ലോകായുക്തക്കെതിരെ സി പി എം തിരഞ്ഞെടുപ്പ് കമ്മീഷനില്‍

Posted on: June 6, 2015 5:24 am | Last updated: June 6, 2015 at 12:25 am

cpmതിരുവനന്തപുരം: ചില സ്ഥാനാര്‍ഥികള്‍ക്ക് വിവാദ പാറ്റൂര്‍ ഭൂമിയില്‍ ഫഌറ്റുകളുണ്ടെന്ന് ലോകായുക്ത. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ലോകായുക്ത നടത്തിയ പരാമര്‍ശത്തിനെതിരെ സി പി എം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശബരീനാഥിനൊഴികെ ചിലര്‍ക്ക് പാറ്റൂരില്‍ ഫഌറ്റുണ്ടെന്ന് ലോകായുക്ത പയസ് കുര്യാക്കോസ് ഇന്നലെ പാറ്റൂര്‍ കേസ് പരിഗണനക്കിടെ അഭിപ്രായപ്പെട്ടു. ഇതിനെതിരെ സി പി എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ശിവന്‍കുട്ടി എം എല്‍ എ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
പാറ്റൂര്‍ ഫഌറ്റില്‍ നേതാക്കളായ ആര്‍ക്കൊക്കെ ഫഌറ്റ് ഉണ്ടെന്ന് വ്യക്തമാക്കണമെന്ന് ലോകായുക്ത നിര്‍മാണ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിശദാംശങ്ങള്‍ നല്‍കാനാകില്ലെന്നും ഉടമകളെ വഞ്ചിക്കാനാകില്ലെന്നുമാണ് നിര്‍മാതാക്കള്‍ ഇന്നലെ ലോകായുക്തയെ ധരിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് അരുവിക്കരയിലെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ചില സ്ഥാനാര്‍ഥികള്‍ക്ക് ഒന്നും രണ്ടും ഫഌറ്റുകളുണ്ടെന്ന് വാര്‍ത്തകളുണ്ടെന്നും എന്നാല്‍ ശബരീനാഥിന് ഫഌറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും ലോകായുക്ത പരാമര്‍ശം നടത്തിയത്. മാധ്യമങ്ങള്‍ പറയുന്നതുപോലെ പല ഉദ്യോഗസ്ഥരുടെ പേരുകള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ലോകായുക്ത പറഞ്ഞു.
അപക്വവും സമൂഹത്തിന്റെ നേര്‍വഴിക്ക് ചേരുന്നതുമല്ലാത്ത പരമാര്‍ശമാണ് ലോകായുക്ത നടത്തിയത്. ഉന്നത പദവിയിലിരിക്കുന്ന വ്യക്തിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണിതെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
പാറ്റൂര്‍ ഭൂമിയിടപാടു കേസിനെക്കുറിച്ച് അന്വേഷിച്ച ഡി ജി പി ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യമന്ത്രിക്കും മുന്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ നോട്ടീസ് അയക്കണോ എന്ന കാര്യത്തില്‍ അടുത്ത മാസം 10 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ്‌ക്യൂറി പ്രദീപ്കുമാറിനോട് ലോകായുക്ത ആവശ്യപ്പെട്ടു. പാറ്റൂരിലെ വിവാദഭൂമിയുടെ ഉടമസ്ഥരായ ആവൃതിമാളിന്റെ കൈവശം 13 സെന്റ് സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന് അഭിഭാഷക കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഈ ഭൂമി തിരികെ നല്‍കാന്‍ തയ്യാറാണെന്ന് ആവൃതിമാള്‍ ലോകായുക്തയെ അറിയിച്ചു.
വിവാദമായ പാറ്റൂര്‍ സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റം നടന്നിട്ടുണ്ടെന്ന് വിജിലന്‍സും റവന്യൂ വിഭാഗവും ലോകായുക്ത നിയോഗിച്ച അമിക്കസ്‌ക്യൂറിയുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു. 16 സെന്റ് വരുന്ന ഭൂമി തോട് പുറമ്പോക്കാണെന്ന് പരിശോധനയില്‍ അമിക്കസ്‌ക്യൂറി കണ്ടെത്തി. ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടികള്‍ തുടരാന്‍ തീരുമാനിച്ചിരുന്നു.
പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ തട്ടിയെടുത്തെന്നാണ് ആരോപണം. ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ എം സി മോഹന്‍ദാസ്, ഫഌറ്റ് നിര്‍മാതാക്കള്‍ അടക്കമുള്ളവരെ പ്രതിയാക്കിയാണ് പരാതി. പാറ്റൂര്‍ ഭൂമി റിയല്‍ എസ്‌റ്റേറ്റ് സംഘം കൈയേറിയതില്‍ റവന്യൂ വകുപ്പിന് വീഴ്ച പറ്റിയെന്നും് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.