Connect with us

Gulf

വിദേശ മാധ്യമങ്ങളില്‍ വാര്‍ത്തയായി മര്‍കസ് പരിസ്ഥിതി ദിനാഘോഷം

Published

|

Last Updated

അബുദാബി: കാരന്തൂര്‍ മര്‍കസിലെ പരിസ്ഥിതി ദിനാചരണം യു എ ഇ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി. “ശൈഖ് സായിദ് സമാധാന വൃക്ഷം” പദ്ധതിയുമായി ഇന്ത്യയിലെ സുന്നി മര്‍കസ് സര്‍വകലാശാല എന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തത്. ഇന്ത്യയിലെ വിവിധ മേഖലകളില്‍ 10ലക്ഷം വൃക്ഷത്തൈ വച്ചുപിടിപ്പിക്കുന്ന പദ്ധതി ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചാണ് ആരംഭിച്ചത്.
“മര്‍കസിന്റെ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചാണ് 10 ലക്ഷം വൃക്ഷത്തൈകള്‍ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നടുന്നത്. മര്‍കസ് നോളജ് സിറ്റി നിര്‍മാണം നടക്കുന്ന കൈതപ്പൊയിലിലെ 120 ഏക്കറില്‍ മര്‍കസ് അധികൃതരും പ്രവര്‍ത്തകരും ചേര്‍ന്ന് നൂറുക്കണക്കിന് മരങ്ങള്‍ നട്ടു. മര്‍കസ്, അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അജ്മീറില്‍ വൃക്ഷത്തൈ നട്ട് കാമ്പയിനില്‍ പങ്കാളിയായെന്ന്” വാര്‍ത്ത പ്രസിദ്ധീകരിച്ച അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യു എ ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ “വാം” ഉം വന്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
യു എഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ മരുഭൂ പ്രദേശമായിരുന്ന മേഖലകളെ ഹരിതാഭമായ മരുപ്പച്ചകളാക്കിയതിന്റെ അംഗീകാരമായാണ് അദ്ദേഹത്തിന്റെ പേരില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് ശൈഖ് അബൂബക്കര്‍ അറിയിച്ചതായും പത്രങ്ങള്‍ എടുത്തുപറഞ്ഞു.

Latest