പൊതു വിദ്യാലയങ്ങളില്‍ 27,805 വിദ്യാര്‍ഥികള്‍ കുറഞ്ഞു

Posted on: June 10, 2015 2:38 am | Last updated: June 9, 2015 at 11:56 pm

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 3,05,667 വിദ്യാര്‍ഥികള്‍. 2014-15 അധ്യയനവര്‍ഷത്തേക്കാള്‍ 9,571 വിദ്യാര്‍ഥികളാണ് ഇക്കുറി ഒന്നാം ക്ലാസില്‍ അധികമായി ചേര്‍ന്നത്. അതേസമയം, സംസ്ഥാനത്ത് ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27,805 വിദ്യാര്‍ഥികളുടെ കുറവാണ് ആകെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. ഒന്നുമുതല്‍ 10 വരെ ആകെ 37,72,721 വിദ്യാര്‍ഥികളാണ് ഈ അധ്യയനവര്‍ഷം പഠനത്തിനുള്ളത്. ഇതില്‍ 19,07,811 പേര്‍ ആണ്‍കുട്ടികളും 18,64,910 പേര്‍ പെണ്‍കുട്ടികളുമാണ്. കഴിഞ്ഞവര്‍ഷം ഇത് 38,00,526 കുട്ടികളായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത് 91,231 കുട്ടികളാണ്. എയ്ഡഡ് സ്‌കൂളുകളില്‍ 1,62,375 പേരും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 52,061 പേരും ഒന്നാം ക്ലാസില്‍ പ്രവേശനം നേടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലാണ്. 63,929 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. ഇതില്‍ 32,862 വിദ്യാര്‍ഥികള്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. 19,458 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പ്രവേശനം സ്വന്തമാക്കിയത്. 11,609 വിദ്യാര്‍ഥികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. 2014-15ല്‍ മലപ്പുറത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 8535 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്.
3,074 വിദ്യാര്‍ഥികളുടെ വര്‍ധനവാണ് അണ്‍ എയ്ഡഡ് സ്‌കൂളില്‍ ഈ അധ്യയനവര്‍ഷം ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 164 വിദ്യാര്‍ഥികളുടെ കുറവാണ് ഇത്തവണ ഉണ്ടായത്. ഒന്നാം ക്ലാസില്‍ കോട്ടയം ഒഴികെയുള്ള ജില്ലകളിലെല്ലാം വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. കോട്ടയത്ത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 106 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി.
ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളുടെ കണക്കെടുപ്പ് നടത്തിയപ്പോള്‍ തിരുവനന്തപുരം ജില്ലയിലാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞത്. 7,780 വിദ്യാര്‍ഥികളുടെ കുറവാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്.
കാസര്‍കോട് (3,407), കണ്ണൂര്‍ (4,321), വയനാട് (817), ഇടുക്കി (64) എന്നീ ജില്ലകളില്‍ വിദ്യാര്‍ഥികള്‍ വര്‍ധിച്ചപ്പോള്‍ കൊല്ലം (4,331), പത്തനംതിട്ട (1,198), ആലപ്പുഴ (5,863), കോട്ടയം (5,205), എറണാകുളം (5,673), തൃശൂര്‍ (887), പാലക്കാട് (1,203), മലപ്പുറം (4,009), കോഴിക്കോട് (265) എന്നീ ജില്ലകളിലാണ് കുട്ടികളുടെ കുറവ് രേഖപ്പെടുത്തിയത്.