സര്‍ക്കാര്‍ ചെലവില്‍ അദാനിക്കൊരു തുറമുഖം

Posted on: June 3, 2015 5:57 am | Last updated: June 2, 2015 at 11:57 pm

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുന്നതിന് എല്‍ ഡി എഫ് പ്രതിജ്ഞാബദ്ധമാണ്. അതിന് ഉതകുന്ന സമീപനമാണ് എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സ്വീകരിച്ചത്. എന്നാല്‍ അതിന് തടസ്സം നില്‍ക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയത് യു ഡി എഫ് ആയിരുന്നു. വിഴിഞ്ഞം തുറമുഖം നാടിന്റെ സ്വത്താക്കി നിലനിര്‍ത്തുകയാണ് വേണ്ടത്. അല്ലാതെ വെട്ടിപ്പ് നടത്തി സര്‍ക്കാര്‍ പണം ഉപയോഗപ്പെടുത്തി ഏതെങ്കിലും കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കുന്ന നയത്തിനെതിരെയാണ് എല്‍ ഡി എഫിന് പ്രതിഷേധമുള്ളത്.
എല്‍ ഡി എഫ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖം നിര്‍മ്മാണം ലാന്‍ഡ് ലോഡ് മാതൃകയിലും തുറമുഖ പ്രവര്‍ത്തനം പി പി പി മാതൃകയിലും നടത്താനാണ് നിശ്ചയിച്ചത്. യു ഡി എഫ് സര്‍ക്കാര്‍ നിര്‍മാണവും പി പി പി മാതൃകയിലേക്ക് മാറ്റിയതോടെ കേരളത്തില്‍ പൊതുമേഖലയില്‍ വരുമായിരുന്ന തുറമുഖം സ്വകാര്യമേഖലക്ക് നല്‍കുകയാണ് ചെയ്യുന്നത്.
അതിലൂടെ സര്‍ക്കാറിന് സാമ്പത്തിക ബാധ്യത വരുകയും അതേ അവസരത്തില്‍ നാം പ്രതീക്ഷിക്കുന്ന തൊഴില്‍ സാധ്യത സര്‍ക്കാര്‍ മേഖലക്ക് ഇല്ലാതാവുകയും ചെയ്യുന്ന സ്ഥിതിയും ഉണ്ടാവാന്‍ പോവുകയാണ്.
2010ല്‍ തയ്യാറാക്കിയ തുറമുഖ പ്രവര്‍ത്തന കരാറില്‍ സംസ്ഥാന സര്‍ക്കാറിന് ലഭിക്കേണ്ട വരുമാനം വല്ലാര്‍പാടം പോലുള്ള സമീപ തുറമുഖങ്ങള്‍ക്ക് സമാനമാണ്. വല്ലാര്‍പാടം തുറമുഖ വരുമാനത്തിന്റെ 33.33 ശതമാനമാണ് റവന്യു ഷെയര്‍. യു ഡി എഫ് തയ്യാറാക്കിയിരിക്കുന്ന കരാര്‍ പ്രകാരം നാല് വര്‍ഷം തുറമുഖ നിര്‍മാണവും 15 വര്‍ഷം തുറമുഖ പ്രവര്‍ത്തനവും കഴിഞ്ഞ് 20-ാം വര്‍ഷം മുതല്‍ വരുമാനത്തിന്റെ ഒരു ശതമാനം ഒരു വര്‍ഷം എന്ന നിരക്കില്‍ ലഭിക്കുന്ന നിലയാണുണ്ടാകുക. അതുതന്നെ ഏറിവന്നാല്‍ 40 ശതമാനത്തോളമേ ഉണ്ടാകുകയുമുള്ളൂ.
2010 എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കിയ ടെന്റര്‍ രേഖപ്രകാരം കണ്‍സഷന്‍ പീരിഡായി 30 വര്‍ഷമാണ് നല്‍കിയിരുന്നത്. എന്നാല്‍ യു ഡി എഫ് തയ്യാറാക്കിയ കരാറിലൂടെ നല്‍കാന്‍ പോകുന്നത് 70 വര്‍ഷമാണ്. 2010 ലെ കരാര്‍ പ്രകാരം തുറമുഖത്തിനായി ഏറ്റെടുക്കുന്ന ഭൂമിയില്‍ തുറമുഖ പ്രവര്‍ത്തനത്തിന് ഉദ്ദേശിക്കുന്ന സ്ഥലം സര്‍ക്കാറിനോട് ആവശ്യപ്പെടുകയും സര്‍ക്കാര്‍ അത് പരിശോധിച്ച് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഇരുകൂട്ടരും തീരുമാനിക്കുന്ന ലീസ് തുക കൈപ്പറ്റുന്ന രീതിയുമാണ് അവലംബിച്ചത്.
എന്നാല്‍ യു ഡി എഫിന്റെ കരാര്‍ പ്രകാരം ഭൂമിയില്‍ നിന്നും 30 ശതമാനം തുറമുഖ ഓപ്പറേറ്റര്‍ക്ക് വിട്ടുനല്‍കുന്നതിനും അതിന്റെ മൂന്നിലൊന്ന് സ്ഥലത്ത് ഓപ്പറേറ്റര്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ്.
2007ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ടെന്റര്‍ ചെയ്തപ്പോള്‍ ഏറ്റവും സ്വീകാര്യമായ ടെന്റര്‍ പ്രകാരം 151 കോടി രൂപ സര്‍ക്കാറിലേക്ക് നല്‍കാമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ 60-70 വര്‍ഷക്കാലം പ്രവര്‍ത്തിപ്പിക്കുന്നതിനായി അദാനി പോര്‍ട്ടിന് നല്‍കേണ്ടത് 1,635 കോടി രൂപയാണ്. അദാനിക്ക് പോര്‍ട്ട് നിര്‍മാണത്തിനായി ചെലവഴിക്കേണ്ടി വരുന്നത് 2,454 കോടി രൂപയാണ്. അതായത് ആകെ പദ്ധതിയുടെ 32.6 ശതമാനം. സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ തുറമുഖമായി വിഴിഞ്ഞം പോര്‍ട്ട് മാറുന്ന സ്ഥിതിയാണ് ഉള്ളത്.
ഒരു കമ്പനിയും ടെന്റര്‍ സമര്‍പ്പിക്കുന്നില്ല എന്ന് പറഞ്ഞ ശേഷം അദാനിയുമായി മാത്രം സംസാരിച്ച് ഏപ്രില്‍ 24-ാം തീയതി 1635 കോടി രൂപ ആവശ്യപ്പെട്ട് ടെന്റര്‍ നല്‍കിയതിലും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ടെന്റര്‍ രേഖകള്‍ വാങ്ങിയ മറ്റ് കമ്പനികള്‍ എന്തുകൊണ്ട് മാറി എന്നതും അന്വേഷിക്കേണ്ടതാണ്.
മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ എല്‍ ഡി എഫിലെ ഘടകകക്ഷികള്‍ പങ്കെടുക്കും. എന്തുകൊണ്ടാണ് കരാര്‍ ഉണ്ടാക്കുന്നതിനു മുമ്പ് ഇത്തരം യോഗം വിളിക്കാതിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്.വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച വസ്തുതകള്‍ ഇതായിരിക്കെ എല്‍ ഡി എഫ് തുറമുഖത്തിന് എതിരാണെന്ന കള്ള പ്രചാരവേല ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.
(എല്‍ ഡി എഫ് കണ്‍വീനറാണ് ലേഖകന്‍)