അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം: സി പി എം വഞ്ചനാദിനമാചരിച്ചു

Posted on: June 10, 2015 2:56 pm | Last updated: June 10, 2015 at 4:56 pm

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെ റെയില്‍വേ മേല്‍പാലം സി പി എം വഞ്ചനാദിനമാചരിച്ചു. അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലം പണിയില്‍ മന്ത്രിയും എം എല്‍ എയും നടത്തിയ വഞ്ചന തുറന്നുകാട്ടി സി പി എം പ്രവര്‍ത്തകര്‍ റെയില്‍വേ ഗേറ്റ് പരിസരത്ത് ധര്‍ണ നടത്തി. ധര്‍ണ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.
മങ്കട ഏരിയാ സെക്രട്ടറി പി കെ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ നഗരസഭാ വൈസ് ചെയര്‍മാന്‍ എം മുഹമ്മദ് സലീം, ടി കെ റശീദലി, എ ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ദേശീയപാത 2013ല്‍ അങ്ങാടിപ്പുറം റെയില്‍വേഗേറ്റില്‍ മേല്‍പാലം നിര്‍മിക്കാന്‍ 2013 ജൂണ്‍ എട്ടിനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടത്. രണ്ട് വര്‍ഷം പിന്നിട്ടിട്ടും പാലംപണിക്ക് ആവശ്യമായ ഭൂമിപോലും ഏറ്റെടുക്കാന്‍ സര്‍ക്കാരിനായില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പെരിന്തല്‍മണ്ണ ടൗണുകളിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായും ദീര്‍ഘവീക്ഷണത്തോടെയും കഴിഞ്ഞകാല സര്‍ക്കാര്‍ ഓരോടംപാലത്ത് നിന്നും മാനത്ത്മംഗലത്തേക്ക് ബൈപാസ് നിര്‍മിക്കാന്‍ തീരുമാനിക്കുകയും ഈ പ്രവൃത്തിക്ക് പത്ത് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതിയെ അട്ടിമറിച്ച് പെരിന്തല്‍മണ്ണയിലെ ചില കച്ചവടക്കാരുടെ പ്രത്യേക താത്പര്യത്തിന് മുന്‍തൂക്കം നല്‍കിയാണ് അങ്ങാടിപ്പുറം റെയില്‍വേ ഗേറ്റില്‍ മേല്‍പാലം പണി ആരംഭിച്ചത്.
ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നായിരുന്നു. മാസങ്ങള്‍ പോയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പാലം പണിക്കുള്ള ഭൂമി പോലും ഏറ്റെടുക്കാന്‍ ഈ സര്‍ക്കാരിനായിട്ടില്ല. 42 ഭൂവുടമകളില്‍ നിന്നായി 41 സെന്റ് സ്ഥലമാണ് പാലംപണിക്ക് വേണ്ടി ഏറ്റെടുക്കേണ്ടത്. ഇവരില്‍ ചില ഭൂവുടമകള്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്.