ഫാസ്റ്റ് ഫുഡ്: എല്ലാ ബ്രാന്‍ഡും ലാബിലേക്ക്

Posted on: June 9, 2015 5:34 am | Last updated: June 9, 2015 at 2:34 pm

noodles maggy

ന്യൂഡല്‍ഹി: നെസ്‌ലേയുടെ നൂഡില്‍സ് ഉത്പന്നമായ മാഗി കമ്പോളത്തില്‍ നിന്ന് പൂര്‍ണമായും പിന്‍വലിക്കാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉത്തരവിട്ടതിനു പിന്നാലെ പ്രമുഖ ഫാസ്റ്റ് ഫുഡ് ബ്രാന്‍ഡുകള്‍ മുഴുവന്‍ പരിശോധിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) ഉത്തരവിട്ടു. പ്രമുഖ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന പാടോപ് റമിയന്‍, ഫൂഡില്‍സ്, വൈ വൈ തുടങ്ങിയ നൂഡില്‍സ് ബ്രാന്‍ഡുകളാണ് പരിശോധിക്കുന്നത്. മാഗിയുടെ വിവിധ വകഭേദങ്ങളും വിശദ പരിശോധനക്ക് വിധേയമാക്കും. അനുവദനീയമായതിലും കൂടുതല്‍ കറുത്തീയത്തിന്റെയും ആരോഗ്യത്തിന് ഹാനികരമായ വിധത്തില്‍ മോണോ സോഡിയും ഗ്ലൂക്കോമേറ്റിന്റെയും അംശം ഉണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് മാഗി രാജ്യവ്യാപകമായി നിരോധിക്കാന്‍ നേരത്തെ ഉത്തരവിട്ടത്. ഈ സാഹചര്യത്തിലാണ് മറ്റ് ബ്രാന്‍ഡുകളും വിശദ പരിശോധനക്ക് വിധേയമാക്കുന്നത്.
വിവിധ ബ്രാന്‍ഡുകളിലുള്ള നൂഡില്‍സ് ഉള്‍പ്പെടെയുള്ളവയുടെ സാമ്പിളുകള്‍ അംഗീകൃത ലാബുകളില്‍ പരിശോധനക്ക് അയക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സി ഇ ഒ. വൈ എസ് മാലിക് സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. നെസ്‌ലെ ഇന്ത്യ, ഇന്‍ഡോ നിസിന്‍ ഫുഡ് ലിമിറ്റഡ്, ജി എസ് കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍, സി ജി ഫുഡ്‌സ് ഇന്ത്യ, രുചി ഇന്റര്‍നാഷനല്‍, എ എ ന്യൂട്രീഷ്യന്‍ എന്നീ കമ്പനികളുടെ ഉത്പന്നങ്ങള്‍ വിശദ പരിശോധനക്ക് വിധേയമാക്കണമെന്നാണ് എഫ് എസ് എസ് എ ഐയുടെ ഉത്തരവില്‍ പറയുന്നത്. ഈ കമ്പനികള്‍ വിപണിയിലെത്തിക്കുന്ന മുഴുവന്‍ ഉത്പന്നങ്ങളും പരിശോധിക്കും. ഏഴ് ബ്രാന്‍ഡുകള്‍ക്ക് മാത്രമാണ് എഫ് എസ് എസ് എ ഐയുടെ അനുമതിയുള്ളത്. രുചി ഇന്റനാഷനല്‍, സി ജി ഫുഡ്‌സ്, ഗ്ലാസ്‌ഗോസ്മിത്ത്‌ലൈന്‍, നെസ്‌ലെ, എ എ ന്യൂട്രീഷ്യന്‍, ഇന്‍ഡോ നിസിന്‍, ഐ ടി സി എന്നിവയാണ് അവ. ഇപ്പോള്‍ പ്രഖ്യാപിച്ച പരിശോധന പൂര്‍ത്തിയാകുന്നതോടെ ഇതില്‍ ഏതെല്ലാം ബ്രാന്‍ഡുകള്‍ക്ക് അനുമതി നഷ്ടമാകുമെന്ന് അറിയാനാകും.
സി ജി ഫുഡ്‌സ് വിപണിയിലിറക്കുന്ന വൈ വൈ നൂഡില്‍സ്, ഭുജിയ ചിക്കന്‍ സ്‌നാക്ക്‌സ്, രുചി ഇന്റര്‍നാഷനലിന്റെ കോക ഇന്‍സ്റ്റന്റ് നൂഡില്‍സ്, ജി എസ് കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയറിന്റെ ഫൂഡില്‍സ്, നെസ്‌ലെ മാഗിയുടെ ഒമ്പത് വകഭേദങ്ങള്‍ തുടങ്ങിയവ വിശദ പരിശോധനക്ക് വിധേയമാക്കും. ഇന്‍ഡോ നിസിന്‍സിന്റെ ടോപ് റെമിയന്‍ ആട്ട മസാല, ഐ ടി സിയുടെ മൂന്ന് നൂഡില്‍ ബ്രാന്‍ഡുകളും യമ്മി ചിക്കന്‍, എ എ ന്യൂട്രീഷ്യന്‍ പുറത്തിറക്കുന്ന വെജിറ്റേറിയന്‍ നൂഡില്‍സ് തുടങ്ങിയവയും പരിശോധനയുടെ പരിധിയില്‍ വരും. എഫ് എസ് എസ് എ ഐയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നതെന്ന് സി ജി ഫുഡ്‌സ് സി ഇ ഒ. ജി പി ഷാ പറഞ്ഞു. അധികൃതര്‍ നടത്തുന്ന എല്ലാവിധ പരിശോധനകളോടും സഹകരിക്കുമെന്നും ഷാ പറഞ്ഞു. മറ്റ് കമ്പനി പ്രതിനിധികള്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
മാഗിയില്‍ അനുവദിച്ചതിലും കൂടുതല്‍ കറുത്തീയത്തിന്റെയും മോണോ സോഡിയം ഗ്ലൂക്കോമേറ്റിന്റെയും അംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി നിരോധിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളും മാഗി നൂഡില്‍സിന്റെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. ഭക്ഷ്യ ഉത്പന്നങ്ങള്‍ പരിശോധിച്ച ശേഷം മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തുകയാണെങ്കില്‍ എഫ് എസ് എസ് നിയമപ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും കേസെടുത്ത് നടപടി സ്വീകരിക്കാന്‍ എഫ് എസ് എസ് എ ഐ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യത്തിന് ഹാനികരമായ രീതിയിലുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.