട്. ഇതിനെതിരെ റിട്ടേര്‍ണിംഗ് ഓഫീസറായ കെ എം ഹനീഫക്ക് പരാതി നല്‍കിയെങ്കിലും ലീഗ് നേതാവായ അദ്ദേഹം ഇ കെ വിഭാഗത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു. മാത്രവുമല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ സമര്‍പ്പിക്കാനെത്തിയ സുന്നി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയം നോമിനേഷന്‍ അന്യായമായി തള്ളുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന ഇലക്ഷന്‍ തീര്‍ത്തും സ്വാച്ഛാപരമാണെന്നും അംഗീകരിക്കാനാകില്ലെന്നും മഹല്ല് ഭാരവാഹികളായ സി കെ മൊയ്തു, സി കെ അബ്ദുല്‍ മജീദി്, സി കെ അബ്ദുല്‍ ലത്തീഫ്, കളരിക്കല്‍ അബു എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.