ഇ എസ് ഐ: സ്വകാര്യ ആശുപത്രികള്‍ വഴിയുള്ള സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കപ്പെടുന്നു

Posted on: June 4, 2015 4:37 am | Last updated: June 3, 2015 at 11:37 pm

കോഴിക്കോട്: ഇ എസ് ഐ ആനുകൂല്യമുള്ള തൊഴിലാളികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ മുഖേനെ നല്‍കി വന്ന സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കപ്പെടുന്നു. സ്വകാര്യ ആശുപത്രികളിലേറെയും ഇ എസ് ഐ യുമായുള്ള കരാറുകളില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണിത്. ഇതോടെ സംസ്ഥാനത്തെ ചുരുക്കം ചില സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് ഇപ്പോള്‍ ഇ എസ് ഐ ആനുകൂല്യമുളള തൊഴിലാളികള്‍ക്ക് സൗജന്യ ചികിത്സ കിട്ടുന്നത്. ഏതാനും മാസങ്ങള്‍ കൂടി മാത്രമേ ഇതും നിലനില്‍ക്കുകയുള്ളൂവെന്നാണറിയുന്നത്. സംസ്ഥാനത്തെ 95 ഓളം ആശുപത്രികളാണ് ഇ എസ് ഐയുമായി നേരത്തെ കരാറിലേര്‍പ്പെട്ടിരുന്നത്. കരാര്‍ അനുസരിച്ച് ഇ എസ് ഐ ആനുകൂല്യമുള്ള തൊഴിലാളികളുടേയും കുടുംബങ്ങളുടേയും ചികിത്സ സ്വകാര്യ ആശുപത്രികള്‍ നടത്തുകയും ബില്ലുകള്‍ പിന്നീട് ഇ എസ് ഐ കോര്‍പറേഷന്‍ ആശുപത്രികള്‍ക്ക് അനുവദിച്ചു കൊടുക്കുകയുമാണ് ചെയ്തിരുന്നത്.
നേരത്തെ സ്വകാര്യ ആശുപത്രികളുമായുള്ള കരാര്‍ കേന്ദ്ര ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഇ എസ് ഐ കോര്‍പറേഷന്‍ നേരിട്ടാണ് നടത്തിയിരുന്നത്. പിന്നീട് ചികിത്സാ വിഭാഗങ്ങളെ സ്‌പെഷ്യാലിറ്റിയെന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയെന്നും തരം തിരിച്ച് സ്‌പെഷ്യാലിറ്റി കേസുകള്‍ സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഇന്‍ഷ്വറന്‍സ് വിഭാഗമാണ് കൈകാര്യം ചെയ്തിരുന്നത്. ഇതോടെ സ്വകാര്യ ആശുപത്രികളില്‍ പലതും കരാറുകളില്‍ നിന്ന് പിന്‍മാറ്റം തുടങ്ങിയിരുന്നു. എന്നാല്‍ ഈയടുത്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ കൂടി കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന ഇന്‍ഷ്വറന്‍സ് വിഭാഗമാണെന്ന ഉത്തരവ് വന്നതോടെ സ്വകാര്യ ആശുപത്രികളിലേറെയും തൊഴിലാളികള്‍ക്കുള്ള സൗജന്യ ചികിത്സാ കരാറുകളില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഹൃദ്രോഗികളും വൃക്കരോഗികളുമെല്ലാം സൂപ്പര്‍സ്‌പെഷ്യാലിറ്റിയുടെ പരിധിയിലാണ് വരുന്നത്.
ഇ എസ് ഐ സംവിധാനത്തിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല സംസ്ഥാന സര്‍ക്കാറിന് കീഴിലാകുന്നതോടെ ചികിത്സാ ബില്ലുകള്‍ പാസായിക്കിട്ടാന്‍ സമയമെടുക്കുമെന്നാണ് സ്വകാര്യ ആശുപത്രികളുടെ പക്ഷം. സ്വകാര്യ ആശുപത്രികളുമായുള്ള കരാര്‍ സംബന്ധിച്ച ചുമതല സംസ്ഥാന സര്‍ക്കാറിന് കൈമാറിയെങ്കിലും ഇത് സംബന്ധിച്ച് ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം ഇ എസ് ഐ ഡയറക്ടറേറ്റില്‍ നിന്നറിയിച്ചത്. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന ഇ എസ് ഐ ഡയറക്ടറേറ്റാണെന്നാണ് ഇ എസ് ഐ കോര്‍പറേഷന്റെ വാദം. കൂടാതെ, നിലവില്‍ കരാര്‍ പാലിക്കുന്ന സ്വകാര്യ ആശുപത്രികളും പ്രതിസന്ധിയിലാണ്. ബില്ലുകളും മറ്റും എവിടെയാണ് നല്‍കേണ്ടതെന്നത് സംബന്ധിച്ച് ആശുപത്രികള്‍ക്ക് വ്യക്തമായ വിവരമില്ല. ഇ എസ് ഐക്ക് കീഴിലുള്ള ഡിസ്‌പെന്‍സറികളിലെ സൗകര്യങ്ങള്‍ അപര്യാപ്തമായതിനാലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇ എസ് ഐ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് തൊഴിലാളികള്‍ക്ക് ചികിത്സ നല്‍കുന്ന പദ്ധതി ഒരുക്കിയത്. ഈ സമ്പ്രദായം വന്നതോടെ ഇ എസ് ഐയുടെ ആനുകൂല്യം തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ ലഭിച്ചിരുന്നു. ഇത് താളം തെറ്റുന്നതോടെ സംസ്ഥാനത്തെ തൊഴിലാളികളും കുടുംബങ്ങളുമടക്കം 30ലക്ഷത്തോളം പേരാണ് ചികിത്സാനുകൂല്യം ലഭിക്കാതെ നരകിക്കുന്നത്. ഓരോ തൊഴിലാളിയുടേയും ശമ്പളത്തില്‍ നിന്ന് മാനേജ്‌മെന്റില്‍ നിന്നുമായി ലക്ഷങ്ങള്‍ ഈടാക്കി കൊഴുക്കുന്ന ഇ എസ് ഐ കോര്‍പറേഷന് തൊഴിലാളികള്‍ക്ക് അര്‍ഹമായ ചികിത്സാ സൗകര്യം ലഭ്യമാക്കാനാകുന്നില്ലെന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.