മതം പഠിക്കാത്തവര്‍ മതനിയമങ്ങളില്‍ ഇടപെടരുത്: കാന്തപുരം

Posted on: June 8, 2015 6:02 pm | Last updated: June 8, 2015 at 6:02 pm

Kanthapuramകോഴിക്കോട്: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മതവിദ്യാഭ്യാസത്തോടുള്ള വിരക്തി ആശങ്കാജനകമാണെന്നും ഇത്തരം പ്രവണതകള്‍ തീവ്രവാദവും വര്‍ഗീയതയും വളര്‍ത്തുമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന:സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മതം പഠിക്കാതെ മതനിയമങ്ങള്‍ പറയുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ഇത് മതത്തിനെന്ന പോലെ സമൂഹത്തിനും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഭൗതികവിദ്യാഭ്യാസം കൂടിവരുന്ന ആധുനിക സാഹചര്യത്തില്‍ ഇത്തരം വിദ്യാര്‍ത്ഥികള്‍ മതവും കൂടി പഠിക്കാന്‍ തയ്യാറാകണം. മതപഠനവിദ്യാര്‍ത്ഥികള്‍ ഇനിയും ധാരാളം ഉയര്‍ന്നുവരണം. എന്നാല്‍ മാത്രമേ രാജ്യത്ത് സമാധാനമുണ്ടാവൂ-കാന്തപുരം പറഞ്ഞു.

പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ ഈ വര്‍ഷത്തെ പ്ലസ് വണ്‍ ബാച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മര്‍കസ ്ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി, പ്രിന്‍സിപ്പല്‍ ഡോ: ഉമറുല്‍ ഫാറൂഖ് സഖാഫി, നൗഫല്‍ നൂറാനി, അബൂസ്വാലിഹ് സഖാഫി, മുഹമ്മദ് സഖാഫി, ഇര്‍ഫാന്‍ നൂറാനി, ശാഫി നൂറാനി എന്നിവര്‍ പ്രസംഗിച്ചു.