മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് സാന്ത്വനവുമായി ജിദ്ദ ഐ സി എഫ്‌

Posted on: June 4, 2015 4:52 am | Last updated: June 3, 2015 at 11:53 pm

ജിദ്ദ: സമുദ്രമത്സ്യങ്ങളുടെ ലഭ്യത കുറവ്കാരണം മാസങ്ങളായി ദുരിതത്തിലായ കടലോര മേഖലയിലെ പാവപ്പെട്ട തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി ജിദ്ദ ഐ സി എഫ്. ഉപജീവന മാര്‍ഗമായി കടല്‍ വിഭവങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന തീരദേശങ്ങളിലെ രണ്ടായിരം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യങ്ങളടങ്ങിയ സാന്ത്വന കിറ്റ് വിതരണം ചെയ്യുന്നത്.
കേരളത്തിലെ മത്സ്യബന്ധ തൊഴിലാളികള്‍ മീന്‍ ദൗര്‍ലഭ്യം കൊണ്ട് തൊഴില്‍ ചെയ്യാനാവാതെ കഷ്ടതയിലാണ്. മത്സ്യ തൊഴിലാളികളെയും അവരെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ചെറുകിട മത്സ്യബന്ധന തൊഴിലാളികള്‍ക്ക് തീര്‍ത്തും പ്രതികൂലമായ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടും രണ്ട് മാസത്തോളം നീണ്ട് നില്‍ക്കുന്ന ട്രോളിംഗ് നിരോധനവും കൂടിയാവുമ്പോള്‍ തീരദേശങ്ങളില്‍ ഇത് വറുതിയുടെ കാലമാണ്.
വല, തോണി മറ്റു മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവക്കായി ലോണെടുത്തും മറ്റും വലിയ കടബാധ്യത നിലവിലുള്ള നിരവധി തൊഴിലാളികള്‍ നിത്യ ജീവിതത്തിന് പ്രയാസപ്പെടുകയും സ്‌കൂള്‍ അധ്യയന വര്‍ഷമാരംഭിക്കുകയും പുണ്യമാസമായ വിശുദ്ധ റമസാന്‍ കടന്ന് വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ജിദ്ദ ഐ സി എഫ് സാമൂഹിക ബാധ്യതയയേറ്റെടുത്ത് സാന്ത്വന ഹസ്തവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
പദ്ധതിയുടെ പ്രഥമ ഘട്ടത്തില്‍ പരപ്പനങ്ങാടി താനൂര്‍, കൂട്ടായി, വെള്ളിയങ്കോട്, വള്ളിക്കുന്ന് തുടങ്ങിയ എട്ട് പഞ്ചായത്തുകളിലെ രണ്ടായിരം കുടുംബങ്ങള്‍ക്കാണ് സാന്ത്വന കിറ്റ് നല്‍കുന്നതെന്ന് ജിദ്ദ ഐസിഫ് പ്രസിഡന്റ് മുഹ്‌യിദ്ദീന്‍ സഅദി കൊട്ടുക്കര ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ മളാഹിരി, ട്രഷറര്‍ അബ്ദുറഹിം വണ്ടൂര്‍ സാന്ത്വനം ക്യാബിനറ്റ് സെക്രട്ടറി സൈദ് കൂമണ്ണ എന്നിവര്‍ അറിയിച്ചു. നാട്ടിലും പ്രവാസികള്‍ക്കിടയിലും ജീവകാരുണ്യ മേഖലകളില്‍ നിരവധി പദ്ധതികളുള്ള ജിദ്ദ ഐ സി എഫ്, എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പാലക്കാട്, വഴിക്കടവ്, ഗുഢല്ലൂര്‍ തുടങ്ങിയ സാമ്പത്തിക പിന്നോക്ക മേഖലകളില്‍ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം നല്‍കിവരുന്ന ഭക്ഷ്യസഹായ പദ്ധതി ജിദ്ദാ ഐ സി എഫിന് കീഴില്‍ നിലവിലുണ്ട്.
പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ഹബീത്ത അല്‍ബുഖാരി, ശാഫി മുസ്‌ലിയാര്‍, സയ്യിദ് പൂക്കോയ തങ്ങള്‍, ഗഫൂര്‍ വാഴക്കാട്, അബ്ദുറസാഖ് എടവണ്ണപ്പാറ, നൗഫല്‍ വടകര, ഗഫൂര്‍ പുളിക്കല്‍, മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. എട്ടിന് വൈകുന്നേരം നാല് മണിക്ക് സാന്ത്വന കിറ്റുകളുടെ വിതരണോദ്ഘാടനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. പരപ്പനങ്ങാടി തഅ്‌ലി മുല്‍ ഇസ്‌ലാം എജ്യുക്കേഷന്‍ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ എസ് വൈ എസ് നേതാക്കളായ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.