Connect with us

Ongoing News

2002 ലോകകപ്പില്‍ കൊറിയക്ക് വേണ്ടി ഒത്തുകളിച്ചു

Published

|

Last Updated

മിലാന്‍: 2002 ലോകകപ്പില്‍ ആതിഥേയരായ ദക്ഷിണകൊറിയയെ സഹായിക്കാന്‍ ഫിഫ ഒത്തുകളിച്ചുവെന്ന് ഇറ്റാലിയന്‍ പത്രം കൊറിയറെ ഡെല്ലോ സ്‌പോര്‍ട് ആരോപിച്ചു. സ്‌പെയിന്‍-കൊറിയ മത്സരത്തെയും പത്രം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.
ഫിഫയുടെ അഴിമതിക്ക് വലിയ തെളിവുകളൊന്നും ആവശ്യമില്ലെന്ന മുഖവുരയോടെ റിപ്പോര്‍ട്ട് ആരംഭിക്കുന്ന പത്രം പതിമൂന്ന് വര്‍ഷം മുമ്പ് സംഭവിച്ച അട്ടിമറിയിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. പ്രീക്വാര്‍ട്ടറില്‍ 2-1ന് ഇറ്റലി തോല്‍ക്കുകയായിരുന്നു. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഇറ്റലിക്കെതിരായി പല തവണ റഫറിമാര്‍ വിസിലൂതി. ഇക്വഡോറിയന്‍ റഫറി ബൈരോന്‍ മോറെനോ ഇറ്റലിയുടെ സൂപ്പര്‍ താരം ഫ്രാന്‍സെസ്‌കോ ടോട്ടിക്ക് ചുവപ്പ് കാര്‍ഡ് കാണിച്ചതും വിവാദമായിരുന്നു.
ഇറ്റാലിയന്‍ മാധ്യമങ്ങള്‍ അന്നേറെ ചര്‍ച്ച ചെയ്തിരുന്നു ആ ചുവപ്പ് കാര്‍ഡ്. മാത്രമല്ല, ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ മത്സരത്തിന്റെ തത്‌സമയ കമെന്റേറ്ററായെത്തിയത് ആദ്യം ആശ്ചര്യപ്പെടുത്തിയെങ്കില്‍ പിന്നീട് വിവാദമായി. ഇറ്റലിയുടെ പുറത്താകല്‍ റഫറിയുടെയോ ലൈന്‍സ്മാന്റെയും കുഴപ്പം കൊണ്ടല്ലെന്നും പ്രതിരോധത്തിലും ആക്രമണത്തിലും സംഭവിച്ച പിഴവുകള്‍ കൊണ്ടാണെന്നും ബ്ലാറ്റര്‍ കമെന്ററി പറഞ്ഞു.
പതിനെട്ടാം മിനുട്ടില്‍ വിയേരിയുടെ ഗോളില്‍ മുന്നിലെത്തിയ ഇറ്റലി എണ്‍പത്തെട്ടാം മിനുട്ടില്‍ സമനില വഴങ്ങി. 117താം മിനുട്ടില്‍ ആന്‍ ജുന്‍ വാനിന്റെ ഗോളില്‍ ദക്ഷിണകൊറിയ ക്വാര്‍ട്ടറില്‍. ഇറ്റാലിയന്‍ ക്ലബ്ബ് പെറൂജിയയുടെ താരമായിരുന്നു അപ്പോള്‍ ആന്‍. ഈ വിവാദ മത്സരത്തോടെ ആനിന് മുന്നില്‍ ഇറ്റാലിയന്‍ ക്ലബ്ബ് വാതിലടച്ചു. സ്‌പെയിന്‍ – കൊറിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനിന്റെ ഗോള്‍ശ്രമങ്ങള്‍ ഓഫ് സൈഡില്‍ കുരുങ്ങിയത് വിവാദമായിരുന്നു. മത്സരം അധികസമയത്തും ഗോള്‍ രഹിതമായതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ടു. 5-3ന് കൊറിയ ജയിച്ചു. സെമിയില്‍ ജര്‍മനിയോട് ഏക ഗോളിന് തോറ്റ് കൊറിയ പുറത്തായി.

Latest