Connect with us

Alappuzha

ആരിഫ് എം എല്‍ എയുടെ വീട്ടില്‍ മോഷണം

Published

|

Last Updated

ആലപ്പുഴ: അരൂര്‍ എം എല്‍ എ എ എം ആരിഫിന്റെ വീട്ടില്‍ മോഷണം. ആലപ്പുഴ നഗരസഭ ഇരവുകാട് വാര്‍ഡിലെ ആരണ്യകത്തില്‍ ഇന്നലെ പുലര്‍ച്ചെ 1.30നും രണ്ടിനുമിടയില്‍ നടന്ന മോഷണത്തില്‍ ആറ് പവനും 27000 രൂപയും മോഷ്ടാവ് കവര്‍ന്നു. വീടിന്റെ അടുക്കള വാതില്‍ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.
ഇരുനില വീടിന്റെ താഴത്തെ നിലയിലെ മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് പവനും 17,000രൂപയും എംഎല്‍എയുടെ കിടപ്പുമുറിയില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 10,000 രൂപയുമാണ് കവര്‍ന്നത്.
വീടിന്റെ അടുക്കള വാതിലിന് നാല് കൊളുത്തുകളും ക്രോസ്ബാറുമുണ്ടെങ്കിലും ഇന്നലെ ഒരു കൊളുത്തു മാത്രമേ ഇട്ടിരിന്നുള്ളു. ഈ കൊളുത്ത് തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്. ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടിയിരുന്നെങ്കിലും അലമാരയുടെ മുകളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ കണ്ടെത്തിയ മോഷ്ടാവ് ഇതുപയോഗിച്ച് അലമാര തുറക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് മോഷണം നടന്ന വിവരം വീട്ടുകാരറിഞ്ഞത്. എംഎല്‍എ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ആറോടെ സൗത്ത് പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. വീട് നിര്‍മിക്കുന്നതിന് ബേങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടക്കുന്നതിനായി അലമാരയില്‍ സൂക്ഷിച്ചിരുന്ന 17000 രൂപയും രണ്ട് വളകളും ഒരു കമ്മല്‍, മോതിരം എന്നിവയും എം എല്‍ എ ഓണറേറിയമായി ലഭിച്ച രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് എ എം ആരിഫ് എം എല്‍ എ പറഞ്ഞു.

Latest