ഈത്തപ്പഴ വിപണി ഉണരുന്നു

Posted on: June 3, 2015 8:19 pm | Last updated: June 3, 2015 at 8:19 pm

AgNxr7NbAiLvIlil8nCkyGm5r4rXx_HaismhtOIkXyCEഷാര്‍ജ;പഴുത്ത് വിളവെടുപ്പിനു പാകമായതോടെ രാജ്യത്തെ ഈത്തപ്പഴ വിപണി ഉണരുന്നു. ചൂട് കനത്തതോടെയാണ് ഈത്തപ്പഴം പഴുത്തു തുടങ്ങിയത്. അടുത്ത നാളുകളില്‍ വിളവെടുപ്പ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പലയിടത്തും പഴുത്തുപാകമായി നില്‍ക്കുകയാണ്. ചൂട് ഒന്നുകൂടി കനക്കുന്നതോടെ പൂര്‍ണതോതില്‍ പഴുക്കും. ഇതോടെയാവും വിളവെടുപ്പ് തുടങ്ങുക. വിശുദ്ധ റമസാനുമുമ്പ് വിളവെടുപ്പിനുള്ള സാധ്യതയാണു പ്രകടമാകുന്നത്.
ഷാര്‍ജയുടെ പല ഭാഗങ്ങളിലും ഈത്തപ്പഴം പഴുത്തു പാകമായിട്ടുണ്ട്. പാതയോരങ്ങളിലും മറ്റു മുള്ള ഈന്തപ്പനകളില്‍ പഴുത്തു പാകമായി വരികയാണ്. പഴുത്തു നില്‍ക്കുന്ന ഈത്തപ്പഴം ഏറെ ആകര്‍ഷകമാണ്. രാജ്യത്തെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായതിനാല്‍ വിളവെടുപ്പിനായി കാത്തിരിക്കുകയാണ് ഈന്തപ്പന കര്‍ഷകരും മറ്റും. ഇക്കുറി വൈകിയാണ് ഈന്തപ്പനകള്‍ കായ്ച്ചു തുടങ്ങിയത്. ചൂടാരംഭിക്കാന്‍ വൈകിയതാണ് കാരണമെന്ന് പറയുന്നു. സാധാരണഗതിയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ വിളവെടുപ്പ് ആരംഭിക്കാറുണ്ട്. റമസാന്‍ ആകുമ്പോഴേക്കും വന്‍തോതില്‍ ഈത്തപ്പഴം വിപണിയിലെത്താറുമുണ്ട്. രാജ്യത്തുനിന്നു മാത്രമല്ല, ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സുലഭമായി എത്തിയിരുന്നു. അതുകൊണ്ട് തന്നെ റമസാനു മുമ്പ് നാട്ടില്‍പോകുന്നവരും മറ്റും ഈത്തപ്പഴവും കൊണ്ടുപോയിരുന്നു.
എന്നാല്‍ ഇത്തവണ റമസാനു രണ്ടാഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. വിളവെടുപ്പ് ഇനിയും ആരംഭിച്ചിട്ടില്ല. വ്യാപകമായി തുടങ്ങുമോയെന്ന പ്രതീക്ഷയുമില്ല. വിപണിയിലുള്ളവക്കാകട്ടെ തീ വിലയുമാണ്.
സുലഭമായിരുന്നുവെങ്കില്‍ കുറഞ്ഞ വിലക്കു ലഭിക്കുമായിരുന്നു. നാട്ടിലേക്കു യഥേഷ്ടം കൊണ്ടുപോകാനും സാധിക്കുമായിരുന്നു.
അതേസമയം, ഷാര്‍ജയിലെ അല്‍ ജുബൈല്‍ പച്ചക്കറിമാര്‍ക്കറ്റില്‍ ഈത്തപ്പഴ മാര്‍ക്കറ്റ് ഉണര്‍ന്നിട്ടുണ്ട്. ഈത്തപ്പഴം എത്തിയിട്ടില്ലെങ്കിലും വില്‍പനക്കുള്ള തയ്യാറെടുപ്പുകള്‍ വ്യാപാരികള്‍ ആരംഭിച്ചു. മാര്‍ക്കറ്റിനോട് ചേര്‍ന്ന് സ്റ്റാളുകളാണ് നിര്‍മിച്ചിട്ടുള്ളത്. നഗരസഭയുടെ അനുമതിയോടെയാണിത്. കഴിഞ്ഞ ഏതാനും വര്‍ഷമായി ഈത്തപ്പഴത്തിനായി പ്രത്യേക മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നു. രാജ്യത്തകത്തുനിന്നു മാത്രമല്ല, മറ്റിടങ്ങളില്‍ നിന്നുള്ള വിവിധ ഇനം ഈത്തപ്പഴവും മാര്‍ക്കറ്റില്‍ ലഭ്യമാകും.
സീസണ്‍ അവസാനിക്കും വരെയും തുടരുന്ന മാര്‍ക്കറ്റില്‍ ഇതര വിപണികളെ അപേക്ഷിച്ച് ഈത്തപ്പഴത്തിനു വില കുറവാണ്. അതു കൊണ്ടുതന്നെ സ്വദേശികളടക്കമുള്ള ഉപഭോക്താക്കള്‍ ഈ മാര്‍ക്കറ്റിനെ ആശ്രയിക്കുന്നു.
മലയാളികളാണ് വ്യാപാരികളിലേറെയും. സീസണ്‍ കഴിയുന്നതോടെ സ്റ്റാളുകള്‍ പൊളിച്ചുമാറ്റും. ഈത്തപ്പഴ വിളവെടുപ്പ് വൈകിയത് വ്യാപാരികളെ പ്രയാസത്തിലാക്കിയിട്ടുണ്ട്. ഈ കച്ചവടത്തെ മാത്രം ആശ്രയിക്കുന്ന വ്യാപാരികള്‍ നിരവധിയുണ്ട്. എങ്കിലും താമസിയാതെ ആരംഭിക്കാനാകുമെന്നത് അവര്‍ക്ക് ആശ്വാസം പകരുന്നു.