40 ശതമാനം ഫീസ് കൂട്ടാന്‍ സ്വകാര്യ സ്‌കൂളിന് അനുമതി

Posted on: June 5, 2015 7:22 pm | Last updated: June 5, 2015 at 7:22 pm

ഷാര്‍ജ: ഫീസ് 40 ശതമാനം വര്‍ധിപ്പിക്കാന്‍ എമിറേറ്റിലെ ഒരു സ്വകാര്യ വിദ്യാലയത്തിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ഷാര്‍ജ വിദ്യാഭ്യാസ മേഖലാ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചതോടെ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ബാധ്യത കൂടുമെന്നന്നുറപ്പായി.
ഫീസ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ കൈക്കൊള്ളാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഷാര്‍ജ വിദ്യാഭ്യാസ മേഖലാ അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ട്. ഫീസ് വര്‍ധന ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നേരത്തെ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മന്ത്രാലയം നടപടി കൈക്കൊണ്ടത്. നിലവിലുള്ളതിന്റെ 50 ശതമാനം ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതിക്കായിരുന്നു മന്ത്രാലയത്തെ സമീപിച്ചിരുന്നതെന്ന് സ്‌കൂള്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.
നിലവില്‍ 2800 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് പകുതി മാത്രമേ ഫീസീടാക്കുന്നുള്ളു. നടത്തിപ്പു ചിലവ് ഗണ്യമായി കൂടിയതിനാല്‍ സ്ഥാപനം മുമ്പോട്ടുകൊണ്ടുപോകല്‍ ഏറെ പ്രയാസകരമായ സാഹചര്യത്തിലാണ് 50 ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ അപേക്ഷയുമായി മന്ത്രാലയത്തെ സമീപിച്ചതെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. സ്‌കൂളിന്റെ സൗകര്യങ്ങളും സംവിധാനങ്ങളും വിപുലപ്പെടുത്തുന്നതിനും വന്‍തുക ആവശ്യമാണെന്ന് ജന. മാനേജര്‍ അറിയിച്ചു. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിലുള്ള സന്തോഷവും അദ്ദേഹം അറിയിച്ചു.
ഫീസ് വര്‍ധിപ്പിച്ചുകൊണ്ടുള്ള മന്ത്രാലയത്തിന്റെ ഉത്തരവ് അറിയിച്ച സ്‌കൂളിനു മുമ്പില്‍ 300 ലധികം വരുന്ന രക്ഷിതാക്കള്‍ തടിച്ചൂകൂടി, തങ്ങളുടെ പ്രതിഷേധം അധികൃതരെ അറിയിച്ചു. സംഘടിച്ചെത്തിയവര്‍ തീരുമാനത്തിനെതിരെ വിദ്യാഭ്യാസമേഖലാ അധികൃതര്‍ക്കും മന്ത്രാലയത്തിനും പരാതി നല്‍കിയെങ്കിലും ഇതുവരെ അധികൃതര്‍ നിലപാടു വ്യക്തമാക്കിയിട്ടില്ല. വൈകിയാണെങ്കിലും തങ്ങള്‍ക്കനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരാതി നല്‍കി കാത്തിരിക്കുന്ന രക്ഷിതാക്കള്‍.