മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് അനുമതി ഇല്ലെന്ന് കേന്ദ്രം

Posted on: June 4, 2015 10:10 pm | Last updated: June 6, 2015 at 12:59 am

mullapperiyarന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അനുവാദം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള പരിസ്ഥിതി പഠനത്തിന് കേരളത്തിന് അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്.
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അണക്കെട്ടിന്റെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നേരത്തെ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു. പുതിയ അണക്കെട്ടിനായുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ സെക്കന്ദരാബാദ് ആസ്ഥാനമായ എജന്‍സിയെ കേരളം ചുമതലപ്പെടുത്തിയിരുന്നു. നിലവിലെ അണക്കെട്ട് സുരക്ഷിതമല്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് കേരളം പുതിയ ഡാമിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍ വന്യജീവി ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ അണക്കെട്ടിന്റെ നിര്‍മാണത്തില്‍ നിന്ന് കേരളത്തെ വിലക്കണമെന്നാണ് സുപ്രീം കോടതിയില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടത്. തമിഴ്‌നാടിന്റെ കൂടി അനുമതിയില്ലാതെ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം മെയ് ഏഴിന്റെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതായും തമിഴ്‌നാട് അവകാശപ്പെട്ടു.