International
യു എസില്‍ നിന്ന് ആന്ത്രാക്‌സ് വൈറസുകള്‍ അബദ്ധത്തില്‍ ദക്ഷിണ കൊറിയയിലെത്തി

വാഷിംഗ്ടണ്‍: മാരകമായ ആന്ത്രാക്‌സ് വൈറസുകള്‍ അമേരിക്കന്‍ സൈന്യം അബദ്ധത്തില്‍ ദക്ഷിണകൊറിയയിലേക്കും ഒമ്പത് യു എസ് സംസ്ഥാനങ്ങളിലെ ലബോറട്ടറികളിലേക്കും അയച്ചു. അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ഇവകളെ പൂര്‍ണമായും നിര്‍ജീവമാക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ടിരുന്നു. ആന്ത്രാക്‌സ് വൈറസുകള്‍ മൂലം പൊതുജനങ്ങള്‍ക്കോ മറ്റോ വൈറസ് ബാധയേറ്റതായി റിപ്പോര്‍ട്ടില്ലെന്ന് പെന്റഗണ്‍ അറിയിച്ചു. എന്നാല്‍ നാല് യു എസ് പൗരന്‍മാര്‍ക്കെതിരില്‍ മുന്‍കരുതല്‍ നടപടി സ്വകരിച്ചുവരുന്നതായും പെന്റഗണ്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ ദക്ഷിണ കൊറിയയിലെ യു എസ് സൈനിക കേന്ദ്രത്തിലുള്ള 22 വ്യക്തികളെയും മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇവരില്‍ ആര്‍ക്കെങ്കിലും വൈറസ് ബാധയേറ്റതായി വിവരമില്ലെന്ന് യു എസ് സൈനിക നേതൃത്വം അറിയിച്ചു. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളില്‍ നിന്ന് വെറും 60 കിലോമീറ്റര്‍ ദൂരം മാത്രമാണ് യു എസ് സൈനിക കേന്ദ്രത്തിലേക്കുള്ളതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും സൈനിക കേന്ദ്രം നിലനില്‍ക്കുന്ന പ്രദേശം ഉയര്‍ന്ന ജനസാന്ദ്രതയുള്ളതാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കക്കാരായ നാല് പേര്‍ക്ക് ചെറിയ തോതില്‍ വൈറസ് ബാധയേറ്റെന്ന് യു എസ് മെഡിക്കല്‍ വിഭാഗം വക്താവ് ജാസണ്‍ മക് ഡൊണാള്‍ഡ് പറഞ്ഞു. സംഭവത്തെ കുറിച്ച് ഇവര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആന്ത്രാക്‌സ് വൈറസുകളെ തപാലിലും മറ്റും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ചതിനെ തുടര്‍ന്ന് 2001ല്‍ അഞ്ച് അമേരിക്കക്കാര്‍ വൈറസ് ബാധയേറ്റ് മരിച്ചിരുന്നു.