ഭാരതപ്പുഴയുടെ കയങ്ങളില്‍ മുങ്ങിമരണം വര്‍ധിക്കുന്നു

Posted on: June 6, 2015 12:34 pm | Last updated: June 6, 2015 at 12:34 pm

barathappuzhaവളാഞ്ചേരി: ഭാരതപ്പുഴയുടെ കയങ്ങളില്‍ മുങ്ങിമരണം വര്‍ധിക്കുന്നു. പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അപകട മുന്നറിയിപ്പും സുരക്ഷാ നിര്‍ദേശങ്ങളും നല്‍കിയിട്ടും അധികൃതര്‍ മുഖവിലക്കെടുത്തില്ലെന്ന പരാതിയുണ്ട്.
കുറ്റിപ്പുറം പാലത്തിന് സമീപം കോഴിക്കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തിന് ശേഷം വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എ എം സിദ്ദീഖ് മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് നല്‍കിയിരുന്നു.
പാലത്തിന് സമീപം തടയണ കെട്ടി മണല്‍ എത്തിച്ച് പുഴയുടെ ആഴം കുറക്കാനുള്ള പദ്ധതി റിപ്പോര്‍ട്ട് കുറ്റിപ്പുറം, തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റിനും ജില്ലാ പഞ്ചായത്ത്, കലക്ടര്‍ എന്നിവര്‍ക്കാണ് നല്‍കിയത്.
അനധികൃത മണല്‍ കടത്തിനിടെ രൂപപ്പെട്ട കുഴികള്‍ ഇല്ലാതാക്കാനും പദ്ധതികൊണ്ട് സാധിക്കും. വര്‍ഷംതോറും തൃക്ക്ണാപുരത്തെ കുടിവെള്ള പദ്ധതിക്കായി ബണ്ട് കെട്ടുന്നതിനായി ലക്ഷങ്ങളാണ് ചിലവഴിക്കുന്നത്. താത്കാലിക ബണ്ടിന് പകരം സ്ഥിരം ബണ്ട് നിര്‍മിക്കുകയാണെങ്കിലും സാമ്പത്തിക ലാഭവും പുഴയില്‍ പൊലീയുന്ന ജീവനും രക്ഷിക്കാനാകുമെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
തൃക്ക്ണാപുരത്തെ അനധികൃത മണല്‍ കടത്താണ് കഴിഞ്ഞ ദിവസത്തെ അപകടത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. രേഖാമൂലം പൊലീസിന് പരാതി നല്‍കിയിട്ടും പരിശോധനയില്ലെന്നും ആരോപണമുണ്ട്.