9/11 ആക്രമണം: രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യം

Posted on: June 4, 2015 5:19 am | Last updated: June 3, 2015 at 11:19 pm

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ 2001 സെപ്തംബറില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള ഇന്റലിജന്‍സ് രഹസ്യ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് യു എസ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ സഊദി അറേബ്യക്കാരായ ചിലരുടെ പങ്കുണ്ടെന്ന് ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 28 പേജുള്ള രഹസ്യ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ഉണ്ടെന്നാണ് ഇവരുടെ വാദം. സംയുക്ത അന്വേഷണ സംഘത്തിന്റെ അധ്യക്ഷനായി ഉണ്ടായിരുന്നത് മുന്‍ ഫ്‌ളോറിഡ സെനറ്ററായിരുന്ന ബോബ് ഗ്രഹാമാണ്. ലോകവ്യാപാര കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തെ കുറിച്ചുള്ള ആദ്യ അന്വേഷണ സംഘവും ഇതായിരുന്നു. ദീര്‍ഘകാലമായി അമേരിക്കയുടെ സഖ്യകക്ഷിയായ ഒരു രാജ്യത്തിന് ഈ ആക്രമണത്തില്‍ പങ്കുണ്ടെന്ന കാര്യം അമേരിക്കയിലെ പൊതുജനം അറിയുകയാണെങ്കില്‍ അവര്‍ രോഷാകുലരാകുമെന്നും സഊദി അറേബ്യയെ സൂചിപ്പിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.