ഊമക്കത്തും ജനാധിപത്യവും

Posted on: June 5, 2015 6:00 am | Last updated: June 5, 2015 at 12:35 am

ഊരായാല്‍ ആറു പേര്‍ വേണം, നേരു വിളിച്ചു പറയാന്‍ ഏഴാമതൊരുവന്‍ വേണം –
സുബ്രഹ്മണ്യഭാരതി
ഊമക്കത്തയക്കുന്നവരെ ധൈര്യമില്ലാത്തവര്‍ എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത്. കച്ചവട സിനിമാക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ തന്തയില്ലാത്തരം. ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കു നേര്‍ തെളിച്ചത്തിലും വെളിച്ചത്തിലും വാടാ എന്നൊക്കെ വെല്ലുവിളിക്കുന്നത് കേട്ടിട്ടില്ലേ. എന്നാല്‍; രാജ്യത്തിലായാലും സ്ഥാപനത്തിലായാലും, അധികാരം കൈയിലുള്ളവര്‍ അതിനെ അമിതാധികാരവും സ്വേഛാധികാരവും ആയി വളര്‍ത്തിയെടുക്കുകയും വിമതസ്വരങ്ങളെ അടിച്ചമര്‍ത്തുകയും പ്രതിഷേധക്കാരെ തടവിലിടുകയും അതിനായി നിയമങ്ങളും പട്ടാള-പോലീസ് വാഴ്ചയും പ്രബലപ്പെടുത്തുകയും ചെയ്യുന്ന അന്തരീക്ഷത്തില്‍ ഊമക്കത്തുകള്‍ക്കും അതെഴുതി അയക്കുന്നവര്‍ക്കും നിര്‍ണായകമായ പ്രാധാന്യം കൈവന്നിരിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ജനാധിപത്യവത്കരണപ്രക്രിയയില്‍ സുപ്രധാനമായ ഘട്ടം കുറിച്ച വിവരാവകാശനിയമത്തിന്റെ നടപ്പിലാക്കലിനു ശേഷം, വിസില്‍ബ്ലോവേഴ്‌സ് നിയമം രാജ്യസഭയും ലോകസഭയും പാസാക്കിയെങ്കിലും അതിന്റെ ചട്ടങ്ങള്‍ രൂപവത്കരിക്കുകയോ നിയമം നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. നേര്‍ക്കുനേര്‍ നിന്നു ഭരിക്കുന്നതായി ഞെളിയുന്ന സര്‍ക്കാറിന് ഒളിഞ്ഞിരുന്ന് ഊമക്കത്തുകള്‍ തൊടുത്തുവിടുന്നവരെ ഭയമുണ്ടെന്നല്ലേ ഇത് തെളിയിക്കുന്നത്?
നിയമവിരുദ്ധമോ നീതിക്കു നിരക്കാത്തതോ സത്യസന്ധമല്ലാത്തതോ ആയ ഒരു കാര്യം ഒരു സ്ഥാപനത്തില്‍ നടക്കുന്നുണ്ടെന്നു വിചാരിക്കുക. അത് മനസ്സിലാക്കുന്നുണ്ടെങ്കിലും തന്റെ ജോലിക്കെന്തെങ്കിലും സംഭവിച്ചേക്കും എന്നു കരുതി മൗനം പാലിക്കാനാണ് മിക്ക ജീവനക്കാരും തീരുമാനിക്കുക. അത്തരമൊരു മൗനം തല്‍ക്കാലത്തേക്ക് പ്രസ്തുത വ്യക്തിക്ക് ജോലിയില്‍ സുരക്ഷിതമായി തുടരാന്‍ സഹായിച്ചേക്കുമെങ്കിലും സ്ഥാപനത്തിന്റെ ആരോഗ്യം ക്രമേണ നശിക്കുകയും അത് ഉടമകള്‍ക്കും അതില്‍ ജോലി ചെയ്യുന്നവര്‍ക്കും എന്നു മാത്രമല്ല, സര്‍ക്കാറിനും പൊതു സമൂഹത്തിനു തന്നെയും ഒരു ഭീഷണിയായി മാറാനുള്ള സാധ്യതകള്‍ ഏറെയാണ്. അതുമല്ല, ഇത്തരം നിയമവിരുദ്ധ-നീതിരാഹിത്യ നടപടികള്‍ നിസ്സഹായരായ കുറെയധികം ആളുകളെ കഷ്ടനഷ്ടങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യും. ഇത്തരം വൃത്തികേടുകള്‍ സധൈര്യം തുറന്നുകാട്ടാനോ വിളിച്ചു പറയാനോ ധൈര്യമില്ലാത്തവരായിരിക്കുകയും എന്നാല്‍ സ്വന്തം മനസ്സാക്ഷിയോട് നീതി പുലര്‍ത്തേണ്ടതുണ്ട് എന്നു കരുതുകയും ചെയ്യുന്ന, ആദര്‍ശ വാദികളായിരിക്കെ തന്നെ സാധാരണക്കാരായിരിക്കുകയും ചെയ്യുന്ന പലരും മൗനം പാലിക്കുന്നതിനു പകരം ഊമക്കത്തിന്റെ മാര്‍ഗം സ്വീകരിക്കുന്ന പ്രവണതയും കുറവല്ല. ഇത്തരത്തില്‍ ലഭിക്കുന്ന ഊമക്കത്തുകള്‍, സ്ഥാപനത്തിന്റെ ഉത്തരവാദിത്തപ്പെട്ട ഉന്നതാധികാരികളോ ഉടമസ്ഥര്‍ തന്നെയോ അല്ലെങ്കില്‍ പോലീസോ കോടതിയോ സര്‍ക്കാറോ ഗൗരവത്തോടെ സ്വീകരിച്ച് അതിനനുസൃതമായ പരിഹാര നടപടികളിലേക്കും കുറ്റക്കാരെ ശിക്ഷിക്കുന്നതിലേക്കും നയിക്കപ്പെടുന്ന അവസരങ്ങളും കുറവല്ല. സ്ഥാപനങ്ങള്‍ക്കകത്തുള്ളവര്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഇടപാടുകാരോ എന്തിന് വഴിപോക്കനായ ഒരാള്‍ക്ക് പോലും ഈ ഒളിപ്രവര്‍ത്തന രീതി സ്വീകരിക്കാവുന്നതും അതില്‍ കഴമ്പുണ്ടെങ്കില്‍ അത് ന്യായാധിപരും മറ്റും കണക്കിലെടുക്കുകയും ചെയ്യുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്.
ഈ ഊമക്കത്തു രീതിയെ വ്യവസ്ഥാവത്ക്കരിക്കുകയും നിയമാനുസൃതമാക്കുകയും ചെയ്യുന്ന സുപ്രധാനമായ നിയമമാണ് വിസില്‍ബ്ലോവേഴ്‌സ് നിയമം. സ്ഥാപനത്തിന്റെ നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥാപിത കീഴ്‌വഴക്കങ്ങളും കാറ്റില്‍ പറത്തുന്നത്; പൊതു താത്പര്യത്തിനും ദേശസുരക്ഷക്കും ഭീഷണിയാവുന്ന കാര്യങ്ങള്‍; അഴിമതി, കള്ളത്തരങ്ങളും നിഗൂഢമായ കൊള്ളകളും എന്നിങ്ങനെ എന്തു നിയമവിരുദ്ധ-സാമൂഹിക വിരുദ്ധ നടപടികളും വിസില്‍ബ്ലോവേഴ്‌സ് രഹസ്യമായ ആശയവിനിമയത്തിലൂടെ ഉന്നതാധികാരികളെയോ കോടതിയെയോ മാധ്യമങ്ങളെയോ പൊതുജനങ്ങളെയോ അറിയിക്കുന്ന പതിവ് ഏറി വരികയാണ്. രാഷ്ട്രത്തിനു പുറത്തും ചില വിവരങ്ങള്‍ ഇപ്രകാരം വിനിമയം ചെയ്യേണ്ടിവരും. അത്തരം അവസരങ്ങളില്‍ വിക്കിലീക്‌സ് പോലുള്ള ഏജന്‍സികള്‍, വിസില്‍ബ്ലോവേഴ്‌സിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ സഹായിക്കുകയും അവരെ കഴിയാവുന്നത്ര സംരക്ഷിക്കുകയും അവര്‍ തരുന്ന വിവരങ്ങള്‍ പരിശോധിച്ച് പരസ്യപ്പെടുത്തേണ്ടതാണെങ്കില്‍ അപ്രകാരം ചെയ്യുകയും ചെയ്യുന്നു. നിയമപരമായ വേട്ടയാടലിനും ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ക്കും സാമൂഹികബഹിഷ്‌ക്കരണങ്ങള്‍ക്കും ജോലി നഷ്ടപ്പെടലിനും വിസില്‍ബ്ലോവേഴ്‌സ് വിധേയരാവാനുള്ള സാധ്യതയും ഏറെയാണ്.
സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും കാര്യങ്ങള്‍ വ്യത്യസ്ത രീതിയിലാണ് പരിചരിക്കപ്പെടുക. അടുത്ത കാലത്ത്, കേരളത്തിലെ ഒരു സ്വകാര്യ ബേങ്കില്‍ നടന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ വിസില്‍ബ്ലോവേഴ്‌സ് നയം അനുസരിച്ച് റിസര്‍വ് ബേങ്കിനെ അറിയിക്കുകയും അതിനുള്ള പ്രതികാരനടപടിയായി ബേങ്കിലെ ഓഫീസര്‍ സംഘടനയെ മാനേജ്‌മെന്റ് വേട്ടയാടുകയും ചെയ്യുന്ന നടപടി ദിശാസൂചകമായി എടുക്കാവുന്നതാണ്. നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ കൊള്ളരുതായ്മകള്‍ സത്യേന്ദ്രനാഥ് ദുബെ എന്ന എഞ്ചിനീയര്‍ വിളിച്ചുപറഞ്ഞതിന് കൊടുക്കേണ്ടിവന്ന വില അദ്ദേഹത്തിന്റെ ജീവന്‍ തന്നെയാണ്. വിവരാവകാശ നിയമം വന്നതിനു ശേഷം അത് സമര മാര്‍ഗമായി സ്വീകരിച്ച പല ആക്ടിവിസ്റ്റുകളുടെയും ജീവന്‍ നഷ്ടപ്പെടുകയോ അപായത്തില്‍ പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. വിസില്‍ബ്ലോവേഴ്‌സ് നിയമം പൂര്‍ണതോതില്‍ നടപ്പിലാവുന്നതിനു മുമ്പു തന്നെ ഇതാണ് സ്ഥിതിയെങ്കില്‍, അതിന് വിവരാവകാശനിയമം പോലെ പ്രചാരം സിദ്ധിച്ചാലുള്ള സ്ഥിതി എന്തായിരിക്കും എന്ന് സങ്കല്‍പ്പിക്കാവുന്നതാണ്. പുതിയ കേന്ദ്ര സര്‍ക്കാര്‍, വിവരാവകാശ കമ്മീഷനിലും വിജിലന്‍സ് കമ്മീഷനിലും കമ്മീഷണര്‍മാരെ വെക്കാത്തത്, അഴിമതിവിരുദ്ധ പ്രസ്ഥാനത്തോട് അവര്‍ക്ക് കൂറില്ലെന്നാണ് തെളിയിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു.
വിസില്‍ബ്ലോവിംഗ് അഥവാ ഒളിഞ്ഞിരുന്ന് അപ്രിയ സത്യം വിളിച്ചു പറയുക എന്ന കര്‍ത്തവ്യം ധാര്‍മികമായും രാഷ്ട്രീയമായും ചരിത്രപരമായും ഏറ്റവും ശരിയായ കാര്യമാണെന്ന യാഥാര്‍ഥ്യമാണ് നാം കാലികമായി ഉള്‍ക്കൊള്ളേണ്ടത്. എഡ്വാര്‍ഡ് സ്‌നോഡനും ജൂലിയസ് അസാഞ്ചെയും മറ്റും സ്വന്തം ജീവനും സുരക്ഷിതത്വവും പണയം വെച്ച് പുറത്താക്കിയ രഹസ്യവിവരങ്ങള്‍ ലോകത്തെയും ലോകവീക്ഷണത്തെയും മാറ്റിമറിച്ചത് നാം അടുത്തിടെ കാണുകയുണ്ടായി. താരതമ്യേന പുതിയ ഒരു പ്രയോഗമാണിതെന്ന് തോന്നുമെങ്കിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഈ പ്രവണത തുടങ്ങിയിരുന്നുവെന്നതിന്റെ സൂചനയാണ് ഊമക്കത്തുകളുടെ സാന്നിധ്യം. കളിയില്‍ പിഴ വരുമ്പോള്‍, വിസിലടിക്കുന്ന റഫറിയുടെ നടപടിയെ അടിസ്ഥാനമാക്കി, അമേരിക്കന്‍ സിവില്‍ ആക്ടിവിസ്റ്റായ റാല്‍ഫ് നാദെര്‍ ആണ് 1970കളുടെ ആദ്യം വിസില്‍ ബ്ലോവര്‍ എന്ന പ്രയോഗത്തിന് തുടക്കമിട്ടത്.
2010 ആഗസ്ത് 26നാണ് വിസില്‍ബ്ലോവേഴ്‌സ് പ്രൊട്ടക്ഷന്‍ ആക്റ്റ് ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. ആ വര്‍ഷം തന്നെ സെപ്തംബര്‍ 16ന് ഈ നിയമം സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടു. അവരുടെ റിപ്പോര്‍ട് 2011 ജൂണ്‍ ഒന്‍പതിന് സമര്‍പ്പിക്കപ്പെട്ടു. 2011 ഡിസംബര്‍ 11ന് ലോകസഭയും 2014 ഫെബ്രുവരി 24ന് രാജ്യസഭയും ഈ ബില്‍ അംഗീകരിച്ചു. 2014 മെയ്മാസം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. അതില്‍ പിന്നീട് ഒന്നും സംഭവിച്ചില്ല.
വിവരാവകാശ നിയമമെന്നതു പോലെ, വിസില്‍ബ്ലോവേഴ്‌സ് നിയമവും ശക്തമായി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ മടിക്കുകയാണെങ്കില്‍ അതിനവരെ പ്രേരിപ്പിക്കാന്‍ പ്രതിപക്ഷവും മറ്റു സംഘടനകളും സ്വതന്ത്ര നിരീക്ഷകരും ശ്രമിക്കേണ്ടതുമാണ്. ഇതോടൊപ്പം ശ്രദ്ധിക്കേണ്ട വസ്തുത, വിവരാവകാശ നിയമമെന്നതു പോലെ വിസില്‍ബ്ലോവേഴ്‌സ് നിയമവും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ വ്യക്തികളേക്കാള്‍ സംഘടനകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന കാര്യമാണ്. വ്യക്തികളാകുമ്പോള്‍, അവരെത്ര ധൈര്യശാലികളായിരുന്നാലും ശരി നിക്ഷിപ്ത താത്പര്യക്കാരാല്‍ ആക്രമിക്കപ്പെടാനോ കൊല്ലപ്പെടാനോ പോലും സാധ്യതയുണ്ട്. എന്നാല്‍, സംഘടനകള്‍ക്ക് കുറെക്കൂടി മുന്നോട്ടു പോകാനാകും. മാത്രമല്ല, വ്യക്തികളെക്കാളും സാമൂഹികവത്ക്കരിക്കപ്പെട്ടതും പൊതുവത്ക്കരിക്കപ്പെട്ടതും സംഘടനകളാണല്ലോ.
(ഈ ലേഖനത്തിനാവശ്യമായ കുറെയധികം അടിസ്ഥാന വിവരങ്ങളും ആലോചനകളും സ്വതന്ത്ര സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകനുമായ വി കെ ആദര്‍ശിന്റെ ഒരു വാട്ട്‌സ് അപ്പ് പോസ്റ്റില്‍ നിന്നാണ് ലഭ്യമായത്)