സ്മാര്‍ട് ഗവണ്‍മെന്റ് സമ്മേളനവും പ്രദര്‍ശനവും തുടങ്ങി

Posted on: June 9, 2015 6:02 pm | Last updated: June 9, 2015 at 6:02 pm

shaikh mansoorദുബൈ: ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എക്‌സ്‌പോ ഉള്‍പെടെ സ്മാര്‍ട് ഗവണ്‍മെന്റ് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിന് ഉജ്വല തുടക്കം. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എക്‌സ്‌പോ സമ്മേളനം ദുബൈ സ്മാര്‍ട് ഗവണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ അഹ്മദ് ബിന്‍ ഹുമൈദാനാണ് ഉദ്ഘാടനം ചെയ്തത്. സ്മാര്‍ട് ദുബൈ അടക്കം നിരവധി സ്ഥാപനങ്ങളുടെ പവലിയനുകള്‍ ശ്രദ്ധേയമായി. ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും. 2020 ആകുമ്പോഴേക്കും ആഗോളതലത്തില്‍ 250 കോടി ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാകുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പോയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. പുതുതായി 3,700 കോടി വിഷയങ്ങള്‍ ഇന്റര്‍നെറ്റില്‍ ബന്ധിപ്പിക്കപ്പെടുമെന്നു ഐ ടി രംഗത്തെ പ്രമുഖരായ ‘സിസ്‌കോ’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദുബൈ ട്രേഡ് സെന്ററിലാണ് പ്രദര്‍ശനം.
2020 ആകുമ്പോഴേക്കും 250 കോടി ഇന്റര്‍നെറ്റ് കണക്ഷനുകളും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട 7,500 കോടി ഉപകരണങ്ങളും ഉണ്ടാകുമെന്ന് സോഫ്റ്റ് വെയര്‍ രംഗത്തെ പ്രമുഖ കമ്പനിയായ എസ് എ പി വിലയിരുത്തുന്നു. ഐ ടി മേഖല 65 ലക്ഷം കോടി ഡോളറിന്റെ വ്യാപാര സാധ്യതകള്‍ തുറന്നിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട വിവിധമേഖലകളിലെ നൂതന ആശയങ്ങളും ഉപകരണങ്ങളും വ്യാപാര സാധ്യതകളുമൊക്കെ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ഇന്റര്‍നെറ്റ് സുരക്ഷ, സ്വകാര്യത, നിക്ഷേപ സാധ്യത, വിദ്യാഭ്യാസരംഗം തുടങ്ങിയവയും ചര്‍ച്ച ചെയ്യപ്പെടും. 42 പ്രമുഖ കമ്പനികള്‍ പ്രദര്‍ശകരായെത്തും. രണ്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ നിരവധി സമ്മേളനങ്ങളും സെഷനുകളും അരങ്ങേറും. പ്രഥമ ‘ബിഗ് ഡാറ്റാ ഷോ’യും അനുബന്ധമായി നടക്കും. മധ്യപൂര്‍വേഷ്യയില്‍നിന്നുള്ള കമ്പനികള്‍ക്ക് ഐ ടി മേഖലയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങള്‍ പരിചയപ്പെടാനും തിരഞ്ഞെടുക്കാനും മേള ഉപകാരപ്പെടുമെന്ന് വേള്‍ഡ് ട്രേഡ് സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ട്രിക്‌സീ ലോ മിര്‍മാന്‍ഡ് അഭിപ്രായപ്പെട്ടു.