ആഗോള ഗ്രാമത്തില്‍ കാണാതായത് 1,047 കുട്ടികളെ

Posted on: June 4, 2015 7:09 pm | Last updated: June 4, 2015 at 7:09 pm
ദുബൈ ആഗോള ഗ്രാമം
ദുബൈ ആഗോള ഗ്രാമം

ദുബൈ: കഴിഞ്ഞ വര്‍ഷം കുട്ടികള്‍ കാണാതായത് സംബന്ധിച്ച് ആഗോള ഗ്രാമത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതായി അല്‍ അമീന്‍ രഹസ്യ പോലീസ് സേവന ദാതാക്കള്‍ അറിയിച്ചു. ആഗോള ഗ്രാമത്തില്‍ അല്‍ അമീന്‍ പോലീസിന് കൗണ്ടറുണ്ടായിരുന്നു.
ഇവിടെ കുട്ടികള്‍ കാണാനില്ലെന്ന് 1,047 പരാതികളാണ് ലഭിച്ചത്. ഇതില്‍ 527 പെണ്‍കുട്ടികളാണ്. രക്ഷിതാക്കള്‍ ഭക്ഷണം കഴിക്കുമ്പോഴോ കടയില്‍ കയറി സാധനങ്ങള്‍ വാങ്ങുമ്പോഴോ ആണ് കുട്ടികളെ കാണാതാകുന്നത്. ഗ്ലോബല്‍ വില്ലേജില്‍ കനത്ത തിരക്കുള്ള സമയങ്ങളില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പാലിക്കണം.
ആഗോള ഗ്രാമത്തിലെത്തുന്നവര്‍ക്ക് തിരിച്ചറിയാന്‍ കയ്യില്‍ നാട കെട്ടാറുണ്ട്. അതില്‍ ബന്ധപ്പെടേണ്ട നമ്പര്‍ എഴുതിയിക്കും. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. ഡിസംബറിലാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ കാണാതായത്. 319 പേരാണ് പരാതിപ്പെട്ടത്. നവംബറില്‍ 111 പരാതികള്‍ ലഭിച്ചു.
കാണാതായ ഉടന്‍ തന്നെ പലരും പരാതിയുമായി എത്തും. ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കും. മിക്ക പരാതികളിലും അന്വേഷണം ഉടന്‍ ഫലവത്താകും. തിരക്കേറിയ സ്ഥലങ്ങളില്‍ കുട്ടികളെയും കൊണ്ട് പോകാതിരിക്കുന്നതാണ് ഉചിതം. പോകുന്നുണ്ടെങ്കില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. അല്‍ അമീന്‍ പോലീസ് വ്യക്തമാക്കി.