ഒരേയൊരു ഭൂമി, 700 കോടി സ്വപ്നങ്ങള്‍

Posted on: June 5, 2015 6:00 am | Last updated: June 5, 2015 at 2:16 pm

environment dayഈ ഭൂമിയില്‍ മനുഷ്യന്റെ ആവശ്യത്തിനുള്ള വിഭവങ്ങളുണ്ട്, എന്നാല്‍ അവന്റെ ആര്‍ത്തി തീര്‍ക്കാനുള്ളതില്ല- ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള വാക്കുകളാണിവ. ഇന്ന് ലോക പരിസ്ഥിതി ദിനാചരണം നടക്കുമ്പോള്‍ വളരെ പ്രസക്തമായ ഈ വാചകങ്ങള്‍ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്ക് താക്കീതായി മാറുകയാണ്. ലോകത്തെ എഴുന്നൂറ് കോടിയിലധികം വരുന്ന മനുഷ്യര്‍ക്കെല്ലാം സ്വപ്‌നങ്ങളുണ്ട്. രാഷ്ട്രീയ സ്വാധീനവും ഉരുക്കുമുഷ്ടിയും പണവും വഴി പ്രകൃതി വിഭവങ്ങളായ മണ്ണ്, മണല്‍, വെള്ളം, ലോഹങ്ങള്‍, കാട്, കുന്ന്, മല, ജൈവവൈവിധ്യം, തണ്ണീര്‍ത്തടങ്ങള്‍, കടല്‍, കായല്‍, നദികള്‍, ഖനി, ഭൂമി എന്നിവയെല്ലാം കൈയൂക്കുള്ളവര്‍ തട്ടിയെടുത്ത് സ്വന്തമാക്കി വില്‍പ്പന നടത്തുന്ന ഈ കാലഘട്ടത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പ്രോഗ്രാം 2015ലെ പരിസ്ഥിതി ദിനാചരണത്തിനുള്ള ആപ്തവാക്യമായി തിരഞ്ഞെടുത്ത ‘സൂക്ഷിച്ച് ഉപയോഗിക്കൂ, ഒരു പ്രപഞ്ചം. ഏഴുനൂറ് കോടി സ്വപ്‌നങ്ങള്‍’ എന്നത് സന്ദര്‍ഭോചിതമായി.
വികസനത്തിന്റെ പേരില്‍ നദികളില്‍ നിന്ന് മണലെടുക്കാന്‍ അനുവദിച്ചാല്‍ നദിയുടെ അടിത്തട്ട് കുഴിച്ച് സമുദ്രനിരപ്പിനേക്കാള്‍ ആഴത്തിലാക്കി കടല്‍ജലം നദികളിലേക്ക് ഇരച്ചുകയറുന്ന സ്ഥിതിയാകും. കുന്നുകളിലെ പാറ പൊട്ടിക്കാനോ ഭൂമിയില്‍ നിന്ന് പാടശേഖരങ്ങളില്‍ നിന്ന് മണ്ണെടുക്കാനോ അനുവദിച്ചാല്‍ പാതാളം വരെ കുഴിച്ച് ആ ഭാഗം മുഴുവന്‍ ഉപയോഗശൂന്യമാക്കും. കടല്‍തീരവും കായല്‍ തീരവും കൈയേറി കെട്ടിട നിര്‍മാണ ചട്ടങ്ങളും തീരദേശ സംരക്ഷണ നിയമങ്ങളും കാറ്റില്‍ പറത്തി ബഹുനില കെട്ടിടങ്ങളുടെ സമുച്ചയം തന്നെ തീര്‍ക്കും. ഒന്നിനും ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥ.
വരും തലമുറക്ക് ഒന്നും ശേഷിപ്പിക്കാതെ എല്ലാം കവര്‍ന്നെടുക്കുന്ന ഈ തലമുറയുടെ കണ്ണ് തുറപ്പിക്കാന്‍ ഈപരിസ്ഥിതി ദിനാചരണം പര്യാപ്തമാകണം. ഇന്ന് ഭൂമിയിലെ ജലം, ഊര്‍ജം, ഭക്ഷണം, ജൈവവൈവിധ്യം, കാലാവസ്ഥ എന്നിവയെല്ലാം മനുഷ്യന്റെ അത്യാര്‍ത്തി മൂലം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഗോള തലത്തില്‍ പ്രകൃതിവിഭവങ്ങള്‍ക്ക് മേല്‍ മനുഷ്യന്‍ നടത്തിയ കടന്നുകയറ്റം പട്ടിണിയായും ഭക്ഷ്യസുരക്ഷ ഇല്ലായ്മയായും പേമാരിയായും കൊടുങ്കാറ്റായും സുനാമിയായും ഭൂചലനമായും നിമിഷ പ്രളയമായും കടല്‍ക്ഷോഭമായും പ്രകൃതി തിരിച്ചടിക്കുകയാണ്. സുസ്ഥിര വികസനമെന്ന കാഴ്ചപ്പാട് രാജ്യങ്ങള്‍ കടലാസിലൊതുക്കി സമ്പന്നന് വീണ്ടും വീണ്ടും സമ്പന്നനാകാനും ദരിദ്രര്‍ വീണ്ടും ദരിദ്രരാകാനും അവസരമൊരുക്കുന്ന ഭരണനയമാണ് രാജ്യങ്ങള്‍ കൈയാളുന്നത്.
ഭരണനേതൃത്വവും രാഷ്ട്രീയ നേതാക്കളും കോര്‍പ്പറേറ്റ് ലോകവും ഒന്നുചേര്‍ന്ന് ഭൂമിയില എത്രയോ തലമുറകള്‍ക്ക് അവകാശപ്പെട്ട വിഭവങ്ങളാണ് കവര്‍ന്നെടുക്കുന്നത്. 2050ല്‍ ലോക ജനസംഖ്യ 9.6 ശതകോടിയാകും. എന്നാല്‍, പ്രകൃതി വിഭവങ്ങള്‍ ഒരു ശതമാനം പോലും വളരുകയില്ല. ജലലഭ്യത ആഗോള തലത്തില്‍ കുറഞ്ഞുവരികയാണ്. എന്നാല്‍, ജലഭീമന്‍ കച്ചവട കമ്പനികള്‍ തഴച്ചുവളരുകയും ചെയ്യുന്നു. പ്രതിവര്‍ഷം 1.3 ശതകോടി ടണ്‍ ഭക്ഷണം പാഴായി പോകുന്നു. എന്നാല്‍, ഈ ഭൂമുഖത്ത് 100 കോടി ജനങ്ങള്‍ മുഴുത്ത പട്ടിണിയിലാണ് താനും. ഇവിടെ വിരോധാഭാസമായി നിലകൊള്ളുന്നത് 150 കോടി ജനങ്ങള്‍ അമിതവണ്ണവും അമിത ഭാരവുമുള്ളവരാണെന്നതാണ്. പാഴായി പോകുന്ന ഭക്ഷണവസ്തുക്കള്‍ ഉത്പാദിപ്പിക്കാനാണ് ആഗോള താപനത്തിന് ഇടയാക്കുന്ന കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ 22 ശതമാനവും പുറത്തുവരുന്നത്. കാര്‍ബണ്‍ ഡൈയോക്‌സൈഡിനേക്കാള്‍ അപകടകാരിയായ മീഥേന്‍ ഉത്പാദിപ്പിക്കപ്പെടുന്നത് 10 ശതമാനവും പാഴായിപ്പോകുന്ന ഭക്ഷ്യവസ്തുക്കളില്‍ നിന്നാണ്. പാഴായിപ്പോകുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ആഗോളതലത്തില്‍ 13 ദശലക്ഷം ഹെക്ടര്‍ മഴക്കാടുകളാണ് നശിപ്പിക്കപ്പെട്ടത്. 2050 ആകുമ്പോഴേക്കും ഭൂമുഖത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെങ്കില്‍ ഇന്നത്തേതിനേക്കാള്‍ 70 ശതമാനം അധിക ഭക്ഷ്യ ഉത്പാദനം നടക്കണം.
ലോകത്ത് 1.2 ശതകോടി ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമല്ല. അമേരിക്കയില്‍ പോലും നാല് ദശലക്ഷം ആളുകള്‍ ജീവിക്കുന്നത് പ്രതിമാസം വെറും 60 ഡോളര്‍ വരുമാനത്തിലാണ്. അശാസ്ത്രീയമായ നഗരവത്കരണവും വികലമായ വികസന നയവും മൂലം ആഫ്രിക്കയില്‍ 61 ശതമാനം പേരും ഏഷ്യയില്‍ 40 ശതമാനം പേരും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 36 ശതമാനം പേരും ചേരികളിലാണ് ജീവിതം നയിക്കുന്നത്. ലോകം ശാസ്ത്ര കണ്ടുപടിത്തങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴും എത്യോപ്യയില്‍ 90 ശതമാനം പേരും മുഴുപട്ടിണിയിലാണെന്നോര്‍ക്കണം.
പ്രപഞ്ചത്തിലെ വിവിധ ഇക്കോ സിസ്റ്റങ്ങളിലാണ് ലോകത്തെ 90 ശതമാനം പേരുടെയും ജീവസന്ധാരണത്തിനുള്ള ഉപാധികള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ വനം നശിക്കുമ്പോഴും തണ്ണീര്‍ത്തടം നശിക്കുമ്പോഴും കുന്നിടിക്കുമ്പോഴും ഭൂമിക്ക് രൂപമാറ്റം വരുത്തുമ്പോഴും ഇല്ലാതാകുന്നത് പാവപ്പെട്ടവന്റെ ജീവിതോപാധികളാണ്. പ്രതിവര്‍ഷം 1. 3 ശതകോടി ടണ്‍ പാഴായിപ്പോകുന്ന ഭക്ഷ്യവസ്തുക്കളുടെ നാലിലൊന്ന് മതി ലോകത്തെ പട്ടിണി മാറ്റാന്‍. നാം ചിന്തിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു.
ലോക പരിസ്ഥിതി ദിനമായ ഇന്ന് മരം നടാനും നക്ഷത്ര വനം നിര്‍മിക്കാനും സെമിനാറുകള്‍ നടത്താനും സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുമെങ്കിലും നയപരമായ മാറ്റം വരുത്താതെ പരിസ്ഥിതി ദിനാചരണം കൊണ്ട് ഒരു ഉപകാരവുമില്ല. വനനയം, പരിസ്ഥിതി നയം, ജലനയം, ഭൂവിനിയോഗ നയം, ചെറുകിട ധാതു ഖനനനയം, കാര്‍ഷിക നയം, വിനോദസഞ്ചാര നയം, ഭൂനയം, വ്യവസായ നയം, ആരോഗ്യനയം എന്നിവയെല്ലാം ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ സമഗ്രനയം ആവിഷ്‌കരിക്കേണ്ട സമയമായിരിക്കുന്നു. വ്യവസായ നയം പാടശേഖരങ്ങള്‍ നശിപ്പിക്കുന്നതായാല്‍ ഭക്ഷ്യ സുരക്ഷക്ക് എന്ത് ചെയ്യും? സുസ്ഥിര വികസന നയം രൂപവത്കരിക്കാതെ ഒരു സര്‍ക്കാറിനും ജനോപകാര പ്രദമായി ഭരണം നടത്താനാകില്ല.