ബോംബുകള്‍ കണ്ടെത്താന്‍ കണ്ണൂരില്‍ പ്രത്യേക സ്‌ക്വാഡ്

Posted on: June 12, 2015 5:52 am | Last updated: June 11, 2015 at 11:41 pm

കണ്ണൂര്‍: ജില്ലയില്‍ ബോംബുകളും ആയുധങ്ങളും കണ്ടെത്താനുള്ള പ്രത്യേക സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഇന്ന് തുടങ്ങുന്നു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരമേഖലാ ഐ ജിയുടെ ഓഫീസിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ ആരംഭിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എസ് പിയുടെ ക്രൈംസ്‌ക്വാഡിന്റെയും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സെല്ലിലേക്കു പൊതുജനങ്ങള്‍ക്കു പേര് വെളിപ്പെടുത്താതെ കത്തിലൂടെയോ ഫോണിലൂടെയോ വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കുന്നതിനൊപ്പം വിവരം ചോരാതെ പോലീസിലെ കമാന്‍ഡോകള്‍ ഉള്‍പ്പെട്ട സംഘം സ്ഥലം പരിശോധിച്ച് ആയുധങ്ങള്‍ കണ്ടെടുക്കും.
തൊണ്ണൂറുകളുടെ അവസാനം രാഷ്ട്രീയ കൊലപാതക പരമ്പര ഉണ്ടായപ്പോള്‍ അന്നത്തെ ഡി ഐ ജി ആയിരുന്ന വിന്‍സന്‍ എം പോളിന്റെയും എസ് പിയായിരുന്ന മനോജ് ഏബ്രഹാമിന്റെയും നേതൃത്വത്തില്‍ ഇത്തരത്തിലുള്ള സ്‌ക്വാഡ് കണ്ണൂരില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്നുവരെ പോലീസ് എത്തിപ്പെടാത്ത പ്രദേശങ്ങളിലും പാര്‍ട്ടി ഓഫീസുകളിലും വീടുകളിലും പോലീസ് കയറി റെയ്ഡ് നടത്തുകയും ആയുധങ്ങളും ബോംബും പിടികൂടുകയും ചെയ്തിരുന്നു. ഈ നടപടി ഏറെക്കാലം ജില്ലയില്‍ ബോംബ്, ആയുധ നിര്‍മാണത്തിന് അറുതി വരുത്തിയിരുന്നു. എന്നാല്‍ ഇടക്കാലത്ത് വീണ്ടും ബോംബ് നിര്‍മാണവും ഇതുപയോഗിച്ചുള്ള ആക്രമണങ്ങളും വ്യാപകമായിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഡി ജി പി. ടി പി സെന്‍കുമാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ബോംബ് സ്‌ക്വാഡ് പുനരുജ്ജീവിപ്പിക്കുന്നത്. ജില്ലയില്‍ പോലീസ് നായയും ആധുനിക ഉപകരണവുമായി ബോംബ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും വിവരം ചോരുന്നതിനാല്‍ റെയ്ഡുകള്‍ പ്രഹസനമാകുകയാണ് പതിവ്. ഇതേ തുടര്‍ന്നാണ് ആയുധ റെയ്ഡിനായി മാത്രം പ്രത്യേക സ്‌ക്വാഡ് വരുന്നത്.
നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പിക്കാണ് ഇവരുടെ കോര്‍ഡിനേഷന്റെ ചുമതല. വിവരം കൈമാറാനുള്ള ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും ഇന്ന് ഉദ്ഘാടനത്തിനുശേഷം ഡി ഐ ജി. ദിനേന്ദ്ര കശ്യപ് പ്രഖ്യാപിക്കും.