Connect with us

National

പാക്കിസ്ഥാനെതിരെ ഇന്ത്യ രാജ്യാന്തര കോടതിയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: 1999ലെ കാര്‍ഗില്‍ യുദ്ധവേളയില്‍ ക്യാപ്റ്റന്‍ സൗരഭ് കാലിയ അടക്കമുള്ള ആറ് സൈനികരോട് കാണിച്ച ക്രൂരത ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുന്നത്. അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. കോടതി അനുവദിച്ചാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ക്യാപ്റ്റന്‍ സൗരഭ് കാലിയക്കും മറ്റ് അഞ്ച് പേര്‍ക്കും സംഭവിച്ചത് ഒരിക്കലും നീതീകരിക്കാവുന്നതല്ല. ജാട്ട് റജിമെന്റിലെ ഈ ജവാന്‍മാരോട് പാക് സൈനികര്‍ കാണിച്ച ക്രൂരത ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. ഇക്കാര്യങ്ങള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. പരസ്പരം കുറ്റപ്പെടുത്തി അന്താരാഷ്ട്ര കോടതിയെ സമീപിക്കില്ലെന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇപ്പോഴുള്ള ധാരണ. ഈ പശ്ചാത്തലത്തിലാണ് പരമോന്നത കോടതിയോട് അഭിപ്രായം തേടുന്നതെന്നും സുഷമ വിശദീകരിച്ചു. ഈ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സൈനികരുടെ കുടംബാംഗങ്ങളില്‍ നിന്നടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സുഷമാ സ്വരാജിന്റെ പ്രസ്താവന.
ക്യാപ്റ്റന്‍ സൗരഭ് കാലിയ, ശിപായ്മാരായ അര്‍ജുന്‍ റാം ബസ്‌വാന, മുലാ റാം ബിദിയാശര്‍, നരേഷ് സിംഗ് സിന്‍സിന്‍വാര്‍, ഭന്‍വാര്‍ ലാല്‍ ബഗാറിയ, ഭികാ റാം മുധ് എന്നിവരായിരുന്നു കാര്‍ഗില്‍ യുദ്ധത്തിലെ ആദ്യ ഇന്ത്യന്‍ നഷ്ടങ്ങള്‍. ഇവരെ ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷമാണ് വധിച്ചതെന്ന് പോസ്റ്റംമാര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. കണ്ണു ചൂഴ്‌ന്നെടുക്കുക തുടങ്ങിയ ക്രൂരതകള്‍ ജനീവ കണ്‍വെന്‍ഷന്റെ നഗ്നമായ ലംഘനമായിരുന്നു. എന്നാല്‍ ഇവര്‍ കൊല്ലപ്പെട്ടത് അതിശൈത്യത്തിലാണെന്നും ഇവരുടെ മൃതദേഹങ്ങള്‍ മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നുവെന്നും പാക്കിസ്ഥാന്‍ പറയുന്നു.

പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ നിബന്ധനകള്‍ക്ക് വിധേയമായി മാത്രം

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള സുഗമമായ ബന്ധം തുടരണമെങ്കില്‍ മൂന്ന് ഉറപ്പുകള്‍ അവരില്‍ നിന്ന് ലഭിക്കേണ്ടതുണ്ടെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കി. സമാധാനപരമായ ചര്‍ച്ചകള്‍ക്ക് ഇന്ത്യ ഒരുക്കമാണ്. അതിന് പാക്കിസ്ഥാന്‍ കൂടി സന്നദ്ധമാകണം. ചര്‍ച്ചകള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ്. മൂന്നാമതൊരു കക്ഷിയെ ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുവദിക്കില്ല. ആക്രമവും ഭീകര പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച് സൗഹാര്‍ദാന്തരീക്ഷം പാക്കിസ്ഥാന്‍ ഉണ്ടാക്കണം. എന്നിവയാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ സക്കീഉര്‍റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാട് സുവ്യക്തമാണ്. അതില്‍ യാതൊരുവിധ സംശയങ്ങളും സര്‍ക്കാറിനില്ല. ചര്‍ച്ചകള്‍ മുന്നേട്ട് പോകുന്നത് ഈ മൂന്ന് അടിസ്ഥാന കാര്യങ്ങളില്‍ ഊന്നിക്കൊണ്ടായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നു. ഇതേ തീരുമാനങ്ങള്‍ നേരത്തെ ഷിംല, ലാഹോര്‍ പ്രഖ്യാപനങ്ങളില്‍ ഉണ്ടായതാണ്. ഇതൊന്നും പുതതല്ല. പല തവണകളിലായി അവരോട് വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ സമീപ ഭാവിയില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള തീരുമാനങ്ങളൊന്നും ഇപ്പോള്‍ പരിഗണനയിലില്ലെന്നും അവര്‍ വ്യക്തമാക്കി.