കെ എസ് ആര്‍ ടി സിയെ വിമര്‍ശിച്ച ഡി ടി ഒക്ക് സസ്‌പെന്‍ഷന്‍

Posted on: June 6, 2015 5:25 am | Last updated: June 6, 2015 at 12:25 am

കോട്ടയം: പാലായില്‍ ധനമന്ത്രി കെ എം മാണി പങ്കെടുത്ത യോഗത്തില്‍ കെ എസ് ആര്‍ ടി സിയെ വിമര്‍ശിച്ചെന്നാരോപിച്ച് കോട്ടയം ഡിസ്ട്രിക്ട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ സസ്‌പെന്റ് ചെയ്തു. കോട്ടയം ഡി ടി ഒ ജോര്‍ജ് തോമസിനെയാണ് കോര്‍പറേഷന്‍ എം ഡി സസ്‌പെന്റ് ചെയ്തത്.
ജൂണ്‍ ഒന്നിന് ഇറക്കിയ ഓര്‍ഡര്‍ ഇന്നലെയാണ് ഡി ടി ഒക്ക് ലഭിച്ചത്. കഴിഞ്ഞ മെയ് ഒമ്പതിന് പാലാ ഡിപ്പോയിലെ മൂന്ന് ജന്റം സര്‍വീസുകളുടെ ഉദ്ഘാടനം സ്ഥലം എം എല്‍ എയും മന്ത്രിയുമായ കെ എം മാണി നിര്‍വഹിച്ച വേദിയില്‍ സ്വാഗതം പറയുകയായിരുന്നു ഡി ടി ഒ. പാലാ ഡിപ്പോയില്‍ ജീവനക്കാരുടെ കുറവ് നിമിത്തം പഴയ സര്‍വീസുകള്‍ കാന്‍സല്‍ ചെയ്താണ് പുതിയവ തുടങ്ങുന്നതെന്നും നിലവില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക് എന്നീ വിഭാഗം ജീവനക്കാരുടെ കുറവുണ്ടെന്നും പൊതുവേദിയില്‍ പറഞ്ഞതാണ് സസ്‌പെന്‍ഷനു കാരണമായി എം ഡിയുടെ ഓര്‍ഡറില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ജീവനക്കാരുടെ കുറവ് മൂലം നിലവിലുള്ള സര്‍വീസുകള്‍ മുടങ്ങുന്നുണ്ടെന്നു മാത്രമാണ് ഡി ടി ഒ പറഞ്ഞത്. പുതിയ സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച പരാമര്‍ശമൊന്നും ചെയ്തിരുന്നില്ലെന്നും ജോര്‍ജ് തോമസ് പറയുന്നു. പാലാ- പൊന്‍കുന്നം ഓര്‍ഡിനറി ചെയിന്‍ സര്‍വീസുകളും പാലാ- തൊടുപുഴ ചെയിന്‍ സര്‍വീസുകളും മുടങ്ങിയിരുന്നു. പാലാ- തൊടുപുഴ റൂട്ടില്‍ ആകെയുള്ള 16 സര്‍വീസുകളില്‍ ശരാശരി 12 എണ്ണം മാത്രമായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ജീവനക്കാരുടെ കുറവ് മൂലമാണ് ഈ സര്‍വീസുകള്‍ മുടങ്ങുന്നതെന്നു ചൂണ്ടിക്കാണിക്കുക മാത്രമാണ് ഡി ടി ഒ ചെയ്തത്. ഇത് ഗുരുതരമായ കുറ്റമായി കണക്കാക്കിയാണ് വിശദീകരണം പോലും ചോദിക്കാതെ ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കോര്‍പറേഷനിലെ ഉന്നത പദവി വഹിക്കുന്നതും കോര്‍പറേഷന്റെ പ്രതിനിധിയുമായിട്ടുള്ള ഡി ടി ഒ ഈ വിഷയം വകുപ്പ്തലത്തില്‍ പരിഹരിക്കുന്നതിനു പകരം മന്ത്രി പങ്കെടുത്ത പൊതുവേദിയില്‍ വിമര്‍ശിച്ച് സര്‍വീസ് ഓപറേഷന്‍ കാര്യക്ഷമമല്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗം നടത്തിയത് ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്ന് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പറയുന്നു. ഡ്യൂട്ടി പാസ് ഉടന്‍ തന്നെ തിരിച്ചേല്‍പ്പിക്കണമെന്നും ഓര്‍ഡര്‍ പറയുന്നു. എറണാകുളം, തൊടുപുഴ, മൂവാറ്റുപുഴ, പാലാ ഓഫീസുകളില്‍ സേവനം ചെയ്തിട്ടുള്ള ജോര്‍ജ് തോമസ് നാല് മാസമായി കോട്ടയം ഡി ടി ഒ ആയി സേവനമനുഷ്ടിച്ച് വരികയായിരുന്നു. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ മാനേജിംഗ് ട്രസ്റ്റി ഡിജോ കാപ്പന്‍ ഡി ടി ഒക്കെതിരെ കെ എസ് ആര്‍ ടി സി. എം ഡിക്ക് നല്‍കിയ പരാതിയിലാണ് നടപടി.