Kerala
ഐ എസ് ആര്‍ ഒ-സ്‌പേസ് ഷട്ടില്‍ പരീക്ഷണ പറക്കല്‍ ആഗസ്റ്റില്‍

തിരുവനന്തപുരം: ഐ എസ് ആര്‍ ഒയുടെ പുനരുപയോഗ സ്‌പേസ് ഷട്ടിലിന്റെ(ആര്‍ എല്‍ വി-ടി ഡി) പരീക്ഷണ വിക്ഷേപണം ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യ വാരമോ ഉണ്ടാകുമെന്ന് വി എസ് എസ് സി ഡയറക്ടര്‍ എം സി ദത്തന്‍. പരീക്ഷണം വിജയകരമായാല്‍ ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു നാഴികക്കല്ലാകും. ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് കുറക്കുകയെന്ന ലക്ഷ്യത്തോടെ പുനരുപയേഗിക്കാന്‍ കഴിയുന്ന വിക്ഷേപണ വാഹനം ഐ എസ്ആര്‍ ഒ തയാറാക്കിയത്. ഇതിന്റെ അവസാന മിനുക്കു പണികള്‍ നടന്നു വരികയാണെന്ന് ദത്തന്‍ പറഞ്ഞു. ഐ എസ് ആര്‍ ഒ യില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുപത് കിലോ മീറ്ററിന് മുകളില്‍ എത്തുന്ന സ്‌പേസ് ഷട്ടിലിനെ സുരക്ഷിതമായി കടലില്‍ ഇറക്കും. തുടര്‍ന്ന് വീണ്ടെടുക്കും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. അഞ്ച് വര്‍ഷത്തിനകം ഇത് സാധ്യമാക്കാനാകും. ചന്ദ്രനില്‍ ലാന്ററും റോവറും ഇറക്കിയുള്ള പരീക്ഷണങ്ങള്‍ക്കായുള്ള ചാന്ദ്രയാന്‍-രണ്ട് 2017 ല്‍ വിക്ഷേപിക്കും. ഇതിനായുള്ള ഓര്‍ബിറ്റര്‍, ലാന്റര്‍, റോവര്‍ എന്നിവ തദ്ദേശീയമായി തയ്യാറായി വരുന്നു. അടുത്ത ജൂലൈ 10 ന് പി എസ് എല്‍ വി-28 വിക്ഷേപിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണമാകുമിത്. മൂന്ന് വിദേശ ഉപഗ്രഹങ്ങളാകും വിക്ഷേപിക്കുക. തുടര്‍ന്ന് ആര്‍ എല്‍ വി-ടി ഡി വിക്ഷേപിക്കും. സ്‌പേസ് ഒബ്‌സര്‍വേറ്ററി എന്ന ലക്ഷ്യവുമായി ആസ്‌ട്രോസാറ്റുമായി പി എസ് എല്‍ വി സി-30 തുടര്‍ന്ന് കുതിക്കും. പൂര്‍ണ സജ്ജമായ ക്രയോ എഞ്ചിനോടു കൂടി ജി എസ് എല്‍ വി ഡി-ആറ് ആഗസ്റ്റില്‍ വിക്ഷേപിക്കണമെന്നാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാനം ഗതിനിര്‍ണയ സംവിധാനത്തിനുള്ള രണ്ട് ഐ ആര്‍ എന്‍ എസ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും.
കരുത്തുറ്റ വിക്ഷേപണ വാഹനമായ ജി എസ് എല്‍ വി മാര്‍ക്-3യുടെ പൂര്‍ണ വിക്ഷേപണം അടുത്ത വര്‍ഷം ആദ്യമുണ്ടാകുമെന്ന് ദത്തന്‍ പറഞ്ഞു.