ഗുളികകളില്‍ സ്‌ഫോടനത്തിനുപയോഗിക്കുന്ന പദാര്‍ഥം; ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

Posted on: June 4, 2015 7:16 pm | Last updated: June 4, 2015 at 7:16 pm

150421-diet-pillsദുബൈ: സഫോടനത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ശരീരം മെലിയാന്‍ ഉപയോഗിക്കുന്ന ഡി എന്‍ പി ഗുളികകള്‍ക്ക് യു എ ഇ യില്‍ നിരോധം. രാജ്യാന്തര പോലീസ് ഏജന്‍സിയായ ഇന്റര്‍പോളിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്.
ചിലര്‍ മെലിയാനും മറ്റു ചിലര്‍ വ്യായാമത്തിന്റെ ഭാഗമായും ഈ ഗുളികകള്‍ ഉപയോഗിക്കാറുണ്ട്. ഇത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടനില്‍ ഒരു സ്ത്രീ മരിച്ചു. ഫ്രാന്‍സില്‍ ഒരു പുരുഷന്‍ ഗുരുതരാവസ്ഥയിലാണ്. ഇതിന്റെ മാരക ഫലങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം അബുദാബി, ദുബൈ ആരോഗ്യ അധികൃതര്‍ക്കും യു എ ഇ ജലം പരിസ്ഥിതി മന്ത്രാലയത്തിനും അബുദാബി ഭക്ഷ്യ നിയന്ത്രണ അതോറിറ്റിക്കും കസ്റ്റംസിനും മറ്റും വിവരം കൈമാറിയിരിക്കുകയാണ്.
ഡിനിട്രോ ഫെനോള്‍ എന്ന മാരക അംശമാണ് ഡി എന്‍ പിയില്‍ അടങ്ങിയിരിക്കുന്നത്. ഇത് കീടനാശിനി വ്യവസായത്തിനും സ്‌ഫോടന വസ്തു നിര്‍മാണത്തിനും ഉപയോഗിക്കുന്ന പതാര്‍ഥമാണ് തുടക്കത്തില്‍ ശരീരം മെലിയുമെങ്കിലും പിന്നീട് മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. തല ചുറ്റല്‍, ഛര്‍ദി, അസ്വാസ്ഥ്യം, വിയര്‍ക്കല്‍, തലവേദന, ഹൃദയമിടിപ്പ് വര്‍ധിക്കല്‍ എന്നിവയാണ് ഇതിന്റെ പാര്‍ശ്വഫലങ്ങളെന്ന് പൊതുജനാരോഗ്യ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ അമീരി വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇവ കടത്തിക്കൊണ്ട് വരുന്നതിനെതിരെയും ജാഗ്രത പാലിക്കണമെന്ന് അവര്‍ അറിയിച്ചു.