സോളാര്‍: സുധീരന്‍ മൊഴി നല്‍കും

Posted on: June 4, 2015 10:13 pm | Last updated: June 5, 2015 at 12:14 am

കൊച്ചി: സോളാര്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഹാജരായി മൊഴി നല്‍കാന്‍ തയ്യാറാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. അരുവിക്കര ഉപതിരഞ്ഞെടുപ്പ് വരെ സാവകാശം ചോദിച്ചതിനെ തുടര്‍ന്ന് ഈ മാസം 29ന് ഹാജരാകാന്‍ സുധീരന് കമ്മീഷന്‍ സമയം അനുവദിച്ചു.
സോളാര്‍ കമ്മീഷന് പ്രയോജനകരമാകുന്ന വിധത്തില്‍ നല്‍കാനുള്ള തെളിവുകള്‍ തന്റെ പക്കല്‍ ഇല്ലെന്നും ഈ സാഹചര്യത്തില്‍ സാക്ഷിപട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും വി എം സുധീരന്‍ നേരത്തെ കമ്മീഷനോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് കമ്മീഷന്റെ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. സുധീരന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരന്നു കമ്മീഷന്‍ നിരീക്ഷിച്ചത്. ഇതേത്തുടര്‍ന്നാണ് മൊഴി നല്‍കാന്‍ താന്‍ തയ്യാറാണെന്ന് വി എം സുധീരന്‍ ഇന്നലെ കമ്മീഷനെ അറിയിച്ചത്.
തനിക്ക് കമ്മീഷനോട് എന്നും ആദരവ് മാത്രമാണ് ഉള്ളതെന്നും അരുവിക്കര തിരഞ്ഞെടുപ്പിന് ശേഷം കമ്മീഷന്‍ നിശ്ചയിക്കുന്ന ദിവസം ഹാജരായി മൊഴി നല്‍കാമെന്നും വി എം സുധീരന്‍ കമ്മീഷനെ അറിയിച്ചു. തുടര്‍ന്നാണ് ഈ മാസം 29ന് ഹാജരാകാന്‍ കമ്മീഷന്‍ വി എം സുധീരന് സമയം അനുവദിച്ചത്.