Connect with us

Editorial

മുല്ലപ്പെരിയാര്‍: ആരെ വിശ്വസിക്കണം?

Published

|

Last Updated

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ എന്താണിപ്പോള്‍ സംഭവിച്ചത്? പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അനുവാദം നല്‍കിയെന്നാണ് ഡല്‍ഹിയില്‍ കേരളത്തിന്റെ ഉദ്യോഗസ്ഥ സംഘം പ്രഖ്യാപിച്ചത്. മല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളത്തിന് അനുകൂലമായൊരു വിധി കേന്ദ്രത്തില്‍ നിന്നോ സുപ്രീംകോടതിയില്‍ നിന്നോ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍ മാധ്യമങ്ങള്‍ ഇത് നന്നായി ആഘോഷിക്കുകയും ചെയ്തു. മാത്രമല്ല, കേന്ദ്രാനുമതിയുടെ അടിസ്ഥാനത്തിലാണത്രെ പരിസ്ഥിതി ആഘാത പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ സെക്കന്‍ഡറാബാദ് ആസ്ഥാനമായുള്ള പ്രഗതി ലാബ്‌സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സുമായി കരാറില്‍ ഏര്‍പ്പെടുകയും ഒരാഴ്ചക്കകം പഠനം തുടങ്ങാന്‍ ധാരണയാവുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം കേരളത്തിന്റെ അവകാശവാദം തിരത്തിക്കൊണ്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം രംഗത്തെത്തി. പരിസ്ഥിതി ആഘാത പഠനത്തിന് കേരളത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും ഇതേക്കുറിച്ചുള്ള കേരള സംഘത്തിന്റെ പ്രഖ്യാപനം തെറ്റാണെന്നുമാണ് കേന്ദ്രത്തിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ആരാണിവിടെ കേരളീയരെ വഞ്ചിച്ചത്? സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവികളോ കേന്ദ്ര സര്‍ക്കാറോ? കേരളത്തിന് അനുമതി ലഭിച്ചെന്ന വാര്‍ത്ത സത്യമാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ പിന്നീട് നടത്തിയ സമ്മര്‍ദങ്ങളുടെ ഫലമായാണ് മന്ത്രാലയത്തിന്റെ നിഷേധക്കുറിപ്പ് വന്നതെന്നുമാണ് സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം. ജനം ആരെ വിശ്വസിക്കണം?
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിനും തമിഴ്‌നാടിനുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ തുടരെത്തുടരെ തമിഴ്‌നാട് മേല്‍ക്കൈ നേടുന്നത് യാദൃച്ഛികമല്ല. മര്‍മം നോക്കി കളിക്കുന്നതില്‍ തമിഴ്‌നാടിനുള്ള മിടുക്കാണ് കേന്ദ്രത്തിലും നീതിപീഠത്തിലും അവര്‍ നേടുന്ന വിജയത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതൊരു അഭിമാന പ്രശ്‌നമായി കണ്ട് പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള നീക്കം ഏത് വിധേനയും തടയാന്‍ തമിഴ്‌നാട് പ്രതിജ്ഞാബദ്ധമാണ്. തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ കരുതലോടെയും തന്ത്രപരവുമായാണ് വിഷയം കൈകാര്യം ചെയ്യുന്നത്. ചില മുന്‍നിര മലയാള പത്രങ്ങളെ പോലും വിലക്കെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. അതേസമയം രാഷ്ട്രീയമായും നിയമപരമായും സ്വന്തം നിലപാടുകള്‍ അവതരിപ്പിക്കുന്നതിലും രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ചു സമ്മര്‍ദതന്ത്രം പ്രയോഗിക്കുന്നതിലും കേരളത്തിന്റെ ഭരണനേതൃത്വത്തിനും ഉദ്യോഗസ്ഥവൃന്ദത്തിനും സാമര്‍ഥ്യമോ മതിയായ ശുഷ്‌കാന്തിയോ ഇല്ല. 1886 ഒക്ടോബറില്‍ ബ്രിട്ടീഷ് അധീനതയിലുള്ള മദ്രാസ് പ്രസിഡന്‍സിയും തിരുവിതാംകൂര്‍ നാട്ടുരാജ്യവും തമ്മിലുള്ള ഒരു പാട്ടക്കരാറിന്റെ ബലത്തിലാണ് മുല്ലപ്പെരിയാറിലെ ജലത്തിന് തമിഴ്‌നാട് ഇപ്പോഴും അവകാശ വാദമുന്നയിച്ചു കൊണ്ടിരിക്കുന്നത്. രാജ്യം സ്വതന്ത്രമായതോടെ ഈ കരാര്‍ കാലഹരണപ്പെട്ടതാണ്. പിന്നീട് തമിഴ്‌നാടിന് ജലം നല്‍കാനുള്ള യാതൊരു ബാധ്യതയും കേരളത്തിനില്ലെന്നിരിക്കെ സംസ്ഥാനത്തിന് അനുകൂലമായി പുതിയ കരാര്‍ ഒപ്പുവെക്കാനുള്ള സുവര്‍ണാവസരം അന്ന് കൈവന്നതാണ്. അതിനുള്ള നീക്കങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ നടത്തിയില്ലെന്ന് മാത്രമല്ല, 1970ല്‍ കാലഹരണപ്പെട്ട പാട്ടക്കരാര്‍ തമിഴ്‌നാടിന് അനുകൂലമായി സര്‍ക്കാര്‍ പുതുക്കുകയാണുണ്ടായത്. പ്രശ്‌നം പരിഹരിക്കാനുള്ള മറ്റൊരവസരം 1979ല്‍ കേരളത്തിന് കൈവന്നു. കെ കരുണാകരന്റെ നേതൃത്വത്തിലുള്ള അന്നത്തെ കേരള സര്‍ക്കാറും എം ജി ആറിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാറും പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ധാരണയായി. ഇതിനുള്ള സര്‍വെ നടപടികള്‍ക്കും തുടക്കമിട്ടിരുന്നു. എന്നാല്‍ കേരളം പിന്നീട് വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീംകോടതിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം തമിഴ്‌നാടിന് അനുമതി ലഭിച്ചതും കേരളത്തിന്റെ അനാസ്ഥ മൂലമാണെന്ന് പരാതിയുണ്ട്. തമിഴ്‌നാടിന്റെ 1970ലെ വനം നിയമം ലംഘനം, 1980ലെ പരിസ്ഥിതി നിയമത്തിന്റെ ലംഘനം, 1972ലെ വന്യജീവി നിയമത്തെ ബാധിക്കുന്ന വിഷയങ്ങള്‍ തുടങ്ങി കേസുമായി ബന്ധപ്പെട്ട പല മുഖ്യ പ്രശ്‌നങ്ങളും കോടതി മുമ്പാകെ ഉന്നയിക്കുന്നതില്‍ കേരളം പരാജയപ്പെടുകയായിരുന്നു.
ദശാബ്ദങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ച നിരക്കില്‍ ഇപ്പോഴും കിട്ടുന്നത്രയും വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാട് കാണിക്കുന്ന രാഷ്ട്രീയ, സമ്മര്‍ദ്ദ ത്ര്രന്തങ്ങളെ ഇടുക്കിയിലെയും പരിസര പ്രദേശങ്ങളിലെയും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് അണക്കെട്ട് ഉയര്‍ത്തന്ന ഭീഷണി ചൂണ്ടിക്കാട്ടി പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് കഴിയണം. തമിഴ്‌നാട് സര്‍ക്കാറുകളുടെ നിഷേധാത്മക നിലപാടിനെയും വഞ്ചനയെയും കുറിച്ച് അധിക്ഷേപിച്ചു ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാതെ ദേശീയ കാഴ്ചപ്പാടോടെ പ്രശ്‌നം അവതരിപ്പിച്ചു പരിഹരിക്കാനുള്ള രാഷ്ട്രതന്ത്രജ്ഞതയാണ് സംസ്ഥാന ഭരണ നേതൃത്വം കാണിക്കേണ്ടത്. ഒരു ഫെഡറല്‍ ഭരണ സംവിധാനത്തിന് കീഴില്‍ ജനങ്ങളുടെ ജീവത്തായ തര്‍ക്കവിഷയങ്ങള്‍ അനിയന്ത്രിതമായി നീട്ടിക്കൊണ്ടുപോകുന്നത് ജനവഞ്ചനയും കാപട്യവുമാണെന്ന് കേന്ദ്രവും ഓര്‍ത്തിരിക്കേണ്ടതാണ്.

Latest