വേണം, അല്‍പമെങ്കിലും പൗരബോധം

Posted on: June 2, 2015 8:50 pm | Last updated: June 2, 2015 at 8:50 pm
SHARE

kannaadiഉയര്‍ന്ന പൗരബോധം ഏത് നാടിനും അലങ്കാരമാണ്. നിയമ ലംഘനങ്ങള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിച്ചാലും ജനങ്ങളുടെ സഹകരണമില്ലെങ്കില്‍ നാട് അലങ്കോലമാകും. ആര്‍ക്കും എന്തുമാകാമെന്ന അവസ്ഥ വരും. ഓരോരുത്തരും സമീപനത്തെ സ്വയം പരിഷ്‌കരിക്കുകയും മാതൃകയാകുകയുമാണ് വേണ്ടത്. അല്‍പം വിട്ടുവീഴ്ചയോ സന്‍മനോഭാവമോ ഉണ്ടായാല്‍ മതി ഇത് പ്രാവര്‍ത്തികമാകാന്‍.
പൊതു സ്ഥലങ്ങളില്‍ മുറുക്കിത്തുപ്പുന്നതിനെതിരെയും സിഗരറ്റ് കുറ്റി വലിച്ചെറിയുന്നതിനെതിരെയും മദ്യപിച്ച് വീഴുന്നതിനെതിരെയും ശൗചാലയങ്ങളുടെ മതിലില്‍ ആത്മാവിഷ്‌കാരം നടത്തുന്നതിനെതിരെയും മറ്റും ഗള്‍ഫിലെ നഗരസഭകള്‍ നിരന്തരം ബോധവത്കരണം നടത്താറുണ്ട്. ചെറിയ കുറ്റമാണെങ്കിലും നാടിനെ നാണം കെടുത്താന്‍ ഇതൊക്കെ ധാരാളം. ഇത്തരം ദുഃശീലങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ മലയാളികള്‍ മുന്‍പന്തിയില്‍. ശൗചാലയങ്ങളിലെ സാഹിത്യം മിക്കതും മലയാളത്തില്‍.
ദുബൈ മെട്രോയില്‍ സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ പുരുഷന്‍മാര്‍ കയറിയാല്‍ നൂറു ദിര്‍ഹമാണ് പിഴ. എന്നിട്ടും ദിവസം നൂറോളം പേര്‍ക്ക് പിഴചുമത്തേണ്ടിവരുന്നുവെന്ന് ആര്‍ ടി എ. ബാല്‍കണിയില്‍ നാട്ടുകാര്‍ മുഴുവന്‍ കാണുന്ന തരത്തില്‍ വസ്ത്രങ്ങള്‍ കെട്ടിത്തൂക്കിയിടുന്നതും അനാവശ്യവസ്തുക്കള്‍ കൂമ്പാരമാക്കിവെക്കുന്നതും നഗരത്തിന്റെ മനോഹാരിതക്ക് ഭംഗം വരുത്തുന്നു. അബുദാബി, ഷാര്‍ജ നഗരസഭ ഇടക്കിടെ പരിശോധന നടത്തി പിഴ ചുമത്താറുണ്ട്. എന്നാലും നിയ ലംഘനങ്ങള്‍ക്ക് കുറവില്ല. ചിലര്‍, ബാല്‍കണിയില്‍ പാചകം ചെയ്ത് അപകടംവരുത്തിവെക്കുന്നു. കഴിഞ്ഞ വര്‍ഷം അല്‍ നഹ്ദയില്‍ ഒരു കെട്ടിടത്തിന് തീ പിടിച്ചത് ബാല്‍കണിയിലെ ബാര്‍ബക്യൂവില്‍ നിന്ന് തീ പടര്‍ന്നിട്ട്.
ഈയിടെ ദുബൈയിലെ ഒരു ഉദ്യാനത്തിലെ തീ പിടുത്തത്തിന് കാരണം, ഇത്തരമൊരു അശ്രദ്ധയാകാനാണ് സാധ്യത. പെട്രോള്‍ പമ്പിനു സമീപം പുകവലിക്കരുതെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പു നല്‍കുന്നു. നിയമം ലംഘിക്കുന്നവര്‍ ധാരാളം.
വാരാന്ത്യങ്ങളില്‍ കടലില്‍ കുളിക്കാന്‍ പോകുന്നവര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. പലരും ഉള്‍കടലിലേക്ക് നീന്തിപ്പോകും. ജുമൈറയിലെ പല ദുരന്തങ്ങള്‍ക്കും കാരണം മുന്നറിയിപ്പ് ലംഘിക്കുന്നതാണ്.
ദുബൈ ബസ് യാത്രക്കാരെ പലപ്പോഴും പരിശോധനക്ക് വിധേയമാക്കാറുണ്ട്. ഇരിപ്പിടത്തില്‍ കാല്‍കയറ്റിവെച്ചാലും ഭക്ഷണം കഴിച്ചാലും. ചിലര്‍, ‘നോള്‍കാര്‍ഡ്’ യഥാ സമയം പഞ്ച് ചെയ്യാന്‍ മറക്കും. 200 ദിര്‍ഹമാണ് പിഴ.
നാട്ടില്‍, മിക്ക ബസുകളുടെയും സീറ്റില്‍ പലരും ഇണയുടെയോ കൂട്ടുകാരുടെയോ പേര് എഴുതിവെക്കുകയോ ചിത്രം വരച്ചുവെക്കുകയോ ചെയ്യാറുണ്ട്. ആ ശീലം ഗള്‍ഫിലും തുടരുന്നത് ഏറെ അപകടകരം. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പോലീസ് പലവട്ടം മുന്നറിയിപ്പു നല്‍കിയതാണ്. ദുബൈയില്‍ 2014 ജനുവരി മുതല്‍ നവംബര്‍ വരെ 40,457 പേര്‍ക്കാണ് പിഴ വിധിച്ചത്. കുറഞ്ഞത് 200 ദിര്‍ഹം പിഴലഭിക്കും. നാല് കറുത്തപോയിന്റ് ലഭിക്കുന്നത് ഭാവിയില്‍ പ്രശ്‌നത്തിന് ഇടയാക്കും. അമിത വേഗത്തില്‍ വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് ഇടക്കിടെ പോലീസ് നടത്താറുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ 82 വാഹനങ്ങളാണ് പിടിയിലായത്.
വാഹനം ഓടിക്കുമ്പോള്‍ റേഡിയോ ചാനല്‍ മാറ്റുന്നത് പോലും ശ്രദ്ധ തെറ്റുന്നതിന് കാരണമാകുമെന്ന് ദുബൈ ട്രാഫിക് പോലീസ് ഡയറക്ടര്‍ കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി.
വാഹനം ഓടിക്കുന്നതിനിടയില്‍ സ്ത്രീകള്‍, കണ്ണെഴുതുകയും ലിപ്സ്റ്റിക്ക് പുരട്ടുന്നതും മറ്റൊരു ദുരന്തം.