Connect with us

Ongoing News

രവി ശാസ്ത്രി താത്കാലിക പരിശീലകന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായി രവി ശാസ്ത്രിയെ ചുമതലപ്പെടുത്തി. ബി ആരുണ്‍ ബൗളിംഗ് കോച്ചും സഞ്ജയ് ബംഗാര്‍ ബാറ്റിംഗ് കോച്ചും ആര്‍ ശ്രീധര്‍ ഫീല്‍ഡിംഗ് കോച്ചുമായിരിക്കുമെന്ന് ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു. രവി ശാസ്ത്രിയുടെ നിയമനത്തെ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സ്വാഗതം ചെയ്തു. ഇന്ത്യയുടെ യുവനിരയെ മുന്നില്‍ നിന്ന് നയിക്കാന്‍ രവിശാസ്ത്രിക്ക് സാധിക്കുമെന്ന് കോഹ്‌ലി പറഞ്ഞു.
ആസ്‌ത്രേലിയന്‍ പര്യടനത്തിലും ഐ സി സി ഏകദിന ലോകകപ്പിലും ടീം ഇന്ത്യയുടെ ഡയറക്ടറായിരുന്നു രവിശാസ്ത്രി.
ഇന്ത്യക്കായി 80 ടെസ്റ്റുകളും 150 ഏകദിനങ്ങളും കളിച്ചു. 1983 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗം. ജഗ്‌മോഹന്‍ ഡാല്‍മിയ ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ ടീമിനുള്ളില്‍ അഴിച്ചുപണി ആരംഭിച്ചിരുന്നു. എന്‍ ശ്രീനിവാസന്റെ ആശീര്‍വാദത്തോടെ ടീം ഡയറക്ടര്‍ സ്ഥാനത്തെത്തിയ രവി ശാസ്ത്രിക്ക് ഡാല്‍മിയ യുഗത്തില്‍ സ്ഥാനനഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, പെട്ടെന്ന് ശാസ്ത്രിയെ മാറ്റേണ്ടതില്ലെന്ന തീരുമാനമാണ് ബോര്‍ഡ് കൈക്കൊണ്ടത്. താത്കാലിക പരിശീലകനായി ചുമതലപ്പെടുത്തിയെങ്കിലും ശാസ്ത്രിക്ക് ടീം ഇന്ത്യയില്‍ അധികം ആയുസ്സില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഉപദേശക സമിതിയില്‍ നിന്ന് ഒഴിവാക്കിയ രാഹുല്‍ദ്രാവിഡിന് പുതിയ റോളുണ്ടെന്നും അത് സമയമാകുമ്പോള്‍ പ്രഖ്യാപിക്കുമെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ദ്രാവിഡ് അടുത്ത കോച്ചായിരിക്കുമെന്ന അഭ്യൂഹം ശക്തമാണ്.

Latest