പൂച്ചകള്‍ക്ക് തോഴനായി മുഹമ്മദ് ജമീല്‍

Posted on: June 4, 2015 7:14 pm | Last updated: June 4, 2015 at 7:14 pm

catദുബൈ: ദേര മുതീന സ്ട്രീറ്റില്‍ പൂച്ചകള്‍ക്ക് പരിചാരകനായി ശ്രദ്ധേയനാവുകയാണ് ഹൈദരാബാദ് ചാര്‍മിനാര്‍ സ്വദേശി മുഹമ്മദ് ജമീല്‍. 33 വര്‍ഷമായി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഓഫീസ് ബോയിയായി ജോലി ചെയ്യുന്ന ജമീല്‍ 25 വര്‍ഷത്തോളമായി പൂച്ചകളുമായി സൗഹൃദം തുടങ്ങിയിട്ട്. ജോലി കഴിഞ്ഞുള്ള കൂടുതല്‍ സമയവും പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കാനും അവയെ ശുശ്രൂഷിക്കാനുമായി മാറ്റിവെക്കുകയാണ് ഈ 45 കാരന്‍. ഒറ്റപ്പെടുന്ന പൂച്ചക്കുട്ടികള്‍ക്കും അപകടത്തില്‍ പെടുന്നവക്കും പരിചരണം നല്‍കാനും ജമീല്‍ ഓടിയെത്തുന്നു. അപകടത്തില്‍പെട്ട പൂച്ചകളെ താമസിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പ്രത്യേക കൂട് ഒരുക്കിയാണ് പരിചരിക്കുന്നത്.
ജമീലിന്റെ സഹജീവി സ്‌നേഹം മനസ്സിലാക്കിയ സുഹൃത്തുക്കളും പരിചയക്കാരും എവടെയെങ്കിലും പൂച്ച അപകടത്തിലോ ഒറ്റപ്പെടുന്നതോ കണ്ടാല്‍ അദ്ദേഹത്തെ വിവരം അറിയിക്കും. ഇതിനകം നൂറുകണക്കിന് പൂച്ചകളുടെ ജീവന്‍ രക്ഷിക്കാന്‍ ജമീല്‍ ഭായിക്ക് കഴിഞ്ഞതായി സുഹൃത്ത് തൃശൂര്‍ സ്വദേശി മുഹമ്മദ് അശ്‌റഫും പറഞ്ഞു. രണ്ട് ലിറ്റര്‍ പാലെങ്കിലും പൂച്ചകള്‍ക്കായി ജമീല്‍ വാങ്ങുന്നതായി തൊട്ടടുത്തുള്ള മലയാളി ഗ്രോസറി ഉടമയും പറഞ്ഞു. ജമീലിന്റെ സേവന മനോഭാവം മനസ്സിലാക്കിയ പലരും പാലും മീനും മാംസവും വാങ്ങി ജമീലിനെ ഏല്‍പിക്കാറുമുണ്ട്.
ജമീലിന്റെ സേവന മനോഭാവം മനസ്സിലാക്കിയ സ്വദേശിയായ കമ്പനി ഉടമക്ക് അദ്ദേഹത്തോട് വലിയ സ്‌നേഹവും അടുപ്പവുമാണ്. ജമീലിലൂടെ പൂച്ചകളെ മനസ്സിലാക്കിയ കമ്പനി ഉടമ അദ്ദേഹത്തിന്റെ വീട്ടിലും പൂച്ചയെ വളര്‍ത്താന്‍ തുടങ്ങി. അവയെ പരിപാലിക്കാന്‍ ജമീല്‍ ഇടക്കിടെ ആ വീട്ടിലുമെത്താറുണ്ട്. അല്ലാഹു നമ്മോട് ഏറെ കരുണ കാണിക്കുമ്പോള്‍ അത് അല്‍പമൊക്കെ സഹജീവികള്‍ക്കും തിരിച്ചു നല്‍കണ്ടേ എന്നാണ് നബീലിന്റെ ചോദ്യം.