കരിപ്പൂരിലെ സംഘര്‍ഷം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു

Posted on: June 11, 2015 1:02 pm | Last updated: June 12, 2015 at 12:07 am

KARIPPUR AIRPORT
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തിന്റെയും വെടിവെപ്പിന്റെയും സിസിടിവി ദശൃങ്ങള്‍ പുറത്തുവന്നു. അഗ്നിശമന സേനാ ജീവനക്കാരും സി ഐ എസ് എഫ് ജവാന്മാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വ്യക്തമായ ചിത്രം ഇതിലുണ്ട്.

അതീവസുരക്ഷാ മേഖലയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് തര്‍ക്കം നടക്കുന്നതും സി ഐ എസ് എഫ് എസ് ഐ സീതാറാം ചൗധരിയെ മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ജീവനക്കാരെ വിരട്ടാനെന്നോണം തോക്കെടുക്കുന്ന എസ് ഐയെ മരിച്ച ജവാന്‍ എസ് എസ് യാദവ് തടയുന്നുണ്ട്. ഇതിനിടെ അപ്രതീക്ഷിതമായി യാദവിന്റെ താടിക്ക് വെടിയേല്‍ക്കുകയായിരുന്നു.

അതിനിടെ എയര്‍പോര്‍ട്ടിനകത്ത് സിഐഎസ്എഫ് ജവാന്മാര്‍ അഴിഞ്ഞാടിയതിന്റെ ദൃശ്യങ്ങളുള്ള സിസിടിവി ദൃശ്യങ്ങള്‍ വിവിധ ചാനലുകള്‍ പുറത്തുവിട്ടു. ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും,ചുവര്‍ ചിത്രങ്ങളും വടികൊണ്ട് അടിച്ചും ചവിട്ടിയും തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ലൈറ്റ് അണച്ച ശേഷമായിരുന്നു ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. എന്നാല്‍ നൈറ്റ് വിഷന്‍ ക്യാമറയായതിനാല്‍ ദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. യൂനിഫോമിട്ട ജവാന്മാര്‍ക്ക് പുറമെ യൂനിഫോം ധരിക്കാത്ത ചിലരും ആക്രമണം നടത്തുന്നത് കാണാം.

സിസിടിവി ദൃശ്യം (കടപ്പാട്-മനോരമ ന്യൂസ്)