സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കവെ റഷ്യന്‍ വിദ്യാര്‍ഥിനിയെ തുര്‍ക്കി അറസ്റ്റ് ചെയ്തു

Posted on: June 6, 2015 5:01 am | Last updated: June 6, 2015 at 12:02 am

മോസ്‌കോ: നിരന്തര യുദ്ധം മൂലം തകര്‍ന്നിരിക്കുന്ന സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കവെ റഷ്യന്‍ വിദ്യാര്‍ഥിനിയെ തുര്‍ക്കി അറസ്റ്റ് ചെയ്തു. മോസ്‌കോ സ്റ്റേറ്റ് യൂനിവേഴിസിറ്റി വിദ്യാര്‍ഥിനി വാര്‍വറ കരൗലോവ(19)യെയാണ് തുര്‍ക്കി അതിര്‍ത്തിയായ കിലിയില്‍ വെച്ച് അധികൃതരുടെ പിടിയിലായത്.
റഷ്യന്‍ തലസ്ഥാനത്ത് നിന്ന് കാണായതിന് ശേഷമാണ് തുര്‍ക്കി അതിര്‍ത്തിയില്‍ കരൗലോവ പിടിയിലായതെന്ന് റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
ഇപ്പോള്‍ തുര്‍ക്കി ഇമിഗ്രേഷന്‍ അധികൃതരുടെ അടുത്താണ് കരൗലോവയുള്ളതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
യൂനിവേഴ്‌സിറ്റിയിലെ സാസ്‌കാരിക പഠനം ഇസ്‌ലാമിനോടും അറബി ഭാഷയോടും ഉണ്ടാക്കിയ താത്പര്യമാണ് കരൗലോവയെ മെയ് 27ന് യൂനിവേഴ്‌സിറ്റി വിട്ട് ഇസ്താംബൂളിലേക്ക് പറക്കാനും സിറിയയിലെത്തി ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളിലേക്കും പ്രേരിപ്പിച്ചതെന്ന് പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇസ്താംബൂളിലുള്ള കരൗലോവയുടെ പിതാവും സിറിയയിലേക്ക് പ്രവേശിക്കുന്നതിനിടെ വിദ്യാര്‍ഥിനിയെ അധികൃതര്‍ പിടികൂടിയതായി മാധ്യമങ്ങളോട് പറഞ്ഞു. കരൗലോവക്കെതിരെ തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ ശ്രമിച്ചതിന് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം ക്രിമിനല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
യൂറോപ്പില്‍ നിന്നും സിറിയന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ആദ്യത്തെ യുവതിയല്ല കരൗലോവ. ഫെബ്രുവരിയില്‍ മൂന്ന് ലണ്ടന്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ സിറിയയിലേക്ക് കടന്നിരുന്നു. ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിന് ശേഷം തിരിച്ചെത്തിയ മറ്റൊരു ഫ്രഞ്ച് യുവതിയെ തുര്‍ക്കി അറസ്റ്റ് ചെയ്തിരുന്നതായും തുര്‍ക്കി അധികൃതര്‍ അറിയിച്ചു.
ചില റഷ്യന്‍ യുവതികളും ഐ എസില്‍ ചേരാന്‍ റഷ്യ വിട്ടതായും വടക്കന്‍ കോക്കസില്‍ നിന്നുള്ള നിരവധി ചെച്‌നിയന്‍ യുവാക്കളും ഐ എസിനു വേണ്ടി രാജ്യം വിട്ടതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.
13,500 വിദേശികളുടെ സിറിയയിലേക്കുള്ള യാത്ര ബ്ലാക്ക് ലിസ്റ്റിലുള്‍പ്പെടുത്തി തടഞ്ഞതായി തുര്‍ക്കി അറിയിച്ചു. ഇവരില്‍ 18 ശതമാനം യൂറോപ്യന്മാരും അമേരിക്കന്‍ വംശജരുമാണ്.