കോഴിക്കോടിന് ഇനി പുതിയ മുഖശ്രീ; കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു

Posted on: June 1, 2015 8:53 pm | Last updated: June 1, 2015 at 8:53 pm

ksrtc terminal
കോഴിക്കോട്: കോഴിക്കോടിന് പുതിയ മുഖശ്രീ പകര്‍ന്ന് കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു. വാദ്യശബ്ദഘോഷങ്ങള്‍ ഉല്‍സവഛായ പകര്‍ന്ന അന്തരീക്ഷത്തിലാണ് ടെര്‍മിനല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

5.30 ഓടോ ഉദ്ഘാടന ചടങ്ങിനായി മുഖ്യമന്ത്രി എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ സദസ്സ് നിറഞ്ഞു കവിഞ്ഞിരുന്നു. കോഴിക്കോടിന്റെ മുഖമാണ് ഇനി കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇനിയും ഇവിടെ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മന്ത്രി ഡോ എം കെ മുനീര്‍ പുതിയ ബസ് സ്റ്റേഷനില്‍ നിന്നുള്ള ആദ്യസര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആരവങ്ങള്‍ക്കിടയില്‍ മലപ്പുറത്തേക്കുള്ള എസി ലോ ഫ്‌ളോര്‍ ബസാണ് ഇവിടെ നിന്ന് ആദ്യം ഓടി തുടങ്ങിയത്. എല്ലാ ദിവസവും രാവിലെ 5.30 ന് കോഴിക്കോട് ബസ് സ്റ്റേഷനില്‍ നിന്ന് എറണാംകുളത്തേക്ക് പുതിയ ലോ ഫ്‌ളോര്‍ സര്‍വീസ് ഇന്നു മുതല്‍ സര്‍വീസ് തുടങ്ങുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കെ എസ് ആര്‍ ടി സി ഭരണകാര്യാലയത്തിന്റെ താക്കോല്‍ദാനം എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു. സി മോയീന്‍കുട്ടി എം എല്‍ എ, വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ ആന്റണി ചാക്കോ, കെ എസ് ആര്‍ ടി സി ഡയറക്ടര്‍മാരായ വി എ കരീം, വി വി പ്രകാശ്, വി എ മജീദ്, സണ്ണി തോമസ്, കെ എ ഖാദര്‍, കെ സി അബു, ഉമര്‍ പാണ്ടികശാല, അഹമ്മദ് ദേവര്‍കോവില്‍ സംബന്ധിച്ചു. കെ ടി ഡി എഫ് സി മാനേജിംഗ് ഡയറക്ടര്‍ ഡോ ഉഷാദേവി ബാലകൃഷ്ണന്‍ സ്വാഗതവും കെ ടി ഡി എഫ് സി പ്രൊജക്ട് മാനേജര്‍ പി വേണുഗോപാല്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം സംഗീതവിരുന്നും അരങ്ങേറി.