തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം

Posted on: June 12, 2015 6:00 am | Last updated: June 11, 2015 at 11:42 pm

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സൗകര്യം വൈകാതെ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2015 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞ ഇപ്പോള്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിലവിലുള്ള കരട് വോട്ടര്‍ പട്ടികയിലുള്ള വോട്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം, തെറ്റുതിരുത്തല്‍ എന്നിവക്ക് അപേക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച സമയക്രമം പ്രഖ്യാപിക്കുന്ന മുറക്ക് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമാകും ഏര്‍പ്പെടുത്തുക. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ നിരവധി വോട്ടര്‍മാര്‍ സമീപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റായ www.sec.kerala. gov.in, സംസ്ഥാന സര്‍ക്കാറിന്റെ വെബ് പോര്‍ട്ടലായ www.kerala.gov.in, സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വെബ്‌സൈറ്റായ www. prd.kerala.gov.in എന്നിവയില്‍ കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനുള്ള ലിങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോഡ് ജില്ലയില്‍ കന്നട ഭാഷയില്‍ തയ്യാറാക്കിയിട്ടുള്ള വോട്ടര്‍ പട്ടികയില്‍ അക്ഷരത്തെറ്റ് ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.