Connect with us

Kerala

മെഡി. കോളജ് ആശുപത്രിയില്‍ ചട്ടങ്ങള്‍ മറികടന്ന് നിയമനങ്ങള്‍

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചട്ടങ്ങള്‍ മറികടന്ന് താത്കാലിക അറ്റന്റര്‍മാരുടെ നിയമനം. ആശുപത്രിയില്‍ ഒഴിവുവന്ന ഗ്രേഡ് 1, ഗ്രേഡ് 2 തസ്തികളിലേക്കാണ് വെയ്റ്റിംഗ് ലിസ്റ്റ് മറികടന്ന് അറുപതോളം പേര്‍ക്ക് അനധികൃത നിയമനം നല്‍കിയത്. മൂന്ന് മാസത്തേക്ക് വീതം നടത്തുന്ന നിയമനത്തില്‍ ഒരു തവണ ജോലി ചെയ്തവര്‍ക്ക് വീണ്ടും അവസരം നല്‍കരുതെന്നാണ് ചട്ടം.
ഇത് കാറ്റില്‍ പറത്തിയാണ് പുതിയ നിയമനം. നിലവിലുണ്ടായിരുന്ന അറ്റന്റര്‍മാരുടെ കാലാവധി കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അവസാനിച്ചത്. പ്രസ്തുത ദിവസം വൈകുന്നേരം നേരത്തെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഇടം നേടിയ 170 പേരുടെ ലിസ്റ്റ് ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ബുധനാഴ്ച കഴിഞ്ഞ് വ്യാഴാഴ്ച ഒഴിവ് വന്ന തസ്തികകളിലേക്ക് ലിസ്റ്റില്‍ പെടാത്ത നേരത്തെ ജോലി ചെയ്തവരെ നിയമിക്കുകയും ചെയ്തു. മുമ്പ് ജോലി ചെയ്തവരായതുകൊണ്ട് ഇന്റര്‍വ്യൂ പോലും നടത്താതെയാണ് നിയമനമെന്നാണ് വിവരം. ലിസ്റ്റ് പ്രദര്‍ശിപ്പിച്ച് ഒരു ദിവസം സമയം കൊണ്ട് 170 പേരും പിറ്റേന്നത്തെ ഇന്റര്‍വ്യൂവിന് ഹാജരാകണമായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ ലിസ്റ്റ് തൂക്കിയ വിവരം അധികപേരും അറിഞ്ഞിട്ടുണ്ടായിരുന്നില്ലായെന്നതാണ് വാസ്തവം. അതിനിടെ ഇഷ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നതിന് വെയ്റ്റിംഗ് ലിസ്റ്റ് പേരിന് ഒരു ദിവസം മാത്രം പ്രദര്‍ശിപ്പിച്ച് അധികൃതര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന പരാതി വ്യാപകമായിട്ടുണ്ട്.
അതേസമയം, വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരില്‍ ഫോണ്‍ നമ്പര്‍ ലഭ്യമായവരെയെല്ലാം വിളിച്ചറിയിച്ചിരുന്നുവെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സോമന്‍ പ്രതികരിച്ചു. എന്നാല്‍, ഒരു തവണ നിയമനം നേടിയവരെ വീണ്ടും നിയമിച്ചത് ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റാതിരിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

Latest