രാഷ്ട്രീയ സമ്മര്‍ദം: സ്‌ഫോടനക്കേസുകളില്‍ ആഴത്തിലുള്ള അന്വേഷണമില്ല

Posted on: June 7, 2015 10:37 am | Last updated: June 7, 2015 at 10:37 am

bomb blastകണ്ണൂര്‍: കണ്ണൂരില്‍ അടിക്കടിയുണ്ടാകുന്ന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടുന്നത് ബോംബ് നിര്‍മാണങ്ങള്‍ക്കും ബോംബാക്രമങ്ങള്‍ക്കും വീണ്ടും വഴിയൊരുക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലായി ബോംബ് സ്‌ഫോടനത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചോ അപകടത്തില്‍പ്പെട്ടതിനെക്കുറിച്ചോ ആഴത്തിലുള്ള അന്വേഷണമുണ്ടാകാത്തതാണ് വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയില്‍ മാത്രം തുടരുന്ന ബോംബ് രാഷ്ടീയത്തിന് പ്രചോദനമാകുന്നത്. രാഷ്ട്രീയ അക്രമങ്ങള്‍ക്ക് വേണ്ടിയാണ് കണ്ണൂരില്‍ ബോംബ് നിര്‍മിക്കുന്നതെന്ന് സുവ്യക്തമായിട്ടും ഇത് പൂര്‍ണമായും തടയാനോ കുറ്റവാളികളെ കൃത്യമായി കണ്ടെത്താനോ പോലീസിന് കഴിയാറില്ല. കണ്ണൂരില്‍ വീണ്ടും ബോംബ് നിര്‍മാണം തകൃതിയായി നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം തന്നെ പലപ്പോഴും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പാര്‍ട്ടി കേന്ദ്രങ്ങളിലും തീവ്രവാദ സംഘങ്ങളുടെ കേന്ദ്രങ്ങളിലും തങ്ങളുടെ ശക്തി തെളിയിക്കാനായി ബോബുകള്‍ നിര്‍മിച്ചു കൂട്ടുന്നതായാണ് പലപ്പോഴായി നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇവ കണ്ടെത്തുന്നതിന് പോലീസ് ശുഷ്‌കാന്തി കാട്ടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. എന്നാല്‍ കേസന്വേഷണം പലപ്പോഴും തടസ്സപ്പെടുന്നതിനും വഴിമുട്ടുന്നതിനും കാരണം രാഷ്ട്രീയ സമ്മര്‍ദമാണെന്ന ആക്ഷേപം പോലീസും ഉന്നയിക്കുന്നു. ഇത്തരത്തില്‍ ഏതെങ്കിലുമൊരു കേസ് ഏറ്റെടുത്തു കഴിഞ്ഞാല്‍ യഥാര്‍ഥ കുറ്റവാളിയിലെത്തും മുമ്പ് ഉന്നതതല ഇടപെടലുകളുണ്ടാകാറുണ്ടെന്നാണ് പോലീസുകാര്‍ രഹസ്യമായി സമ്മതിക്കുന്നത്.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ എട്ട് പേരാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും നിരവധിയാണ്. ഇതില്‍ എത്ര കേസുകളില്‍ കൃത്യമായ അന്വേഷണം നടന്നുവെന്ന് വ്യക്തമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നുമില്ല. അതേസമയം, നേരത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ബോംബ് നിര്‍മാണങ്ങളും മറ്റും നടന്നിരുന്നതെങ്കില്‍ കണ്ണൂരിന്റെ ബോംബ് രാഷ്ട്രീയം പാര്‍ട്ടികളുടെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് വളരുകയാണെന്നാണ് അടുത്ത കാലത്തെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. നിര്‍മാണത്തിനിടെയുള്ള ബോംബ് സ്‌ഫോടനങ്ങള്‍ കണ്ണൂരില്‍ പതിവാകുമ്പോഴും നിര്‍മാണത്തിനും സംഭരണത്തിനും തെല്ലുമില്ല കുറവെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. കൊലപാതക രാഷ്ട്രീയം തുടങ്ങിയ കാലം മുതല്‍ ജില്ലയിലെ രാഷ്ട്രീയക്കാര്‍ക്ക് ബോംബ് ഒരു പ്രധാന ആയുധമായിരുന്നു. ഭീതി പരത്തുന്നതിനും എറിഞ്ഞു കൊല്ലുന്നതിനും ബോംബു തന്നെയാണ് പ്രധാനമായി ഉപയോഗിക്കുന്നത്. സ്ഥലത്തെത്തുന്ന പോലീസ് സംഘത്തെ ബോംബെറിഞ്ഞ് തുരത്തുന്നതും അടുത്ത കാലത്ത് സ്വീകരിച്ച കണ്ണൂര്‍ ശൈലിയാണ്.
കൈയിലിരുന്ന് ബോംബ് പൊട്ടിയാല്‍ എതിരാളി എറിഞ്ഞതാണെന്ന് ആരോപിച്ച് തടിതപ്പുകയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ രീതി. സ്ഥലമറിയാതെയെത്തുന്ന ആക്രമികള്‍ അടയാളം മാറി ബോംബെറിഞ്ഞ് രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നവരുടെ വീടുകള്‍ പോലും തകര്‍ക്കുന്ന സംഭവങ്ങളും ഇടക്കിടെ ആവര്‍ത്തിക്കപ്പെടുന്നു. സജീവ രാഷ്ട്രീയത്തിലുള്ളവരുടെ അയല്‍വാസികളും ഇതിനാല്‍ തന്നെ പേടിക്കേണ്ട സ്ഥിതിയാണ്. തലശ്ശേരി, പെരിങ്ങളം, കൂത്തുപറമ്പ് മണ്ഡലങ്ങളിലാണ് പ്രധാനമായും രാഷ്ട്രീയ പാര്‍ട്ടികളുടെ ബോംബ് നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നത്. വലിയ മരത്തിന്റെ ഇരുവശത്തും കൂടി വട്ടത്തില്‍ പിടിച്ച് കൈയെത്തിച്ചാണത്രെ ബോംബുകെട്ടുക. അഥവാ പൊട്ടിത്തെറിക്കുകയാണെങ്കില്‍ കൈ ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ക്കൊന്നും പരുക്കേല്‍ക്കാതിരിക്കാനാണ് ഈ രീതി സ്വീകരിക്കുന്നത്. നീളമേറിയ ബഞ്ചിന്റേയോ ഡസ്‌കിന്റേയോ കീഴെ പിടിച്ചും ബോംബ് കെട്ടാറുണ്ട്. എന്നാല്‍ സമീപകാലത്തായി ബോംബ് നിര്‍മാണ ശൈലിയിലും മാറ്റം വന്നിട്ടുണ്ടത്രെ. മാരക വിഷങ്ങളും ചീളുകളും മറ്റും കലര്‍ത്തി ബോംബ് നിര്‍മിക്കുന്നവരുമുണ്ട്.
പരമ്പരാഗത ചേരുവകളില്‍ നിന്നും മാറി പുതുപരീക്ഷണങ്ങള്‍ നടത്തുമ്പോഴാണ് നിര്‍മാണത്തിനിടെ പൊട്ടിത്തെറികളിലേറേയുമുണ്ടാകുന്നത്. നേരത്തെ വെടിമരുന്ന്, ഇരുമ്പുകഷ്ണങ്ങള്‍, ആണി, കുപ്പിച്ചില്ല് തുടങ്ങിയവയായിരുന്നു നിര്‍മാണ ചേരുവ. എന്നാല്‍ സമീപകാലത്തായി കതിരൂരില്‍ നിന്ന് പിടിച്ചെടുത്ത ബോംബില്‍ ചേര്‍ത്തത് ആള്‍സനിക് സള്‍ഫേറ്റായിരുന്നുവെന്നതും ബോംബ് രാഷ്ട്രീയത്തിന്റെ വര്‍ധിച്ച അപകടാവസ്ഥ ബോധ്യപ്പെടുത്തുന്നു.