ഇറാഖില്‍ പുതിയ സൈനിക കേന്ദ്രം സ്ഥാപിക്കാന്‍ യു എസ് നീക്കം

Posted on: June 11, 2015 5:38 am | Last updated: June 11, 2015 at 12:39 am

വാഷിംഗ്ടണ്‍: ഇസില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള യുദ്ധത്തിന്റെ കാരണം ചൂണ്ടിക്കാട്ടി ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ യു എസ് പുതിയ സൈനിക കേന്ദ്രം സ്ഥാപിക്കുന്നു. റമാദി നഗരം പിടിച്ചെടുക്കാന്‍ ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കാന്‍ 400 യു എസ് സൈനികരെയും ഇറാഖിലേക്കയച്ചു. പുതിയ സൈനിക കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച അവസാന തീരുമാനം വൈറ്റ്ഹൗസ് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം, ഇറാഖിലെ സുപ്രധാന നഗരം മൊസൂള്‍ നഗരം ഇസില്‍ തീവ്രവാദികള്‍ പിടിച്ചെടുത്തിരുന്നു. റമാദിയുടെ നിയന്ത്രണം കഴിഞ്ഞമാസം ഇറാഖ് സൈന്യത്തിന് നഷ്ടപ്പെട്ടതോടെ അമേരിക്കയുടെ ഇസില്‍ വിരുദ്ധ യുദ്ധത്തിന്റെ ഫലത്തെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. അമേരിക്കക്കും ഇറാഖ് സൈന്യത്തിനും ഏറ്റ കനത്ത തിരിച്ചടിയായാണ് ഇതിനെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇപ്പോഴത്തെ നീക്കമനുസരിച്ച് ആദ്യഘട്ടം റമാദി നഗരം പിടിച്ചെടുക്കലായിരിക്കും സൈന്യത്തിന്റെ പ്രഥമലക്ഷ്യം. എന്നാല്‍ മൊസൂള്‍ നഗരം പിടിച്ചെടുക്കാന്‍ പിന്നെയും സമയം വേണ്ടിവരുമെന്നാണ് സൂചന. ഈ വര്‍ഷം ഇത് സാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍.
ഇപ്പോള്‍ യു എസ് അയക്കുന്ന 400 സൈനികരെ ഉപയോഗപ്പെടുത്തി ഇറാഖ് സൈന്യത്തിന് മികച്ച സൈനിക പരിശീലനം നല്‍കാനാണ് തീരുമാനം. ഇതിന് പുറമെ വേണമെങ്കില്‍ കൂടുതല്‍ സൈനികരെ അയക്കുന്ന കാര്യവും അമേരിക്കയുടെ പരിഗണനയിലുണ്ട്. ഇറാഖില്‍ ഇതോടെ വിവിധ മേഖലകളിലായി 3,000 അമേരിക്കന്‍ സൈനികര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇറാഖിലും സിറിയയിലും മുന്നേറ്റം നടത്തുന്ന ഇസില്‍ തീവ്രവാദികള്‍ക്കെതിരെ നടപടിക്കൊരുങ്ങുമ്പോള്‍ എന്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന വിഷയത്തില്‍ അമേരിക്കന്‍ ഭരണകൂടത്തില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇറാഖിലെ പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമായ മൊസൂള്‍ ആദ്യം തിരിച്ചുപിടിക്കണമെന്നാണ് ചിലര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം. ബൈജി എണ്ണ ശുദ്ധീകരണ ശാല മൊസൂളിലേക്കുള്ള പ്രധാന പാതയോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. അതേസമയം, യു എസ് സൈന്യത്തിന് നല്ല പിന്തുണയുള്ള ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യ ആദ്യം തിരിച്ചുപിടിക്കണമെന്ന നിര്‍ദേശമാണ് ജനറല്‍ ആസ്റ്റിന്‍ മുന്നോട്ടുവെക്കുന്നത്. സഊദി അറേബ്യയുമായും ജോര്‍ദാനുമായും ഈ പ്രവിശ്യ അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഇസിലിനെതിരെ ശക്തമായ മുന്നേറ്റം നടത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വാദിക്കുന്നു.