ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത് 40,000 പ്രവാസികള്‍: ടി പി സീതാറാം

Posted on: June 12, 2015 8:34 pm | Last updated: June 12, 2015 at 8:34 pm
ima 1
ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതിയും രക്ഷാധികാരിയുമായ ടി പി സീതാറാം നിര്‍വഹിക്കുന്നു

അബുദാബി; ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയത് വെറും 40,000 പ്രവാസികള്‍ മാത്രമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം. ഏകദേശം പത്ത് ലക്ഷത്തോളം ഇന്ത്യക്കാരാണ് യു എ ഇയിലുള്ളത്. ഇന്ത്യക്കാര്‍ എംബസിയിലും കോണ്‍സുലേറ്റിലും പേരു വിവരം രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശത്തിന് വേണ്ടത്ര പ്രതികരണം ലഭിച്ചിട്ടില്ല, അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു ടി പി സീതാറാം.
യു എ ഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളെ കൈമാറുന്നതു സംബന്ധിച്ച് ഇനിയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. തടവുകാരെ കൈമാറുന്ന കരാറിന്റെ ഭാഗമായി ഇന്ത്യന്‍ ജയിലിലുണ്ടായിരുന്ന ഏക യു എ ഇ തടവുകാരനെ യു എ ഇക്ക് ഇന്ത്യ കൈമാറി. യു എ ഇയുടെ വിവിധ ജയിലുകളിലുള്ള 123 തടവുകാരാണ് ഇന്ത്യയിലേക്ക് പോകുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലും കോണ്‍സുലേറ്റിലുമായി അഞ്ച് ലക്ഷം പാസ്‌പോര്‍ട്ട് അറ്റസ്റ്റേഷന്‍ നടത്തിയിട്ടുണ്ട്. ഓരോ സര്‍വീസില്‍ നിന്നും കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലേക്ക് 8.5 കോടി രൂപ ലഭ്യമായിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.
വെല്‍ഫെയര്‍ ഫണ്ട്‌വഴി യു എ ഇയില്‍ പ്രയാസമനുഭവിക്കുന്ന അര്‍ഹരായവര്‍ക്ക് യഥാസമയം സഹായം ലഭിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം 120 വീട്ടുവേലക്കാരികള്‍ക്ക് സൗജന്യ വിമാനടിക്കറ്റ് നല്‍കി സ്വദേശത്തേക്ക് അയക്കുകയുണ്ടായി. വിവിധ കാരണങ്ങളില്‍ ഇവിടെ കുടുങ്ങിപോകുന്ന വനിതകള്‍ക്ക് താല്‍ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളില്ലാത്ത മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വെല്‍ഫെയര്‍ ഫണ്ട് വിനിയോഗിക്കുന്നുണ്ട്. കൂടാതെ ചെറിയ തുക പിഴയടക്കാനില്ലാത്തത് മൂലം ഇവിടെ ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് വെല്‍ഫെയര്‍ ഫണ്ട് ഒരു സഹായമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ പ്രവേശനത്തിന് നേരിടുന്ന പ്രയാസം കണക്കിലെടുത്ത് നേരത്തെ അബുദാബി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അബുദാബിയിലെ മുഴുവന്‍ ഇന്ത്യന്‍ വിദ്യാലയങ്ങളിലേയും പ്രിന്‍സിപ്പല്‍മാരുടെ യോഗവും വിളിച്ചുചേര്‍ത്തിരുന്നു. പ്രശ്‌ന പരിഹാരത്തിനായി സ്‌കൂളുകളുടെ വികസനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും സ്‌കൂളുകളുടെ ഭാഗത്ത് നിന്ന് പിന്നീട് വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ലെന്നും സീതാറാം വ്യക്തമാക്കി.
അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്ന 21ന് അബുദാബിയിലും ദുബൈയിലും ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി ഒമ്പതിന് അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ യു എ ഇ സാംസ്‌കാരിക വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ സംബന്ധിക്കും. 1,200 പേര്‍ പരിപാടിയില്‍ പങ്കെടുക്കും. ദുബൈയില്‍ അല്‍ വാസല്‍ ഫുട്‌ബോള്‍ ക്ലബ്ബിലാണ് പരിപാടി.
ഐക്യരാഷ്ട്ര സഭയാണ് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുവാന്‍ തീരുമാനിച്ചത്. യു എ ഇ അടക്കം 177 രാജ്യങ്ങള്‍ ഇതിനെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
പ്രസിഡന്റ് ജോണി അധ്യക്ഷത വഹിച്ചു. പി എം അബ്ദുര്‍റഹ്മാന്‍, റാശിദ് പൂമാടം, സമീര്‍ കല്ലറ, ആഗിന്‍ കിപ്പുറം, അബ്ദുസ്സമദ് അഫ്‌സല്‍, റെജി, മുനീര്‍ പാണ്ട്യാല, റസാഖ്, അബ്ദുര്‍റഹ്മാന്‍ കുട്ടി എന്നിവര്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം സെക്കന്റ് സെക്രട്ടറി മുഹമ്മദ് ഷാഹിദ് ആലം, സെക്രട്ടറി ഡി എസ് മീന എന്നിവര്‍ പങ്കെടുത്തു.