ലണ്ടനില്‍ ശിരോവസ്ത്രം ധരിച്ച യുവതിക്ക് നേരെ സംഘം ചേര്‍ന്ന് ആക്രമണം

Posted on: June 9, 2015 4:59 am | Last updated: June 8, 2015 at 10:55 pm

hijabലണ്ടന്‍: ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ മുസ്‌ലിം യുവതിക്ക് നേരെ ആക്രമണം. ലണ്ടന്‍ നഗരത്തിലാണ് സംഭവം. ഹിജാബ് ധരിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ഒരു കൂട്ടം സ്ത്രീകള്‍ മുസ്‌ലിം വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. സൗത്ത് ലണ്ടനിലെ അല്‍ഖൈര്‍ സ്‌കൂളില്‍ നിന്ന് മക്കളെ കൂട്ടിക്കൊണ്ടുവരാന്‍ ഇറങ്ങിയപ്പോഴാണ്, ഇവരുടെ ഹിജാബ് വലിച്ചുകീറി, ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതികളായ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തതായും മറ്റൊരു സ്ത്രീക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. സഭ്യമല്ലാത്ത ഭാഷയില്‍ വീട്ടമ്മയോട് തട്ടിക്കയറിയ യുവതികള്‍ ഇവരെ ഇടിച്ചു താഴെയിടുകയും ചവിട്ടുകയും ചെയ്തു. സ്ത്രീകളില്‍ ഒരാള്‍ തന്റെ തലപിടിച്ച് താഴേക്ക് പിടിച്ചപ്പോള്‍ മറ്റുരണ്ടുപേരും ചേര്‍ന്ന് ശരീരത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് 18 ഉം മറ്റേ സ്ത്രീക്ക് 35 ഉം ആണ് പ്രായമെന്ന് പോലീസ് വ്യക്തമാക്കി. സംഭവം വളരെ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അടുത്തകാലത്തായി യൂറോപ്യന്‍ രാജ്യങ്ങളില്‍ വംശീയമായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.